13 September Friday
സമകാലികം - വി ബി പരമേശ്വരൻ

മോദിയും യോഗിയും ഭോലെ ബാബമാരും - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Thursday Jul 18, 2024

യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും

 

ആൾദൈവം ചവിട്ടി നടന്ന പൊടിമണ്ണ് സ്വന്തമാക്കാൻ തിരക്കുകൂട്ടിയ പാവപ്പെട്ട ജനങ്ങൾ ഒരു മരണക്കൂമ്പാരമായി മാറി. 123 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 110 പേരും സ്ത്രീകളാണ്. മരിച്ചവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടും. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെങ്കിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അത് ഒട്ടും പ്രതിഫലിക്കുന്നില്ലെന്ന് ഹാഥ്‌രസ്‌ ദുരന്തം തെളിയിക്കുന്നു. ഇത് വെറും ദുരന്തമല്ല. പണത്തിന് ആർത്തിപൂണ്ടു നടക്കുന്ന ആൾദൈവങ്ങളും അവരെ പിന്തുണയ്ക്കുന്ന മതാത്മക രാഷ്ട്രീയവും അന്ധവിശ്വാസ കച്ചവടക്കാരും സൃഷ്ടിച്ച ദുരന്തമാണ്.


'നിരാശ ബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹമായിരുന്നു 2014ന്‌ മുമ്പ്‌ ഇന്ത്യയിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ തോന്നൽ. അതുമാറി. ഇപ്പോഴവർക്കു രാജ്യത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. അവരുടെ

വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

സത്യസന്ധതയും പരസ്പര സ്നേഹവും സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി അവരുടെ കഴിവ് ഉപയോഗിച്ച് വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കും... ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ ഇന്നു മുന്നിലാണ്. സാമ്പത്തിക ശേഷിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. വൈകാതെ മൂന്നാമതെത്തും.’

മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവെ, നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള

ഹാഥ്‌രസ്‌ ദുരന്തമുഖത്തുനിന്നുള്ള കാഴ്‌ച

ഹാഥ്‌രസ്‌ ദുരന്തമുഖത്തുനിന്നുള്ള കാഴ്‌ച

ഉദ്ധരണിയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ലോകത്തിലെ പ്രധാന ശക്തിയായി, വികസിതദേശമായി ഇന്ത്യ മാറുന്ന ചിത്രമാണ് ലോക്‌സഭയിലെ തന്റെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് പ്രധാനമന്ത്രി വരച്ചു കാട്ടുന്നത്.

പ്രധാനമന്ത്രിയുടെ വികസിത ഭാരതത്തിന്റെ യഥാർഥ ചിത്രം എന്താണെന്ന് അദ്ദേഹം പ്രസംഗം നടത്തുന്ന അതേസമയം  ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഹാഥ്‌രസ്‌ ജില്ലയിലെ ഫുൽറായ് ഗ്രാമത്തിൽ തെളിഞ്ഞു.

ആൾദൈവം ചവുട്ടി നടന്ന പൊടിമണ്ണ് സ്വന്തമാക്കാൻ തിരക്കുകൂട്ടിയ പാവപ്പെട്ട ജനങ്ങൾ ഒരു മരണക്കൂമ്പാരമായി മാറി. 123 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 110 പേരും സ്ത്രീകളാണ്.  മരിച്ചവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടും.

മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെങ്കിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അത് ഒട്ടും പ്രതിഫലിക്കുന്നില്ലെന്ന് ഹാഥ്‌രസ്‌ ദുരന്തം തെളിയിക്കുന്നു. ഇത് വെറും ദുരന്തമല്ല. പണത്തിന് ആർത്തിപൂണ്ടു നടക്കുന്ന ആൾദൈവങ്ങളും അവരെ പിന്തുണയ്ക്കുന്ന മതാത്മക രാഷ്ട്രീയവും അന്ധവിശ്വാസ കച്ചവടക്കാരും സൃഷ്ടിച്ച ദുരന്തമാണ്.

ഹാഥ്‌രസിൽ നടന്നത്


പശ്ചിമ‐മധ്യ ഉത്തർപ്രദേശിലെ ബ്രജ്‌ മേഖലയിലെ ഹാഥ്‌രസ് സമീപകാലത്ത് വാർത്തയിൽ സ്ഥാനം പിടിച്ചത് പത്തൊമ്പതുകാരിയായ ഒരു ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോഴാണ്.

