Deshabhimani

അൽത്താഫാണ്‌ കോടിപതി ; കേരള ഓണം ബമ്പർ പാണ്ഡ്യപുര സ്വദേശിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:15 AM | 0 min read


കൽപ്പറ്റ
ബത്തേരിയിൽ വിറ്റ തിരുവോണം ബമ്പറിന്റെ ഉടമ കർണാടക പാണ്ഡവപുര സ്വദേശി അൽത്താഫ്‌. ഒരുമാസം മുമ്പ്‌ വയനാട്ടിലെത്തി ബത്തേരിയിലെ എൻജിആർ ലോട്ടറിയിൽനിന്നെടുത്ത ടിക്കറ്റിനാണ്‌ 25 കോടി രൂപ ഒന്നാം സമ്മാനം. ബൈക്ക്‌ മെക്കാനിക്കായ അൽത്താഫ് 15 വർഷമായി സ്ഥിരമായി ഭാഗ്യാന്വേഷിയാണ്‌. ലോട്ടറിയെടുക്കാൻ മാത്രമായി പലതവണ വയനാട്ടിലെത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി ലോട്ടറിയെടുത്ത്‌ മടങ്ങുകയാണ്‌ പതിവ്‌. ഒടുവിൽ മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയിലെടുത്ത ഫാൻസി നമ്പർ ടി ജി 434222 ബമ്പറായി.  മടുക്കാതെ ഭാഗ്യമന്വേഷിച്ചിട്ടും ഒരുതവണപോലും ലോട്ടറി അൽത്താഫിനെ തുണച്ചിരുന്നില്ല.  പതിനഞ്ച്‌ വർഷത്തിനിടെ ആദ്യമായി അടിച്ചത്‌ 25 കോടിയുടെ ബമ്പർ.  

വ്യാഴം രാവിലെയാണ്‌ കോടിപതിയാരെന്ന ആകാംക്ഷയ്‌ക്ക്‌ ഉത്തരമായത്‌. കർണാടക സ്വദേശി തന്നെയായ നാഗരാജുവിന്റെ കടയിൽനിന്നെടുത്ത ടിക്കറ്റിനാണ്‌ സമ്മാനം. നാഗരാജുവിന്റെ കടയിൽനിന്ന്‌ വിൻ–--വിൻ ലോട്ടറിയിലൂടെ ജൂലൈയിൽ 75 ലക്ഷം ഒന്നാം സമ്മാനം നേടിയതും കർണാടക സ്വദേശിയായിരുന്നു. കർണാടകത്തിൽ നിന്നുള്ളവർ അതിർത്തി പ്രദേശമായ ബത്തേരിയിലെത്തി വ്യാപകമായി ലോട്ടറി എടുക്കാറുണ്ട്‌.  സുഹൃത്തുക്കളോടൊപ്പം  വ്യാഴം വൈകിട്ട്‌ നാലിന്‌ കൽപ്പറ്റയിലെത്തി അൽത്താഫ് എസ്‌ബിഐയുടെ ലോക്കറിൽ ടിക്കറ്റ്‌ സൂക്ഷിക്കാൻ കൈമാറി. അവധി ദിവസങ്ങൾക്കുശേഷം ലോട്ടറി വകുപ്പിന്‌ കൈമാറും. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌. 

‘‘വാടകവീട്ടിൽനിന്ന്‌ മാറി വീടുവയ്‌ക്കണം,  മക്കളുടെ ഭാവി സുരക്ഷിതമാക്കണം.  ഭാഗ്യമന്വേഷിച്ച്‌ കേരളത്തിൽ വന്നുപോയത്‌ വെറുതെയായില്ല. വയനാട്ടിൽ ഒരുപാട്‌ സ്‌നേഹിതരുണ്ട്‌. സ്‌നേഹംമാത്രം തന്ന നാടിപ്പോൾ കോടീശ്വരനാക്കി.’’–- അൽത്താഫ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home