30 March Thursday

ഡോ. കഫീൽ ഖാൻ ഒരു പ്രതീകം

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021


ജനാധിപത്യമൂല്യങ്ങളും സ്വതന്ത്ര ചിന്തയും പൗരാവകാശങ്ങളും സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നാണ്‌ ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്‌. സ്വന്തം രാജ്യത്ത്‌ വിയോജിപ്പിന്റെ സ്വരംപോലും അടിച്ചമർത്തുന്ന ഭരണാധികാരിക്ക് എങ്ങനെ ഇത്ര നിരുത്തരവാദപരമായി സംസാരിക്കാനാകുന്നു എന്നതിൽ അത്‌ കേട്ട പല അന്താരാഷ്ട്ര നിരീക്ഷകരും അത്ഭുതപ്പെട്ടു. അടിച്ചേൽപ്പിക്കുന്ന ആർഎസ്എസ് അജൻഡ തുറന്നുകാണിക്കുന്നവർക്കെതിരെ കഴിഞ്ഞ ആറു വർഷത്തിലേറെയായി നിരന്തരം രാജ്യദ്രോഹ കേസുകളാണ്‌ ചുമത്തുന്നത്‌. സത്യസന്ധരായ ന്യായാധിപന്മാരും ഉന്നത പൊലീസ്‌ മേധാവികളും അഭിഭാഷകരും മനുഷ്യാവകാശ പോരാളികളും മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടർമാരും അഴികൾക്കുള്ളിലാണ്‌. ചിലർക്ക്‌ ജീവൻതന്നെ നഷ്ടമായി. സിബിഐ പ്രത്യേക കോടതി ന്യായാധിപൻ ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയും കത്തോലിക്കാ പുരോഹിതനും ഗോത്രമേഖലയിലെ ജീവകാരുണ്യവാദിയുമായ സ്റ്റാൻ സ്വാമിയും ഐഎഎസ്‌ ഉദ്യോഗസ്ഥൻ സഞ്‌ജീവ്‌ ഭട്ടും വിപ്ലവകവി വരവര റാവുവും മറ്റും ഉദാഹരണം. അതിലെ അവസാനത്തെ ഇരയാകാനിടയില്ല ഉത്തർപ്രദേശിലെ പ്രശസ്‌ത ശിശുരോഗ വിദഗ്‌ധൻ ഡോ. കഫീൽ ഖാൻ.

ഗൊരഖ്‌പുർ ബാബാ രാഘവ്‌ ദാസ്‌ (ബിആർഡി) മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ 63 നവജാത ശിശുക്കൾ മരിച്ചതിൽ കുറ്റക്കാരനെന്ന്‌ ആരോപിച്ച്‌ ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ്‌ സർക്കാർ വ്യാഴാഴ്‌ച സർവീസിൽനിന്ന്‌ പിരിച്ചുവിട്ടിരിക്കയാണ്‌. 2017 ആഗസ്‌തിലുണ്ടായ സംഭവത്തെതുടർന്ന്‌ സസ്‌പെൻഷൻ നേരിട്ടുവരികയായിരുന്നു അദ്ദേഹം. സർക്കാർ യഥാസമയം പണം നൽകാതിരുന്നതാണ്‌ ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതെന്ന്‌ കഫീൽ ഖാനും സഹ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാണിച്ചു. ആ വസ്‌തുത യോഗി ആദിത്യനാഥ്‌ സർക്കാരിന്‌ കനത്ത ആഘാതമായി. സസ്‌പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരുന്നതിനിടെയാണ് ഇപ്പോഴത്തെ കടുത്ത നടപടി. ഉത്തരവ് ലഭിച്ചശേഷം നിയമപരമായി നേരിടുമെന്ന് കഫീൽ ഖാൻ പ്രതികരിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. തന്നെ പെട്ടെന്ന്‌ പുറത്താക്കിയതിന്റെ കാരണം അറിയില്ല. കുട്ടികളുടെ മരണത്തിന് ഉത്തരവാദി ഉത്തർപ്രദേശ്‌ സർക്കാരാണ്. യഥാർഥ കുറ്റക്കാരനായ ആരോഗ്യമന്ത്രി സ്വതന്ത്രനായി വിഹരിക്കുമ്പോഴാണ് തനിക്കെതിരായ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു.

പുറത്തുനിന്ന് സ്വന്തം ചെലവിൽ കഫീൽ ഖാൻ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ചതിനു പിന്നാലെയാണ് വേട്ടയാടൽ തുടങ്ങിയത്. യോഗി സർക്കാർ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത്‌ മാസങ്ങളോളം ജയിലിലടച്ചു. എട്ടു മാസത്തിനുശേഷം 2018 ഏപ്രിൽ 25ന് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ അതിനിടെ സസ്പെൻഡ് ചെയ്‌തു. ദുരാരോപണങ്ങൾ നിരത്തി സർക്കാർ വീണ്ടും പലവിധ വേട്ടയാടൽ തുടർന്നു.

യോഗിയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബിആർഡി മെഡിക്കൽ കോളേജ്. സമീപ ജില്ലകളിലെയും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെയും നേപ്പാളിലെയും ജനങ്ങൾ ആശ്രയിക്കുന്നതാണ്‌ അത്‌. പ്രത്യേക വാർഡിലെ കുരുന്നുകൾക്ക്‌ ഓക്സിജനില്ലാതെ ജീവൻ നിലനിർത്താനാകില്ല. എന്നിട്ടും കരാറുകാർ സിലിണ്ടറുകൾക്കുള്ള കുടിശ്ശിക തീർത്ത് കിട്ടിയില്ലെന്നതിനാൽ വിതരണം നിർത്തി. കൂട്ടമരണം ഒഴിവാക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നെന്ന് കഫീൽ ഖാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലും വിവിധ കോടതികളിലും മാധ്യമങ്ങളോടും തെളിവുകൾ നിരത്തി വ്യക്തമാക്കി. ഒടുവിൽ അദ്ദേഹത്തിനുനേരെ അന്വേഷണം തിരിയുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയുമായിരുന്നു. സസ്‌പെൻഷനു പിന്നാലെ മനഃപൂർവമല്ലാത്ത നരഹത്യ, ജോലിയിലെ ഗുരുതര വീഴ്‌ച, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അലിഗഢിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം മറയാക്കി കഫീൽ ഖാനെ അറസ്റ്റ്‌ ചെയ്‌ത്‌ ദേശസുരക്ഷാ നിയമപ്രകാരം ജയിലിലടച്ചു.

എട്ടു മാസത്തിനുശേഷം ഹൈക്കോടതിയാണ്‌ കുറ്റവിമുക്തനാക്കിയത്‌. അങ്ങനെ മനുഷ്യസ്‌നേഹിയായ ഒരു ഭിഷഗ്വരൻ മുസ്ലിംപേരുകാരനായതിനാൽ അകാരണമായി ജയിലിലായി. ഒടുവിലിതാ ജോലിയിൽനിന്ന്‌ പിരിച്ചുവിടുകയും ചെയ്‌തിരിക്കുന്നു. ഇത്‌ മോദിയുടെ കാലത്തെ യോഗിയുടെ കാട്ടുനീതിയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top