ഒരു മാസത്തിനു ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ച പെൺകുട്ടിയെ രക്ഷിതാക്കളെപ്പോലും കാണിക്കാതെ, പുലർച്ചെ രണ്ടരയ്ക്ക് തിരക്കുപിടിച്ച് ദഹിപ്പിക്കുകയായിരുന്നു. സവർണ താക്കൂറുകളുടെ കാമവെറിയ്ക്ക് ഇരയായാണ്  ആ പെൺകുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്.

അതേ ഹാഥ്‌രസ് ജില്ലയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. ജില്ലയിലെ ഹൈവേ ബൈലാസിനടുത്തുള്ള ഫുൽറായ് ഗ്രാമത്തിൽ സൂരജ് പാൽ എന്ന നാരായൺ സാക്കർ ഹരി എന്ന ഭോലെ ബാബ നടത്തിയ പ്രാർഥനായോഗമാണ് വലിയ മാനുഷിക ദുരന്തത്തിൽ കലാശിച്ചത്. ഫുൽറായ് ഗ്രാമത്തിലെ വലിയ വയലിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക പന്തലിലായിരുന്നു പരിപാടി നടന്നത്.

ആ താൽക്കാലിക പന്തലിന് ആവശ്യമായ വാതിലുകളോ ദുരന്തനിവാരണ നിയമങ്ങൾ അനുശാസിക്കും വിധമുള്ള സുരക്ഷാ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മഴ പെയ്തതിനാൽ ചെളിയും വഴുക്കലുമായി ആ പന്തലിന് അപകടസാധ്യത ഏറിയതായിരുന്നു. ഉത്തർപ്രദേശിൽ നിന്നു മാത്രമല്ല, ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും വരെ വാഹനങ്ങളിലും തീവണ്ടികളിലുമായി ആളുകൾ എത്തിയിരുന്നു. സ്ത്രീകളാണ് കൂടുതലും ഉണ്ടായിരുന്നത്.

നിത്യജീവിതത്തിൽ ദുരിതമനുഭവിക്കുന്ന ദളിതരും പിന്നോക്കക്കാരുമാണ് ഭോലെ ബാബയെ കാണാനും അദ്ദേഹത്തെ കേൾക്കാനും വന്നത്‌. ഉച്ചക്ക് 12.30 ഓടുകൂടിയാണ് ഭാര്യ പ്രേമവതിയുമൊത്ത് ഭോലെ ബാബ വേദിയിലെത്തിയത്.

ഒരു മണിക്കൂറോളം നീണ്ട പ്രബോധനത്തിന് ശേഷം 1.40 ഓടെയാണ് ബാബ പുറത്തേക്കിറങ്ങിയത്. ഈ ഘട്ടത്തിൽ അദ്ദേഹം ചവിട്ടിയ മണ്ണ് കൈവശപ്പെടുത്താൻ അനുയായികൾ കിടമത്സരം നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.

താഴെ വീണവരെ വകവെക്കാതെ അവരുടെ മുകളിലേക്ക് നൂറുകണക്കിനാളുകൾ തിക്കിത്തിരക്കി മുന്നോട്ടുപോയതാണ് കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയത്. ഒരു ദൈവത്തിനും ആൾദൈവമായ ഭോലെ ബാബയ്ക്കും ഈ ദുരന്തം തടയാനായില്ല. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും പോലെ അന്ധവിശ്വാസങ്ങളും ജനങ്ങളുടെ ജീവൻ കൂട്ടത്തോടെ അപഹരിക്കുകയാണ്.

ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളോ സംഘാടകരോ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. രണ്ട് ലക്ഷത്തിലധികം ആളുകൾ എത്തുന്ന ചടങ്ങായിട്ടും നൂറിൽ കുറഞ്ഞ പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

80,000 പേരുടെ പരിപാടിക്കാണ് സംഘാടകർ പൊലീസിൽ നിന്ന് അനുമതി വാങ്ങിയതത്രെ. അവരെ നിയന്ത്രിക്കാനും സുരക്ഷ ഏർപ്പെടുത്താനും ആവശ്യമായ സംവിധാനങ്ങൾ പോലും സർക്കാർ ഒരുക്കിയിരുന്നില്ല. രണ്ട് ലക്ഷത്തിലധികം പേർ വന്നപ്പോൾ പറയാനില്ലല്ലോ.

