24 September Sunday

രാജസ്ഥാനിലെ സിപിഐ എം വിജയത്തിന്റെ പ്രാധാന്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018


ഇരുനൂറ്‌ സീറ്റുള്ള ഒരു നിയമസഭയിൽ രണ്ടംഗങ്ങൾ എന്നത്‌ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിന്റെ ഗണിതശാസ്‌ത്രത്തിൽ അത്ര വലിയ കാര്യമല്ല. പക്ഷേ  രാജസ്ഥാനിൽ സിപിഐ എം നേടിയ രണ്ട്‌ നിയമസഭാ സീറ്റിന്‌ കണക്കിനപ്പുറം പ്രാധാന്യമുണ്ട്‌.  വർഷങ്ങളായി രാജസ്ഥാനിൽ സിപിഐ എമ്മിന്റെയും അഖിലേന്ത്യാ കിസാൻസഭയുടെയും സമര പരമ്പരകളിലൂടെ രൂപപ്പെടുത്തിയ പോരാട്ടനിരയുടെ വിജയമാണത്‌. കർഷകർ ഉയർത്തിയ പ്രക്ഷോഭത്തിന്റെ വിളവ്‌ തന്നെയാണ്‌ രാജസ്ഥാനിലെ മറ്റ് പല മണ്ഡലങ്ങളിലും വിജയമായി കോൺഗ്രസ്‌ കൊയ്‌തെടുത്തതെന്നും കാണണം.

നിയമസഭാ തെരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച്  ഒക്ടോബറിൽ സിപിഐ എം കേന്ദ്രകമ്മിറ്റി രേഖ അംഗീകരിച്ചിരുന്നു. സംസ്ഥാനാടിസ്ഥാനത്തിൽ അവിടത്തെ സവിശേഷതകൾക്കനുസരിച്ചുള്ള സഖ്യങ്ങൾക്കാണ്‌ പാർടി തീരുമാനിച്ചത്‌. രാജസ്ഥാൻ, മധ്യപ്രദേശ്‌, ഗുജറാത്ത്‌ പോലെയുള്ള സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റിലും മത്സരിക്കുകയല്ല പാർടി ചെയ്യേണ്ടതെന്ന്‌ രേഖ വ്യക്തമാക്കിയിരുന്നു. ഏതാനും സീറ്റുകളിൽ മത്സരിക്കുകയും മറ്റിടങ്ങളിൽ ബിജെപിയുടെ പരാജയത്തിനായി പ്രചാരണം നടത്തുകയുമാണ്‌ പാർടി ചെയ്യേണ്ടതെന്ന്‌ തീരുമാനിച്ചിരുന്നു. ഈ നയത്തിന്റെ പ്രയോഗവും വിജയവുമാണ്‌ രാജസ്ഥാനിൽ കണ്ടത‌്.

കർഷകരോഷവും സംഘടിതപോരാട്ടത്തിലൂടെ രൂപപ്പെട്ട സർക്കാർ വിരുദ്ധ വികാരവും കോൺഗ്രസിനാണ് ഗുണം ചെയ‌്തത‌് എന്ന് വ്യക്തമാണ്.  കർഷകവിരുദ്ധ നയങ്ങളും  ഹിന്ദുത്വനയങ്ങളെ മൃദുഹിന്ദുത്വംകൊണ്ട്‌ നേരിടുന്ന രീതിയും കോൺഗ്രസ് ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴത്തെ വിജയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മനസ്സിലാക്കി അവർ നയം മാറ്റുമെന്നും കരുതാനാകില്ല. ഇതുവരെ ഉയർത്തിയ പ്രക്ഷോഭം പതിന്മടങ്ങ്‌ ശക്തിയിൽ മുന്നോട്ടു കൊണ്ടുപോയിമാത്രമേ അത്തരം നയങ്ങളെ ചെറുക്കാൻ കഴിയൂ. നിയമസഭാപ്രാതിനിധ്യം പാർടിക്ക്‌ അതിന്‌ കൂടുതൽ കരുത്തുനൽകും.

രാജസ്ഥാൻ നീണ്ട കർഷകപ്പോരാട്ടങ്ങളുടെ ചരിത്രമുള്ള മണ്ണാണ്‌. കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്‌ ശക്തമായ വേരോട്ടമുള്ള മേഖലകളുമുണ്ട്‌. പക്ഷേ മത-ജാതിരാഷ്ട്രീയത്തിന്റെ തള്ളിക്കയറ്റത്തിൽ ഈ പിന്തുണ തെരഞ്ഞെടുപ്പുകളിൽ കുറേനാളായി പ്രതിഫലിക്കാറില്ല. എന്നാൽ, ഇന്ന്‌ ഗതിമുട്ടിയ കർഷകർ വീണ്ടും കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിനൊപ്പം പോരാട്ടവഴികളിലാണ്‌. ഈ മുന്നേറ്റത്തിന്റെ പ്രതിഫലനമായി ഈ വിജയവും.

