01 June Thursday

തിരിച്ചുവരും കൂടുതൽ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018


കാൽനൂറ്റാണ്ടിനുശേഷം ത്രിപുരയിൽ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് അധികാരം നഷ്ടമായി. നേരത്തെ 34 വർഷത്തെ ഭരണത്തിനുശേഷം പശ്ചിമബംഗാളിലെയും ഭരണം ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു. ഈ രണ്ടുഘട്ടത്തിലും ചില വ്യക്തികളും മാധ്യമങ്ങളും കമ്യൂണിസത്തിന് ഭാവിയില്ലെന്നും മാർക്സിസത്തിന് അന്ത്യമായെന്നുമുള്ള പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടു. രാജ്യത്ത് കേരളത്തിൽമാത്രമാണ് ഇനി ഇടതുപക്ഷ ഭരണമുള്ളത് എന്നത് യാഥാർഥ്യമാണ്.

കേരളത്തിൽ 2016ൽ ഇടതുപക്ഷം ഭരണം നേടുന്നതുവരെ ഇടതുപക്ഷത്തിന് ത്രിപുരയിൽമാത്രമാണ് അധികാരമുണ്ടായിരുന്നത്. സമാനമായ സ്ഥിതി നേരത്തെയും ഉണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ദുർബലമാക്കുക എന്ന ലക്ഷ്യംവച്ചുള്ളതാണ് ഈ പ്രചാരണഘോഷങ്ങളേറെയും. എന്നാൽ, ഈ പ്രചാരണത്തിൽ വിശ്വസിച്ച് നിരാശരായി ചെങ്കൊടി ഉപേക്ഷിക്കുന്നവരല്ല ഈ രാജ്യത്തെ കമ്യൂണിസ്റ്റ്‐ ഇടതുപക്ഷ‐ പുരോഗമന വിശ്വാസികളെന്ന് ഓർമിപ്പിക്കട്ടെ. ദശാബ്ദങ്ങൾ നീണ്ട പരീക്ഷണഘട്ടങ്ങളെയും വെല്ലുവിളികളെയും കൊലക്കത്തിയെപ്പോലും അതിജീവിച്ചാണ് ലോകത്തെമ്പാടും ഈ കൊച്ചുകേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്നിട്ടുള്ളത്.

കല്ലും മുള്ളും നിറഞ്ഞ പാത താണ്ടിത്തന്നെയാണ് ലോകത്തെവിടെയായാലും കമ്യൂണിസം സ്വാധീനം നേടിയിട്ടുള്ളത്. മാർക്സും എംഗൽസും ചേർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയുണ്ടാക്കി പ്രസിദ്ധീകരിച്ചതുമുതൽ കേൾക്കാൻ തുടങ്ങുന്നതാണ് കമ്യൂണിസത്തിന് ഭാവിയില്ലെന്ന പ്രചാരണം. മാർക്സിന്റെ സിദ്ധാന്തത്തിന് ഭൂതവും വർത്തമാനവുമുണ്ടെങ്കിലും അതിന് ഭാവിയൊന്നുമില്ലെന്ന് ആസ്ട്രിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ യുജീൻ ബോം വോൺ ബാവാർക്ക് അഭിപ്രായപ്പെട്ടു.  മതനിന്ദകരുടെ അന്ധകാരസമൃദ്ധമായ ലോകത്തിലാണ് മാർക്സിന്റെ സ്ഥാനമെന്ന് ജോൺ മെയ്നാർഡ് കെയിൻസും അപ്രസക്തനായ ചിന്തകനാണ് മാർക്സെന്ന് സാമുവൽസണും അഭിപ്രായപ്പെട്ടു.  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയ ഉടനെയാണ് യൂറോപ്പിൽ 1848 വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഫ്രാൻസിലും മറ്റും അത് പരാജയപ്പെട്ടപ്പോൾ 'വിപ്ലവങ്ങളുടെ പരാജയവർഷമാണ് 1848' എന്ന കാതടപ്പിക്കുന്ന പ്രചാരണമാണ് ബൂർഷ്വാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നടത്തിയത്. വിപ്ലവ തൊഴിലാളിവർഗത്തിന്റെ ശല്യം അവസാനിച്ചുവെന്ന് ഇക്കൂട്ടർ ആഹ്ലാദിക്കുന്ന വേളയിലാണ് ലോകത്തിൽ ആദ്യമായി പാരീസിലെ തൊഴിലാളിവർഗം ഭരണത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ലോകത്തെ ഞെട്ടിച്ചത്. ആറാഴ്ചമാത്രം നിലനിന്ന പാരീസ് കമ്യൂണിനെ ബൂർഷ്വാസി ചോരയിൽ മുക്കിക്കൊന്നു.  