ദുരന്തമുണ്ടായപ്പോൾ ഭോലെ ബാബയും സംഘാടകരും സ്വകാര്യ സുരക്ഷാ ഗാർഡുകളും (20 ഓളം പേർ) അപ്രത്യക്ഷരായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനോ ഭോലെ ബാബ തയ്യാറായില്ല.

ദുരന്തമുണ്ടായപ്പോൾ ഭോലെ ബാബയും സംഘാടകരും സ്വകാര്യ സുരക്ഷാ ഗാർഡുകളും (20 ഓളം പേർ) അപ്രത്യക്ഷരായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനോ ഭോലെ ബാബ തയ്യാറായില്ല.

എല്ലാം മുൻകൂട്ടി കാണാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഭോലെ ബാബയ്ക്ക് ദുരന്തം മുൻകൂട്ടി കാണാനായില്ല. (എന്നാൽ ഈ കൂട്ടക്കുരുതി ബാബയുടെ ഇച്ഛയായിരുന്നുവെന്ന് പറഞ്ഞ് മുൻകൂട്ടി കാണാനുള്ള ശേഷിയുണ്ടെന്ന് സ്ഥാപിക്കാൻ ഒരു വീഡിയോ സന്ദേശം പ്രചരിക്കുന്നതായാണ് ഏറ്റവും അവസാനത്തെ വാർത്ത)

പ്രാർഥനായോഗത്തിന് എത്തിയവരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ബസ്സിലും ഓട്ടോയിലും ലോറിയിലും ബൈക്കിലും വരെ അപകടത്തിൽപ്പെട്ടവരെ ഹാഥ്‌രസ് ജില്ലാ ആശുപതിയിൽ എത്തിച്ചു. ആംബുലൻസ് ഇല്ലാത്തതാണ് ഇതിനു കാരണം.

ആശുപത്രിയിൽ എത്തിയപ്പോൾ സ്ഥിതി അതിദയനീയമായിരുന്നു. ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകളില്ല. നൂറുകണക്കിന് ദുരന്തബാധിതരെ പരിശോധിക്കാൻ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടായിരുന്നില്ല.

ഹാഥ്‌രസിൽ മരിച്ചവരുടെ വസ്‌ത്രങ്ങളും മറ്റും

ഹാഥ്‌രസിൽ മരിച്ചവരുടെ വസ്‌ത്രങ്ങളും മറ്റും

സ്ട്രെച്ചർ, വീൽചെയർ ഒന്നും തന്നെയില്ല. സിക്കന്ദർ റാവു ട്രോമാ സെന്ററിൽ ഓക്സിജൻ ലഭിക്കാതെ ചിലർ മരിച്ചുവെന്ന് അവിടുത്തെ ചില നഴ്‌സുമാർ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ഹാഥ്‌രസിലെ ജില്ലാ ആശുപത്രിയിൽ ശരിയാംവിധത്തിലുള്ള ഒരു മോർച്ചറി പോലും ഉണ്ടായിരുന്നില്ല. മൃതദേഹം പുറത്തു കിടത്തി അതിന്മേൽ ഐസ് പാളികൾ വിതച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധം ഉയർത്തി.

മൃതദേഹത്തോടുപോലും സർക്കാർ അനാദരവ് കാട്ടുകയാണെന്ന വിമർശനം ഉയർന്നു. ഈ ഘട്ടത്തിലാണ് പല മൃതദേഹങ്ങളും അലിഗഢിലേക്കും ആഗ്രയിലേക്കും മാറ്റിയത്. ഈ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ് യുപിയിലെ ആരോഗ്യ സംവിധാനം കണ്ട് പഠിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് പറഞ്ഞത്.

മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന ബന്ധുക്കളുടെ വിമർശനം അവർക്കു തന്നെ വിനയാവുന്നതാണ് പിന്നീട് കണ്ടത്. ജൂലൈ ആറിന്  'ദ ഹിന്ദു’വിലെ ഗ്രൗണ്ട് സീറോ റിപ്പോർട്ടിൽ പറയുന്നതുപോലെ വിനോദ്കുമാർ എന്ന യുവാവിന് അദ്ദേഹത്തിന്റെ 10 വയസ്സുകാരി മകൾ ഭൂമിയുടെ മൃതദേഹം അലിഗഢ് ആശുപത്രിയിൽ നിന്നാണ് ലഭിച്ചതെങ്കിൽ ഭാര്യ രാജ്കുമാരിയുടെ മൃതദേഹം ലഭിച്ചത് ഹാഥ്‌രസ് ജില്ലാ ആശുപത്രിയിൽ നിന്നാണ്.

അമ്മ ജയ്‌മന്തിയുടെ മൃതദേഹം ലഭിച്ചതാകട്ടെ ആഗ്രയിലെ ആശുപത്രിയിൽ നിന്നും. പലർക്കും അപകടത്തിൽപ്പെട്ട ഉറ്റവരെ കണ്ടെത്താനാകാത്തതിന്റെ കാരണവും ഇതാണ്. 'ദ ഹിന്ദു’വിന്റെ റിപ്പോർട്ടനുസരിച്ച് നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. നാട്ടുകാരുടെ വിവരണം വിശ്വസിക്കാമെങ്കിൽ സർക്കാർ പറയുന്ന മരണസംഖ്യക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല.

300 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഗ്രാമീണരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പതിനാറുകാരിയായ മകളെ തേടുന്ന ഊർമിളദേവിയെപ്പോലുള്ളവർ ഗ്രാമീണരുടെ നിഗമനം ശരിയാണെന്ന് തെളിയിക്കുകയാണോ?

ആരാണ്  ഭോലെ ബാബ?

കാസ്ഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമക്കാരനാണ് സൂരജ് പാൽ സിങ്. ദളിത് ജാട്ടവ് സമുദായക്കാരൻ. പൊലീസിലാണ് ജോലി ചെയ്തിരുന്നത് - ലോക്കൽ ഇന്റലിജൻസിൽ. ഇക്കാലത്തു തന്നെ ആത്മീയ വിശ്വാസത്തിന്റെ പേരിൽ പല പ്രശ്നങ്ങളും ഇയാൾ സൃഷ്ടിച്ചിരുന്നു.

ഭോലെ ബാബ

ഭോലെ ബാബ

ആഗ്രയിൽ മരിച്ച ഒരു പെൺകുട്ടിയെ പുനർജനിപ്പിയ്ക്കും എന്നുപറഞ്ഞ് ഇയാൾ നടത്തിയ തട്ടിപ്പ് പൊലീസിൽ ഇരിക്കവെ തന്നെ അദ്ദേഹത്തിനെതിരെ പരാതിയായി ഉയർന്നിരുന്നു. 56 ലൈംഗിക പീഡനക്കേസുകൾ ഇയാൾക്കെതിരെ ഉണ്ടായതിനെത്തുടർന്ന് സർവീസിൽ നിന്ന് നീക്കം ചെയ്തുവെന്നും മുൻ ഡിജിപി പ്രകാശ് സിംഹ് എൻഡിടിവിയോട് വെളിപ്പെടുത്തുകയുണ്ടായി.

ഇതോടെ ഗ്രാമത്തിലേക്ക് തിരിച്ചുപോയ സൂരജ് പാൽ ദൈവത്തെ നേരിട്ടു കണ്ടതായി പ്രചരിപ്പിച്ചു. ചില ഏജന്റുമാർക്ക് പണം കൊടുത്ത് തന്റെ  ദൈവദർശനത്തിന്  വേണ്ടത്ര പ്രചാരം അദ്ദേഹം തന്നെ നൽകിയതാണെന്നും ഒരനുയായി എൻഡിടിവിയോട് വെളിപ്പെടുത്തുകയുണ്ടായി.

സൂരജ് പാലിന്റെ  തലയ്ക്ക് ചുറ്റും പ്രഭാവലയം കണ്ടതായും കൈയിൽ സുദർശന ചക്രം ഉള്ളതായും പ്രചരിപ്പിക്കപ്പെട്ടു. സൂരജ് പാൽ എന്ന പേരും മാറ്റി. നാരായൺ (വിഷ്ണു) സാകർ ഹരി (ശ്രീകൃഷ്ണൻ) എന്ന പേരും സ്വീകരിച്ചു. മറ്റ് ആൾദൈവങ്ങളിൽ നിന്നു വ്യത്യസ്തമായ വസ്ത്രധാരണമാണ് ഭോലെ ബാബയുടേത്.