രണ്ടു മണ്ഡലങ്ങളിലേ വിജയിച്ചുള്ളൂവെങ്കിലും രണ്ടിടത്ത്‌ പാർടി രണ്ടാമതെത്തി. ഇവിടങ്ങളിലെല്ലാം നാൽപ്പതിനായിരത്തിലേറെ വോട്ടും പാർടിക്കുണ്ട്‌. ആകെ 4,32,000 വോട്ടും ലഭിച്ചു. 2013 ലേതിനേക്കാൾ ഒന്നരലക്ഷത്തിലേറെ വോട്ടുകൾ അധികം. വരുന്ന നാളുകളിലെ പോരാട്ടങ്ങൾക്ക്‌ ശക്തി പകരാൻ കഴിയുന്ന മുന്നേറ്റം.

മധ്യപ്രദേശിൽ ഇടതുപക്ഷം ഇപ്പോഴും തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ നിർണായകശക്തിയല്ല. രണ്ട്‌ മണ്ഡലങ്ങളിൽ ശക്തമായ പ്രചാരണം നടത്തിയെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. ഛത്തീസ്‌ഗഢിൽ സിപിഐക്ക്‌ വിജയപ്രതീക്ഷയുണ്ടായിരുന്ന  ഒരു മണ്ഡലമാകട്ടെ കോൺഗ്രസിനൊപ്പംനിന്നിട്ടും അവർക്ക്‌ വിജയിക്കാനായില്ല. അവിടെ സിപിഐ എമ്മിനും വിജയിക്കാനായില്ല.

തെലങ്കാനയിൽ പുതിയൊരു പരീക്ഷണത്തിനാണ്‌ സിപിഐ എം ശ്രമിച്ചത്‌. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമാകാൻ പാർടി വിസമ്മതിച്ചു. പകരം പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെയും പിന്നോക്ക ദളിത്‌ സംഘടനകളുടെയും കൂട്ടായ്‌മ ഒരുക്കി മത്സരിക്കുകയാണ്‌ ചെയ്‌തത്‌. വോട്ടുകണക്കിൽ എടത്തുപറയാവുന്ന നില എങ്ങുമുണ്ടായില്ലെങ്കിലും രാജ്യം ആവശ്യപ്പെടുന്ന പുതിയൊരു ഐക്യനിര സൃഷ്ടിക്കാൻ അവിടെ പാർടിക്കായി. തെലുങ്കുദേശവും കോൺഗ്രസും തെലങ്കാനയിൽ ഇന്നും വെറുക്കപ്പെട്ട പാർടികളാണ്‌. ദുർനയങ്ങൾ  അവരെ ജനങ്ങളിൽ നിന്നകറ്റി. ഈ ഘട്ടത്തിൽ അവരുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്ന്‌ പാർടി കരുതി. സിപിഐ ആ സഖ്യത്തിൽ ചേർന്നെങ്കിലും അവർക്കും ദയനീയ പരാജയം നേരിട്ടു.

അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ്‌ സിപിഐഎമ്മിനും ഇടതുപക്ഷപ്രസ്ഥാനത്തിനും പുതിയ പാഠങ്ങൾ നൽകുന്നുണ്ട്‌.പാർടി നയരേഖ ചൂണ്ടിക്കാട്ടിയതുപോലെ ജനകിയപ്രക്ഷോഭങ്ങളിലൂടെ മാത്രമേ ബൂർഷ്വാ പാർടികൾക്കൊപ്പം അണിനിരന്നിരിക്കുന്ന ഏറ്റവും ദരിദ്രരെപോലും ഒപ്പം കൊണ്ടുവരാൻ കഴിയുകയുള്ളൂ. ഈ പോരാട്ടം ഏറെ മുന്നോട്ടു കൊണ്ടുപോകാൻ  കഴിഞ്ഞ സംസ്ഥാനമാണ്‌ രാജസ്ഥാൻ. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഈ മുന്നേറ്റം പ്രകടമാകുകയും ചെയ്‌തു.

ഇനി ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ നാളുകളാണ്‌. കൂടുതൽ പോരാട്ടങ്ങൾ കാലം ആവശ്യപ്പെടുന്നു. പുതിയ ഐക്യനിരകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനം  പാർടി വ്യക്തമാക്കിയതുപോലെ ത്രിമുഖമാണ്. ബിജെപി സഖ്യത്തെ പരാജയപ്പെടുത്തണം. സിപിഐ എമ്മിന്റെ ശക്തി ലോക‌്സഭയിൽ വർധിപ്പിക്കണം. രാജ്യത്ത് ഒരു മതനിരപേക്ഷ സർക്കാർ നിലവിൽ വരുമെന്ന്‌ ഉറപ്പുവരുത്തുകയും വേണം. ബിജെപി ഇപ്പോൾ നേരിട്ട പതനവും രാജസ്ഥാനിൽ പാർടി  നേടിയ മുന്നേറ്റവും ഈ വഴിക്കുള്ള നീക്കങ്ങൾക്ക്‌ കരുത്തുപകരുമെന്ന് ഉറപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top