17 July Wednesday

ഒരുമയുടെ ഓണമഹിമ

വെബ് ഡെസ്‌ക്‌Updated: Saturday Aug 21, 2021

"നരയുടെ മഞ്ഞുകൾ ചിന്നിയ ഞങ്ങടെ
തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പു
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊൻകിരണങ്ങൾ'
(ഓണപ്പാട്ടുകാർ–- വൈലോപ്പിള്ളി)

കാലം എത്ര പഴകിയാലും ചില സങ്കൽപ്പനങ്ങളുടെ പരാഗശോഭ മങ്ങില്ല. പ്രാക്തനമായ ഗോത്രമഹിമയുടെ പുരാവൃത്ത കൽപ്പനകളിൽനിന്ന്‌ ഐതിഹ്യമായും കെട്ടുകഥകളായും കൂടിക്കുഴഞ്ഞ ഓണസ്‌മൃതികൾക്ക്‌ വേഷപ്പകർച്ചയുണ്ടാകാം. എങ്കിലും, ആഘോഷം എന്നതിനപ്പുറം ലോകത്തെവിടെയുമുള്ള മലയാളിയെ അടയാളപ്പെടുത്തുന്ന, കേരളക്കരയുടെ മുദ്രചാർത്തുന്ന ദേശപ്പെരുമയായി ഓണം മാറിയത്, ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും അഗാധതയിൽ അലിവുണർത്തുന്ന ആനന്ദമായി സ്‌പന്ദിക്കുന്നതുകൊണ്ടാകാം.
ഓണം ഒരുമയുടേതാണ്‌, സമഭാവനയുടെയും സമത്വത്തിന്റെയും പങ്കുവയ്‌ക്കലാണത്‌. ജാതി–-മത ഭേദചിന്തയില്ലാതെ, സമൂഹം ഒന്നാകെ, മാനുഷരെല്ലാം ഒന്നുപോലെയെന്നു വിശ്വസിച്ച, വിശ്വമാനവ സങ്കൽപ്പത്തിന്റെ പൂക്കളമിട്ട മണ്ണാണിത്‌. എന്നാൽ, ‘എള്ളോളമില്ല പൊളിവചന’മെന്ന തങ്കത്തിളക്കമുള്ള വായ്‌ത്താരിയിൽനിന്ന്‌ ഇന്നത്തെ സത്യാനന്തരകാലത്തേക്കുള്ള ദൂരം ഭയചകിതമാണ്‌.

എന്തിനെയും ആചാരബദ്ധമാക്കി, അനുഷ്‌ഠാനക്കുട ചൂടിച്ച്‌, അയൽക്കാരനെ അപരനും സഹോദരനെ അന്യനുമാക്കുന്ന വർഗീയകുടിലതയെ, ചതിക്കുഴികളെ, കരുതിയിരിക്കണം. മാവേലിയെ ചവിട്ടിത്താഴ്‌ത്തിയ പഴങ്കഥ, ചരിത്രത്തിന്റെ ഏതോ സരണികളിൽ, ചില അടരുകളിൽ ഒളിഞ്ഞിരിപ്പുണ്ടാകാം.

കൃഷി ജീവിതോപാധിയായിരുന്ന കാലത്തിന്റെ ചൈതന്യവത്തായ വീണ്ടെടുപ്പാകണം ഇത്തരം സന്ദർഭങ്ങൾ. കേവലമായ ഭൂതകാല ഗൃഹാതുരതയുടെ ആർഭാടവും കെട്ടുകാഴ്‌ചയുമായി ഇടയ്‌ക്കെപ്പോഴോ ഓണവും ആണ്ടറുതികളും മാറിയിരുന്നു. അരിതൊട്ട്‌ പൂവിനുവരെ അയൽസംസ്ഥാനങ്ങളെ ആശ്രയിച്ച്‌, വിപണിയുടെയും വിറ്റഴിക്കലിന്റെയും ലാഭത്തിന്റെയും ചന്തപ്പുരയാക്കി, ഓണമഹിമയെ, അതിന്റെ അന്തസ്സാരത്തെ, നമ്മൾ പടിപ്പുറത്തുനിർത്തിയതായിരുന്നു.
എന്നാൽ, ഭാവികേരളത്തിന്റെ വികസന സങ്കൽപ്പങ്ങളിൽ, സുവ്യക്തമായ ദിശാസൂചനയും മാർഗരേഖയുമുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ദത്തശ്രദ്ധയും കരുതലുമാണ്‌ വിനാശകരമായ പിൻമടക്കങ്ങളിൽനിന്ന്‌ കേരളത്തെ രക്ഷിച്ചത്‌. ഇച്ഛാശക്തിയുള്ള ഇടപെടലിൽ തരിശിടങ്ങൾപോലും കൃഷിക്ക്‌ ഉപയുക്തമായി. അധ്വാനത്തിന്‌ ന്യായവില ഉറപ്പാക്കിയും കാലവിളംബമില്ലാതെ വിതരണം ചെയ്‌തും കൃഷിക്കാരന്റെ അഭിമാനവും അന്തസ്സും ഉയർത്തിക്കെട്ടി. ചെറുപ്പക്കാരായ അഭ്യസ്‌തവിദ്യരെയും കൃഷിവഴിയിലേക്ക്‌ കൈപിടിച്ചാനയിക്കാനായി.