വെള്ള കുർത്തയും ഷർട്ടുമാണ് വേഷം. കൂളിങ്‌ ഗ്ലാസും ധരിക്കാറുണ്ട്. ഏതായാലും ഒരത്ഭുതം സംഭവിച്ചു. ഭോലെ ബാബ വൻ പണക്കാരനായി. യുപിയിലെ മെയിൻപുരിയിലും കാസ്ഗഞ്ചിലും ആഗ്രയിലും മധ്യപ്രദേശിലെ ഗ്വാളിയോറിലും ആശ്രമങ്ങൾ എന്ന പേരിൽ വൻ കെട്ടിടങ്ങൾ ഉയർന്നു. ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടി.

ഭോലെ ബാബയുടെ അനുയായികൾ കൂടുതലും ദളിതരും പിന്നോക്കക്കാരുമാണ്. എല്ലാ വിധത്തിലുള്ള വിവേചനവും നിത്യജീവിതത്തിൽ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ. മദ്യപന്മാരായ ഭർത്താക്കന്മാരിൽ നിന്ന് മർദനം ഉൾപ്പെടെ ഏറ്റുവാങ്ങുന്ന സ്ത്രീകളാണ് ബാബയെ കാണാനെത്തുന്നവരിൽ അധികവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്നേഹത്തെക്കുറിച്ചും  അയിത്തവും തൊട്ടുകൂടായ്മയും ഇല്ലാത്ത ലോകത്തെക്കുറിച്ചും മറ്റുമാണ് ബാബ സംസാരിച്ചത്. പുരുഷന്മാർ മദ്യത്തിൽ അഭയം കണ്ടെത്തുമ്പോൾ സ്ത്രീകൾ ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിൽ അഭയം കണ്ടെത്തുകയാണെന്നും റിപ്പോർട്ടുകൾ വന്നു.

യോഗിയും ബാബയും കുറ്റക്കാർ

ദുരന്തത്തിന് ഭോലെ ബാബയും സംഘാടകരും എത്രമാത്രം ഉത്തരവാദികളാണോ അത്രമാത്രം ഉത്തരവാദികളാണ് സർക്കാരും. ഇത്രയും വലിയ ആൾക്കൂട്ടം വന്നെത്തിയിട്ടും ആവശ്യമായ പൊലീസിനെ വിന്യസിക്കാനോ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ തയ്യാറായില്ല. ഡബിൾ എഞ്ചിൻ സർക്കാരാണ് യുപിയിലേത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ്.

ചെറിയ കുറ്റങ്ങൾക്കു പോലും മുസ്ലിങ്ങളെ തുറങ്കലിലിടുന്ന, അവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന ആദിത്യനാഥ് സർക്കാർ ഭോലെ ബാബയെ സംരക്ഷിക്കാനാണ് തയ്യാറാകുന്നത്. ഒരു ബുൾഡോസറും ബാബയുടെ ആശ്രമം തേടി പോയില്ല.

ചെറിയ കുറ്റങ്ങൾക്ക് പോലും മുസ്ലിങ്ങളെ തുറങ്കലിലിടുന്ന, അവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന ആദിത്യനാഥ് സർക്കാർ ഭോലെ ബാബയെ സംരക്ഷിക്കാനാണ് തയ്യാറാകുന്നത്. ഒരു ബുൾഡോസറും ബാബയുടെ ആശ്രമം തേടി പോയില്ല. മുഖ്യസംഘാടകനായ ദേവ് പ്രകാശ് മധുകറെ ഉൾപ്പെടെ ഒമ്പത് പേരെ (ഇതെഴുതുന്നതുവരെ) അറസ്റ്റ് ചെയ്തെങ്കിലും ഭോലെ ബാബയ്ക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല.

