25 March Saturday

ഇതെന്തു പ്രതിപക്ഷം?

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


ഭരണപക്ഷത്തിന്റെ നേരിയ വീഴ്ചകൾക്കും കുറവുകൾക്കുംപോലും പരിഹാരം കണ്ടെത്തുന്ന ഉപകരണങ്ങളായാണ്  ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ മാറേണ്ടത്. ദൗർഭാഗ്യവശാൽ കേരളത്തിൽ അങ്ങനെ ക്രിയാത്മകമായി ഇടപെടുന്ന പ്രതിപക്ഷത്തെ ഇന്ന് കാണാനില്ല. നശീകരണസ്വഭാവത്തോടെ ശാപംചൊരിഞ്ഞ‌് നടക്കുകയും സർക്കാർചെയ്യുന്ന എന്തിനെയും എതിർക്കുകയും ചെയ്യുന്ന രീതിയാണ്  യുഡിഎഫ് പിന്തുടരുന്നത്. അക്കാര്യത്തിൽ അവർക്ക‌് ബിജെപിയിൽനിന്ന് അണുവിട വ്യത്യാസമില്ല. 

കഴിഞ്ഞ ദിവസം  കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ നിയമസഭ പാസാക്കിയ വേളയിൽ പ്രതിപക്ഷം കാട്ടിയ പേക്കൂത്ത് ജനാധിപത്യത്തിന്റെ ഒരു മര്യാദയ്ക്കും  മാനദണ്ഡത്തിനും നിരക്കുന്നതല്ല. ഭേദഗതി ബിൽ സഭയ്ക്ക് മുന്നിൽവച്ച്, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞത് ഇങ്ങനെയാണ്: '2008ൽ എൽഡിഎഫ്  സർക്കാരാണ്  നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ കൊണ്ടുവന്നത്.  

ഈ  നിയമത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.  2008നുമുമ്പ് നികത്തിയ നിലങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ക്രമവൽക്കരിച്ചു നൽകും. നിലംനികത്തിയ ആറ്‌ സെന്റിൽ വീടുവയ്ക്കാനും നാലുസെന്റിൽ കച്ചവടങ്ങൾ തുടങ്ങാനും തടസ്സമുണ്ടാകില്ല. എന്നാൽ, 50 സെന്റിനു മുകളിൽ നികത്തപ്പെട്ട ഭൂമിക്ക് ഫീസ് അടച്ചാൽ അത് ക്രമവൽക്കരിച്ചുനൽകും.’ പതിറ്റാണ്ടുമുമ്പ‌് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൊണ്ടുവന്ന നിയമം കാലോചിതമായി, ജനങ്ങളുടെയും നാടിന്റെയാകെയും താല്പര്യം മുൻനിർത്തി പരിഷ്കരിക്കുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെട്ടത്.

തരിശുഭൂമി ഉടമയുടെ സമ്മതത്തോടെ ഏറ്റെടുത്ത് കൃഷിയിറക്കുക,  കൃഷിയെ സഹായിക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ട‌് രൂപീകരിക്കുക, 2008നുമുമ്പ് നികത്തിയ അഞ്ച്, പത്ത് സെന്റ് ഭൂമിയിൽ വീടുവയ്ക്കുന്നതിനുള്ള തടസ്സം നീക്കുക, പത്ത് സെന്റിനുമുകളിലുള്ള ഭൂമി ഒരിക്കലും നെൽക്കൃഷി ചെയ്യാനാകാത്തതാണെങ്കിൽ ഫീസ് ഈടാക്കി ഉപയോഗപ്പെടുത്താൻ അനുമതി നൽകുക, അതിനൊപ്പം ഇങ്ങനെ ലഭിക്കുന്ന പണം  കൃഷിയുടെ പുരോഗതിക്കായി ഉപയോഗിക്കുക. ഇത്തരം നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. നെൽവയലുകളുടെ സംരക്ഷണം, തരിശുഭൂമിയെ കൃഷിയോഗ്യമാക്കൽ,  സർക്കാർ നടപ്പാക്കുന്നതും പൊതു ആവശ്യത്തിനുള്ളതുമായ പദ്ധതികൾക്ക് ഭൂമി ലഭിക്കുന്നതിലെ തടസ്സംനീക്കൽ എന്നിവയാണ് ഭേദഗതിയുടെ കാതൽ. 

