25 March Saturday

കോൺഗ്രസ്‌ ലീഗ്‌ സഖ്യമായി യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


ഇടതുപക്ഷമാണ് ശരിയെന്ന പ്രഖ്യാപനത്തോടെ എൽഡിഎഫുമായി ചേർന്നു പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് (മാണി ) തീരുമാനം യുഡിഎഫിനേറ്റ കനത്ത അടിയാണ്. കേരളരാഷ്ട്രീയത്തിൽ ക്രിയാത്മകമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിന് ഈ തീരുമാനം സഹായകമാകും. കാലാവധി പൂർത്തിയാക്കാൻ പോകുന്ന എൽഡിഎഫ് സർക്കാരിനുള്ള അംഗീകാരംകൂടിയാണ് ഈ തീരുമാനം.

സർക്കാർ അധികാരത്തിൽ വന്നതിനുശേഷം യുഡിഎഫിൽനിന്നും പുറത്തുവരുന്ന രണ്ടാമത്തെ പാർടിയാണ് കേരള കോൺഗ്രസ്‌. നേരത്തെ  യു ഡിഎഫിന്റെ ജനവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് എൽജെഡി മുന്നണി വിടുകയും എൽഡിഎഫിന്റെ ഭാഗമാകുകയും ചെയ്തു. ഇപ്പോൾ കേരള കോൺഗ്രസ് (മാണി )യും ഇടതുപക്ഷത്തോട് ചേർന്നു പ്രവർത്തിക്കുന്നതോടെ ഫലത്തിൽ കോൺഗ്രസ് –-ലീഗ് മുന്നണിയായി യുഡിഎഫ് മാറി.

യുഡിഎഫിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വവും രാജിവച്ചാണ് ജോസ് കെ മാണി എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഉപാധിയൊന്നും മുന്നോട്ടുവയ്‌ക്കാതെയാണ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്ക് വരുന്നതെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രസ്താവന. എൽഡിഎഫിൽത്തന്നെ തുടരുമെന്ന് എൻസിപിയും പ്രസ്താവിച്ചത് യുഡിഎഫ് പ്രചാരവേലയെ തുറന്നുകാട്ടി. ജോസ് കെ മാണിയുടെ നിലപാട് പ്രഖ്യാപനത്തോടെ എൽഡിഎഫിൽ പൊട്ടിത്തെറി പ്രതീക്ഷിച്ചവർക്ക് നിരാശരാകേണ്ടി വരുമെന്നുറപ്പായി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിലാണ് 38 വർഷമായി യുഡിഎഫിൽ തുടരുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തെ പുറത്താക്കുന്നതായി യുഡിഎഫ് കൺവീനറായിരുന്ന ബന്നി ബെഹനാൻ പ്രസ്താവിച്ചത്. ജനാധിപത്യത്തിന്റെ കണിക പോലും യുഡിഎഫിൽ അവശേഷിച്ചിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ‘യുഡിഎഫിന്റെ ശിൽപ്പികളിൽ ഒരാളായ കെ എം മാണിസാറിനെ’യാണ് പുറത്താക്കിയതെന്ന വൈകാരികമായ പ്രസ്താവന ഇറക്കാൻ ജോസ് കെ മാണി നിർബന്ധിതനായത്.

യുഡിഎഫ് വിടുന്നതിന് കാരണമായി ജോസ് കെ മാണി പറഞ്ഞ കാര്യങ്ങൾ നാടിന്റെ തന്നെ വികാരമാണ് എന്നതിൽ സംശയമില്ല. കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്ന ജനക്ഷേമം ഉറപ്പുവരുത്തുന്ന നയസമീപനങ്ങളും മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളുമാണ്  മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ജോസ് കെ മാണി പറഞ്ഞതിന്റെ രത്നച്ചുരുക്കം. മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് സർക്കാർ കാട്ടുന്ന ആത്മാർഥതയും ജാഗ്രതയും അതിലൊന്നാണ്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്റെ വക്താവായ ഖുശ്ബു ബിജെപിയിൽ ചേർന്നത്. കേരളത്തിൽനിന്നുള്ള വക്താവ് നേരത്തേ തന്നെ ബിജെപിയിൽ എത്തിയിരുന്നു.