യോഗി ആദിത്യനാഥ്‌ ഹാഥ്‌രസ്‌ സന്ദർശിച്ചപ്പോൾ

യോഗി ആദിത്യനാഥ്‌ ഹാഥ്‌രസ്‌ സന്ദർശിച്ചപ്പോൾ

സംഭവത്തെക്കുറിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഭോലെ ബാബയുടെ പേരുപോലും ഇല്ല. സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ആദിത്യനാഥ് ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടി അന്വേഷണം പുരോഗതി പ്രാപിക്കുന്നതിനൊപ്പം എഫ്ഐആറിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ഉൾപ്പെടുത്തുമെന്നാണ്.

പതിവ് പൊലീസ് അന്വേഷണത്തിന് പുറമെ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ബ്രജേഷ് കുമാർ ശ്രീ വാസ്തവയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷക കമ്മീഷനെയും പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാൽ സംഭവസ്ഥലം സന്ദർശിച്ച സന്യാസി കൂടിയായ മുഖ്യമന്ത്രി, ഭോലെ ബാബയെ രക്ഷിക്കാനും ദുരന്തത്തിന് രാഷ്ട്രീയ നിറം നൽകാനുമാണ് ശ്രമിച്ചത്. ഭോലെ ബാബ ഏതൊക്കെ രാഷ്ട്രീയക്കാരുടെ കൂടെ നിൽക്കുന്ന പടങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി.

ഇതോടെ സംഘപരിവാർ സംഘടനകളും വ്യക്തികളും സമൂഹ മാധ്യമങ്ങളിൽ സമാജ് വാദി പ്രസിഡന്റും എംപിയുമായ അഖിലേഷ് യാദവിനൊപ്പം ഭോലെ ബാബ നിൽക്കുന്ന പടങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.

അഖിലേഷ്‌ യാദവ്‌

അഖിലേഷ്‌ യാദവ്‌

 മായാവതിയുടെ ജാതിക്കാരനായ ഭോലെ ബാബയെ ഉപയോഗിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി വോട്ടുകൾ നേടാൻ ബിജെപി ശ്രമിച്ചുവെന്ന് ചില സമാജ് വാദി പാർടി നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ ഈ പരാമർശം.

ബാബയുടെ കൂടെയുള്ള പടം കാട്ടി അഖിലേഷ് യാദവാണ് കുറ്റക്കാരൻ എന്ന് സമർഥിക്കുന്നവരോട് ഒരു ചോദ്യം. ബലാത്സംഗ, കൊലപാതക കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പുവിന്റെ കൂടെ പ്രധാനമന്ത്രി മോദിയുടെ പടം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നല്ലോ.

അപ്പോൾ പ്രധാനമന്ത്രിയും കുറ്റക്കാരനല്ലേ? തടവിൽ കഴിയുന്ന ബലാത്കാരിയും കൊലപാതകിയുമായ രാം റഹീമിന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലടക്കം ഒരു ഡസനോളം തവണ പരോൾ നൽകിയത് ബിജെപി സർക്കാരായിരുന്നില്ലേ?  

അതോടൊപ്പം സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. പരിപാടിയിലേക്ക് ഗുണ്ടകളുടെ നുഴഞ്ഞുകയറ്റവും ആസൂത്രിത നീക്കവും ഉണ്ടെന്ന ഭോലെ ബാബയുടെ പ്രതികരണത്തെ പിന്തുണയ്‌ക്കുന്ന

ആസാറാം ബാപ്പു

ആസാറാം ബാപ്പു

പ്രസ്താവനയാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്.

ഭോലെ ബാബയെ സംരക്ഷിക്കാൻ കാവിവസ്ത്രധാരിയായ യോഗി രംഗത്തെത്തിയതോടെ ഉദ്യോഗസ്ഥരും ആ വഴിക്ക് നീങ്ങാൻ തുടങ്ങി. ദുരന്തത്തിന് ഭോലെ ബാബ ഉത്തരവാദിയാണെന്ന് പറയാൻ കഴിയില്ലെന്ന് അലിഗഢ് റേഞ്ച് ഐ ജി ശലഭ് മാഥൂർ പ്രതികരിച്ചു. ഭോലെ ബാബയെ കേസിൽ പ്രതിയാക്കുകയോ ചോദ്യം ചെയ്തിട്ടോ ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുഖ്യ സംഘാടകൻ ദേവ് പ്രകാശ് മാഥൂർ അറസ്റ്റിലായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ ചില സമുന്നത രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതായും പൊലീസ് പറഞ്ഞു. എന്നാൽ ഇതാരാണെന്ന് അവർ വെളിപ്പെടുത്തിയതുമില്ല, എസ്പി നേതാക്കളാണെന്ന് സംഘപരിവാറിന് പ്രചാരണം നടത്താൻ അവസരമൊരുക്കുകയായിരുന്നു പൊലീസ്.