ഭരണത്തിന്റെ അവസാന നാളുകളിൽ ഉമ്മൻചാണ്ടി  സർക്കാർ എടുത്ത കടുംവെട്ട‌് തീരുമാനങ്ങളിൽ വലിയ പങ്ക് നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും ഇല്ലാതാക്കുന്നതും പരിസ്ഥിതിനാശം വരുത്തുന്നതുമായിരുന്നു.  കോട്ടയം മൊത്രാൻ കായൽ പാടശേഖരത്തിൽ  ടൂറിസംപദ്ധതിക്ക് അനുമതി നൽകിയതും  എറണാകുളം  കടമക്കുടിയിൽ 47 ഏക്കർ നെൽപ്പാടം  നികത്താനും  കോട്ടയം വൈക്കത്ത് ചെമ്പ് വില്ലേജിൽ സ്മാർട്ട് ടൗൺഷിപ‌് എന്ന പേരിൽ 150 ഏക്കർ വയൽ നികത്താനും  അനുമതി നൽകിയത് കഴിഞ്ഞ ദിവസം ബിൽ കീറിയെറിഞ്ഞ പ്രതിപക്ഷമാണ്.  വിവാദ സ്വാമി സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നൽകിയത് മറ്റാരുമല്ല. പുത്തൻവേലിക്കരയിലെ 95.44 ഏക്കറും  മാളയിലെ 32.41 ഏക്കറും പാടം നികത്താൻ അനുവാദം നടത്തിയത് ആരാണെന്ന‌് അന്നത്തെ മന്ത്രിയായിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവിന് അറിയില്ലെങ്കിൽ ഓർമക്കുറവിനുള്ള ചികിത്സയാണാവശ്യം.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷം  രണ്ടു വർഷംകൊണ്ട്  23,579 ഹെക്ടർ സ്ഥലത്താണ‌് അധികമായി കൃഷി ഇറക്കിയത്. യുഡിഎഫിന്റെ അവസാനകാലമായ 2015‐16ൽ സംസ്ഥാനത്ത് 1,96,870 ഹെക്ടർ സ്ഥലത്തായിരുന്നു നെൽക്കൃഷി. ഇപ്പോൾ അത്  2,20,449 ഹെക്ടറിലേക്ക‌് വ്യാപിച്ചു. 2008ൽ  കേരളത്തിൽ 2,29,000 ഹെക്ടർ ആയിരുന്ന കൃഷി യുഡിഎഫാണ് പുറകോട്ടടിപ്പിച്ചത്.

ആറന്മുള വിമാനത്താവളപദ്ധതിക്കായി നികത്തിയ ഭൂമിയിലും കുമരകം മെത്രാൻ കായലിലും ആവളിപ്പാണ്ടി, നാലുമണിക്കാറ്റ്, റാണിചിത്തിര കായൽ, മാളയിലെ വിവാദസ്വാമിയു‌ടെ ഭൂമി തുടങ്ങിയ ഇടങ്ങളിലും കൃഷി ഇറക്കുകയും മികച്ച നേട്ടം കൊയ്യുകയും ചെയ്തത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണ്.  രണ്ട‌ു വർഷത്തിനിടയിൽ നാലു ലക്ഷം മെട്രിക് ടൺ പച്ചക്കറി അധികമായി ഉൽപ്പാദിപ്പിച്ചതും 16,820 ഹെക്ടറിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചതും യുഡിഎഫ് കണ്ടില്ലെങ്കിലും ഇന്നാട്ടിലെ ജനങ്ങൾ കാണുന്നുണ്ട്. കൃഷി ജനകീയമുന്നേറ്റമായാണ് ഈ സർക്കാർ മാറ്റിയത്. ഹരിത കേരളമാണ്, കേരളത്തിന്റെ ഹരിതാഭയാണ് സംരക്ഷിക്കപ്പെടുന്നത്. അതോടൊപ്പംതന്നെ സംസ്ഥാനത്തിന്റെ പുരോഗതിയാണ് ഉറപ്പാക്കുന്നത്.

അനന്തമായി കൃഷി ചെയ്യാതെ ഭൂമിയെ നശിപ്പിക്കലല്ല, നാടിനുവേണ്ടി ഉപയുക്തമാക്കലാണ് നയം എന്ന് സർക്കാർ പറയുമ്പോൾ റിയൽ എസ്റ്റേറ്റ് മനസ്സുള്ള പ്രതിപക്ഷത്തിന് അതിൽ കച്ചവടം കാണാൻ തോന്നുന്നതിൽ അസ്വാഭാവികതയില്ല. പക്ഷേ, ജനങ്ങളുടെ മനസ്സ് അതല്ല. ജനങ്ങളും സ്വന്തം അനുഭവത്തിലൂടെയാണ് സർക്കാരിനെ വിലയിരുത്തുന്നത്. അതുകൊണ്ടാണ് ബിൽ കീറിയെറിഞ്ഞ‌് പുറത്തിറങ്ങിയതും  ഭരണപക്ഷത്ത‌് ഭിന്നത കുത്തിപ്പൊക്കാൻ നോക്കിയതുമല്ലാതെ കാമ്പുള്ള ഒരു വിമർശംപോലും പ്രതിപക്ഷത്തിന് ഉയർത്താൻ കഴിയാതെപോയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top