പാരീസ് കമ്യൂണിന്റെ പരാജയത്തിനുശേഷം 46 വർഷങ്ങൾക്കുശേഷം റഷ്യയിൽ ലക്ഷണമൊത്ത ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവം നടന്നു. ഇതോടെ കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരണം അതിന്റെ മൂർധന്യത്തിലെത്തി. കമ്യൂണിസത്തെ ചെറുക്കാൻ മുതലാളിത്തം അതുവരെ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മിതവാദനയം ഉപേക്ഷിച്ച് ലോകമെങ്ങും ഏകാധിപതികൾക്ക് പിന്തുണ നൽകാനും അവരെ അധികാരത്തിലിരുത്താനും പ്രയത്നിച്ചുവെന്ന് പ്രസിദ്ധ ചരിത്രകാരനായ എറിക് ഹോബ്സ്ബാംതന്നെ നിരീക്ഷിക്കുകയുണ്ടായി. കമ്യൂണിസത്തെ പിടിച്ചുകെട്ടുക എന്ന ആശയവുമായാണ് ശീതയുദ്ധത്തിനുതന്നെ അമേരിക്കയും പാശ്ചാത്യലോകവും തുടക്കമിട്ടത്. ജോർജ് ഫ്രോസ്റ്റ് കെന്നാനിന്റെ പോളിസി ഓഫ് കണ്ടെയ്ൻമെന്റും മാർഷൽ പദ്ധതിയും ഗോൾഡ് വാട്ടറിസവും മറ്റും ലക്ഷ്യംവച്ചതും സോഷ്യലിസത്തെതന്നെയായിരുന്നു. കമ്യൂണിസത്തിനെതിരെ ആശയബോംബെറിയാൻ ആഹ്വാനം ചെയ്തത് വിൻസ്റ്റൺ ചർച്ചിലായിരുന്നു. സോഷ്യലിസത്തെ തകർക്കാൻ ഫാസിസ്റ്റ്‐ നാസി കക്ഷികൾ ശ്രമിച്ചെങ്കിലും രണ്ടുകോടിപ്പേരുടെ ജീവൻ നൽകി സോവിയറ്റ് യൂണിയൻ അതിനെ അതിജീവിച്ചു. എന്നാൽ, സോഷ്യലിസ്റ്റ് ആശയങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, അത് വ്യാപിക്കുകയും ചെയ്തു. ചൈനയിലും കൊറിയയിലും വിയത്നാമിലും ക്യൂബയിലും മധ്യ‐ ലാറ്റിനമേരിക്കയിലും സോഷ്യലിസത്തിന്റെ കൊടി ഉയർന്നു.

ഇന്ത്യയിലും കമ്യൂണിസ്റ്റ് പാർടി ശക്തി നേടി. പുന്നപ്ര‐ വയലാർ, കയ്യൂർ, തെലങ്കാന, തേഭാഗ സമരങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ ജനങ്ങളുടെ ആവേശമായി. രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ അധികാരത്തിൽ വന്നു. അതിനെ അട്ടിമറിക്കാൻ അമേരിക്കൻ സിഐഎയും ഇന്ത്യൻ ഭരണവർഗവും കൈകോർത്തു. പശ്ചിമബംഗാളിലെ സർക്കാരിനെ താഴെയിറക്കാനും സമാനമായ നീക്കങ്ങളുണ്ടായി. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കമ്യൂണിസത്തിന് മരണക്കുറിയുമായി പലരും രംഗത്തുവന്നു. ചുവപ്പുഭീഷണി അവസാനിച്ചുവെന്ന് അമേരിക്ക വിളിച്ചുകൂവിയപ്പോൾ സോഷ്യലിസം മരിച്ചുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ അലമുറയിട്ടു. കമ്യൂണിസം ഇനി ഒരിക്കലും ഉയിർത്തെഴുന്നേൽക്കില്ലെന്ന് കേരളത്തിലെ പത്രമുത്തശ്ശി കുറിച്ചിട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ ലോകമെങ്ങുമുള്ള വലതുപക്ഷശക്തികളുടെ കണ്ണ് മഞ്ഞളിച്ചുപോയിരുന്നു. 

എന്നാൽ, പ്രചണ്ഡമായ ഈ പ്രചാരണങ്ങൾക്കിടയിലും കമ്യൂണിസ്റ്റ് ആശയങ്ങൾ നിലനിന്നു എന്നുമാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിലും ഇടതുപക്ഷം കരുത്താർജിക്കുകയും ചെയ്തു.  ചൈനയും വിയത്നാമും വടക്കൻ കൊറിയയും ലാവോസും ക്യൂബയും മാത്രമല്ല, വെനസ്വേലയും ബൊളീവിയയും നിക്കരാഗ്വയും മറ്റും ഇടതുപക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. ഏറ്റവും ഒടുവിൽ നേപ്പാളിലും ചെങ്കൊടി ഉയർന്നു. രാജ്യത്ത് അധഃസ്ഥിതരും ദളിതരും ന്യൂനപപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും മുമ്പെങ്ങുമില്ലാത്ത ഐക്യത്തോടെ സമരപാതയിലാണ്. കമ്യൂണിസവും അംബേദ്കറിസവും തമ്മിലുള്ള ഐക്യവും രാജ്യത്തിന്റെ വിവിധ മേഖലകളിൽ രൂപംകൊള്ളുന്നു. ചരിത്രത്തിന്റെ ഈ ഗതിവിഗതികളെയെല്ലാം കണ്ടില്ലെന്നു നടിച്ചാണ് കമ്യൂണിസത്തിന് പലരും ചരമക്കുറിപ്പെഴുതാൻ മത്സരിക്കുന്നത്. അവർക്ക് ലക്ഷ്യം കാണാനാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top