മുഖ്യമന്ത്രിയുടെ ഗൂഢാലോചനാ സിദ്ധാന്തത്തിന് ബലം നൽകി, ഒരു സംഘം ആളുകൾ ആൾക്കൂട്ടത്തിലേക്ക് വിഷവസ്തു വിതറിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഭോലെ ബാബയുടെ അഭിഭാഷകനും വെളിപ്പെടുത്തി. വിവാദങ്ങൾ ഇങ്ങനെ കൊഴുക്കുമ്പോഴും മെയിൻപുരിയിലെ കൊട്ടാരസമാനമായ ആശ്രമത്തിൽ പൊലീസ് കാവലോടെ സുരക്ഷിതനായി കഴിയുകയാണ് ഭോലെ ബാബയെന്നാണ് റിപ്പോർട്ട്.

സാമൂഹ്യനീതിയും ശാസ്ത്രബോധവും


എന്തുകൊണ്ടാണ് 'വിശ്വഗുരു’വിന്റെ നാട് ആൾദൈവങ്ങളുടെയും കപടമാന്ത്രികരുടെയും അന്ധവിശ്വാസ കച്ചവടക്കാരുടെയും നാടായി മാറുന്നത്. സാമൂഹ്യനീതിയുടെയും ശക്തമായ പബ്ലിക് സർവീസിന്റെയും അഭാവമാണ് അതിന് പ്രധാന കാരണം.

നാളെ എന്തു സംഭവിക്കും എന്ന ആകുലത. കുട്ടികളെ എങ്ങനെ പഠിപ്പിക്കും, അവർക്ക് ജോലി കിട്ടുമോ, രോഗം വന്നാൽ എങ്ങനെ ചികിത്സിക്കും തുടങ്ങി നിരന്തരമായ ആശങ്കയിലാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം  (നിയോലിബറൽ സാമ്പത്തിക നയങ്ങളാണ് ഈ ആശങ്ക വർധിപ്പിക്കുന്നത്).

അതിന് കൃത്യമായ ഉത്തരം നൽകാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പൂർത്തിയായിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിച്ചു നൽകാൻ സർക്കാരിന് കഴിയുന്നില്ല.

അവിടെയാണ് അത്ഭുത സിദ്ധിയുള്ള ഏലസും വാച്ചും യന്ത്രവും രോഗശാന്തിച്ചരടും ആൾദൈവങ്ങളും കപടമാന്ത്രികരും സ്ഥാനം പിടിക്കുന്നത്. മെച്ചപ്പെട്ട സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഉറപ്പുവരുത്താൻ കഴിയുന്നിടത്ത് അമ്പലങ്ങളും പള്ളികളും വിശ്വാസവും പുറകേ പോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മറ്റൊരു പ്രധാന കാരണം മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ അഭാവമാണ്. കമ്യൂണിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയക്കാരൊഴിച്ച് എല്ലാ രാഷ്ട്രീയക്കാരും ഏറിയോ കുറഞ്ഞോ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുകയാണ്. മതനിരപക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പാർലമെന്റിൽ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകിയത് പ്രധാനമന്ത്രിയാണ്.

വോട്ടിൽ കണ്ണുനട്ട് അയോധ്യയിലെ രാമക്ഷേത്രത്തിൽ മുഖ്യയജമാനനായി പ്രതിഷ്ഠാകർമം നടത്തിയതും പ്രധാനമന്ത്രി തന്നെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാകട്ടെ, പ്രതിപക്ഷ നേതാവെന്ന നിലയിൽ കന്നിപ്രസംഗം നടത്തിയത് മതചിഹ്നങ്ങളും ചിത്രങ്ങളും ഉയർത്തിപ്പിടിച്ചാണ്.