കോവിഡ്‌ മഹാമാരിയുടെ ഭീതിയൊഴിയാത്ത അന്തരീക്ഷത്തിലാണ്‌ ഇക്കുറിയും ഓണം. ആഹ്ലാദങ്ങൾക്കിടയിൽ ആ ജാഗ്രത കൈവിടരുത്‌. ഉത്സവ തുറസുകളെ, കളിചിരികളെ തൽക്കാലം മറക്കാം. അതിരുവിട്ട കൂട്ടംകൂടലും കൂടിച്ചേരലും വിപദ് തരംഗങ്ങൾ ഉളവാക്കുമെന്ന്‌ വിസ്‌മരിക്കരുത്‌. പൊലീസും അധികൃതരും നിശ്‌ചയിക്കുന്ന കരുതലിന്‌ വിധേയരായിവേണം ഓണം കൊണ്ടാടാൻ. നിയമാനുസൃതമായ കോവിഡ്‌മാനദണ്ഡം ഉറപ്പാക്കാൻ, മറ്റൊരാളല്ല, നാംതന്നെയാണ്‌ ബാധ്യസ്ഥരെന്ന്‌ ഓർമിക്കണം. അങ്ങനെ, മാസ്‌കിനടിയിലും ഹൃദയത്തിൽ മറ്റൊരാൾക്കായി വിരിയുന്ന നന്മയുടെ പുഞ്ചിരി കണ്ണിൽ തെളിയണം.
കോവിഡ്‌ പരിമിതിയിലും എൽഡിഎഫ്‌ സർക്കാർ ഓണം സമൃദ്ധമാക്കാനുള്ള എല്ലാ മുന്നൊരുക്കവും കൃത്യതയോടെ നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ യഥാസമയം അർഹതപ്പെട്ടവരുടെ കൈയിലെത്തി. റേഷൻകട വഴി അരിയുൾപ്പെടെ സൗജന്യ പലവ്യഞ്ജനക്കിറ്റുകൾ എല്ലാവർക്കും തന്നു. സഹകരണ സംഘങ്ങളും കൺസ്യൂമർഫെഡും ഉൾപ്പെടെ നാടുനീളെ ഓണച്ചന്തയൊരുക്കി വിലക്കയറ്റമില്ലാത്ത ഓണം സാധ്യമാക്കി. എൽഡിഎഫ്‌ സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ‘മാവേലിക്കാല’ത്തെ ഓർമിപ്പിക്കുന്നുവെന്ന്‌ പറഞ്ഞാൽ അതിശയോക്തിയല്ല. ഇതിൽ കൂടുതൽ എങ്ങനെയാണ്‌ ഒരു സർക്കാർ

ജനതയെ ചേർത്തുപിടിക്കുക? കരുതലും കാവലാളുമാകുക?
കോവിഡ്‌ രോഗഭീതി വരുത്തിയ വിപണിമാന്ദ്യവും ടൂറിസം മേഖലയിൽ സഞ്ചാരികളുടെ അഭാവവും നമ്മുടെ സമ്പദ്‌രംഗത്തെ കാര്യമായി ബാധിക്കുമെന്നുറപ്പ്‌. പൂവും ചിരട്ടത്തവിയും കൈത്തറിയും കയറുൽപ്പന്നങ്ങളുംമുതൽ നാട്ടുരുചി വിഭവങ്ങളും കറിക്കൂട്ടുകളും വാഴയിലയുംവരെ കയറ്റിയയക്കേണ്ട സന്ദർഭമാണ്‌. അടച്ചിടലിന്റെ മുറിവുണങ്ങാൻ എത്ര കാലം എന്നറിയില്ല. എങ്കിലും അതിജീവനത്തിന്റെ ദുർഘട പാതയിൽ സംസ്ഥാന സർക്കാരിനോടൊപ്പം കൈകോർക്കാനുള്ള സന്നദ്ധതയാകട്ടെ ഈ വർഷത്തെ ഓണാശംസ.
മതരാഷ്‌ട്ര സ്ഥാപനമെന്ന വെറിയുടെ നൃശംസതയും കരാളതയും കാട്ടിത്തന്ന്‌, താലിബാൻ പിടിയിലമർന്ന അഫ്‌ഗാനിസ്ഥാൻ തൊട്ടയൽപക്കത്ത്‌ ഭീതി വിതയ്‌ക്കുന്നുണ്ട്‌. ലോകക്രമംതന്നെ നാളെ എങ്ങനെ മാറിമറയുമെന്ന കാര്യത്തിൽ ആശങ്കപ്പെടാനല്ലാതെ നിർവാഹമില്ല. ഈ ആസുരതയ്‌ക്കിടയിലും ചിങ്ങനിലാവിന്റെയും ഓണവെയിലിന്റെയും ആമോദം ഉള്ളിൽ തുടികൊട്ടട്ടെ. തെച്ചിയും തുമ്പയും മുക്കുറ്റിയും മന്ദാരവും മണക്കുന്ന പൂത്തുമ്പികളുടെ ചിറകൊച്ചയിൽ ഓണം സുരഭിലമാകട്ടെ. വഴിവക്കിലെങ്ങോ ഒരു കണ്ണാന്തളി, ചിരിതൂകാൻ ശേഷിക്കുന്നുണ്ട്‌.

വായനക്കാർക്ക്‌ ‘ദേശാഭിമാനി’യുടെ
സ്‌നേഹനിർഭരമായ ഓണാശംസ.

നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയിൽ
ചെറുചിരി വിടർത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
(എൻ എൻ കക്കാട്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top