കാവിവൽക്കരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിൽ ന്യൂനപക്ഷ ജനതയ്‌ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി അധഃപതിക്കുകയും ചെയ്തു. ഒപ്പം ഇസ്ലാമിക തീവ്രവാദവുമായുള്ള സഹകരണം ആ മുന്നണിയെ മതനിരപേക്ഷ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തി.

ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. അതോടൊപ്പം കർഷകരെ കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് അടിയറ വയ്‌ക്കുന്ന കേന്ദ്രത്തിന്റെ നയത്തിനെതിരെ പൊരുതുന്നതിലും ഇടതുപക്ഷമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നതെന്നും ജോസ് കെ മാണി അഭിപ്രായപ്പെടുകയുണ്ടായി. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സംതൃപ്തി രേഖപ്പെടുത്താനും ജോസ് കെ മാണി തയ്യാറായി.


 

ഇടതുപക്ഷമാണ് ശരിയെന്ന്‌ ജോസ് കെ മാണി പറഞ്ഞത് കേവലം ജോസ് കെ മാണിയുടെയോ അദ്ദേഹത്തിന്റെ പാർടിയുടെ മാത്രമോ വികാരപ്രകടനമല്ല. കമ്പോള മുതലാളിത്തത്തിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് മാർപാപ്പ പോലും കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങൾക്ക് ആഗോളവ്യാപകമായിത്തന്നെ  സ്വീകാര്യത ഏറുകയാണെന്ന് വ്യക്തമാകും. യുഡിഎഫ് സ്വീകരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ളതല്ലെന്ന തിരിച്ചറിവ് വ്യാപകമാകുകയാണ്. ഇടതുപക്ഷത്തിന്റെ നയങ്ങളും സമീപനങ്ങളുമാണ് കൂടുതൽ ശരിയെന്ന ചിന്തയും ഉയർന്നുവരികയാണ്.  ഈയൊരു സാഹചര്യത്തിലാണ് കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുമെന്ന് പ്രവചിച്ചത്. ഇതുകേട്ട് ഉറക്കം നഷ്ടപ്പെട്ടവരാണ് നട്ടാൽ മുളയ്‌ക്കാത്ത നുണക്കഥകളുമായി, പ്രക്ഷോഭ പരമ്പരകളുമായി ഈ കോവിഡ് കാലത്തും ഇറങ്ങിപ്പുറപ്പെട്ടത്.

അവർക്ക് വക്കാലത്തുമായി ചില മാധ്യമങ്ങളും രംഗത്തുവന്നു. എന്നാൽ, അവരുടെ നുണക്കഥകൾ ജനങ്ങളെ സ്വാധീനിക്കുന്നില്ലെന്നതിന്റെ ഒരു ഉദാഹരണംകൂടിയാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം.
കേരളത്തിലെ രാഷ്ട്രീയ ബലാബലത്തിൽ മാറ്റം വരുത്തുന്നതായിരിക്കും കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം. വരുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതൽ മുന്നേറ്റം സൃഷ്ടിക്കാൻ എൽഡിഎഫിന് കഴിയുമെന്ന് ഉറപ്പ്. ഇത് സ്വാഭാവികമായും യുഡിഎഫിനെ തളർത്തും. ഘടകകക്ഷികൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുക വഴി ദുർബലമായ യുഡിഎഫ് ഇനിയും ശോഷിക്കും. ഏതുരീതിയിൽ നോക്കിയാലും കേരള രാഷ്ട്രീയത്തെ കൂടുതൽ ഇടത്തോട്ട് നയിക്കുന്ന രാഷ്ട്രീയ ചലനങ്ങൾക്കാണ് നാന്ദി കുറിക്കപ്പെട്ടിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top