ആൾദൈവങ്ങൾക്കും കപടമാന്ത്രികർക്കും മുമ്പിൽ വഴങ്ങിനിന്ന് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇവർ മത്സരിക്കുകയാണ്. മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ നയിക്കാൻ വെമ്പുന്ന ബിജെപിയാകട്ടെ അന്ധവിശ്വാസങ്ങളെയും ആൾദൈവങ്ങളെയും പരസ്യമായി പ്രോത്സാഹിപ്പിക്കുന്നവരാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞത് എന്റെ ജന്മം ബയോളജിക്കൽ അല്ലെന്നും ദൈവത്തിന്റെ പ്രതിനിധിയായി താൻ ഭൂമിയിൽ അവതരിച്ചതാണെന്നുമാണ്.

ഐതിഹ്യങ്ങൾ മുതൽ ഇതിഹാസങ്ങൾ വരെ ശാസ്ത്ര, ചരിത്ര സത്യങ്ങളെന്ന നിലയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അവതരിപ്പിക്കുകയാണിന്ന്. പണ്ട് ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നടന്നതിനു തെളിവായിട്ടാണ് ഗണപതിയെ മോദി ഉയർത്തിക്കാട്ടിയത്. കർണന്റെ ജനനം ജനിറ്റിക്ക് സയൻസിന്റെ ആദ്യ രൂപമാണെന്നും മോദി പറഞ്ഞു. ഗോമൂത്രത്തിന് ക്യാൻസർ സുഖപ്പെടുത്താനാവുമെന്ന് ഭോപ്പാലിലെ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറാണ് പറഞ്ഞത്.

വിഷ്ണുവിന്റെ സുദർശന ചക്രം ഗൈഡഡ് മിസൈലാണെന്ന്‌ പറഞ്ഞ ബിജെപി ആഭിമുഖ്യമുള്ള ഒരു വൈസ് ചാൻസലർ തന്നെ ഭോലെ ബാബയുടെ സുദർശന ചക്രത്തെപ്പറ്റി പറയുമ്പോൾ പാവം ജനം എങ്ങനെ എതിർത്തു നിൽക്കും. ജ്യോതിഷത്തിനു മുമ്പിൽ ശാസ്ത്രം ഒന്നുമല്ലെന്നും ജ്യോതിഷമാണ് ഏറ്റവും വലിയ ശാസ്ത്രമെന്നും മുൻ മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ തന്നെ അവകാശപ്പെട്ട രാജ്യമാണിത്.

മോദി അധികാരമേറിയ ശേഷം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകൾ ഒരു പരിഹാസ സഭയായി മാറിക്കഴിഞ്ഞു. ശാസ്ത്രം കരിക്കുലത്തിന്റെ ഭാഗമാണെങ്കിലും ഒരു ജീവിതവീക്ഷണമായി ശാസ്ത്രീയ സമീപനത്തെ മാറ്റുന്ന കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസം വിജയിക്കുന്നില്ല എന്നത് ദുഃഖകരമായ സത്യമായി അവശേഷിക്കുന്നു.

ശാസ്ത്രം പഠിച്ചതുകൊണ്ടോ, ശാസ്ത്രീയമായ വിവരങ്ങൾ മനഃപാഠമാക്കിയതു കൊണ്ടോ ശാസ്ത്രബോധം ഉണ്ടാകണമെന്നില്ല. അത് ഒരു ജീവിത രീതിയാകണം. ബ്രതോൾഡ് ബ്രെഹ്ത്തിന്റെ ‘ഗലീലിയോ’ എന്ന നാടകത്തിൽ ഗലീലിയോ തന്റെ ശിഷ്യനോട് ഇങ്ങനെ പറയുന്നുണ്ട്.

'ആളുകൾ തീൻമേശക്ക് മുന്നിലിരുന്നുകൊണ്ട് വീട്ടുകാര്യങ്ങൾ എന്ന പോലെ ശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യുന്ന കാലം വരും: തെരുവിൽ പാൽക്കാരികൾ ആകാശത്തിലെ നക്ഷത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാലം തീർച്ചയായും വരും.' അത്തരമൊരു കാലത്തിലേ അന്ധവിശ്വാസങ്ങൾക്കും കപടമാന്ത്രികർക്കും ഭോലെ ബാബമാർക്കും സ്ഥാനമില്ലാതാകൂ.

 

ദേശാഭിമാനി വാരികയിൽ നിന്ന്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top