31 January Tuesday

സങ്കടക്കാഴ്ചയായി കൂട്ടപ്പലായനം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

നാലഞ്ചു ദിവസമായി നമ്മുടെ രാജ്യം കാണുന്ന ഒരു കാഴ്ച ഹൃദയഭേദകമാണ്. ഒക്കത്തും തോളിലും കുഞ്ഞുങ്ങളെയെടുത്ത അച്ഛനമ്മമാർ, ഗർഭിണികൾ, ചട്ടിയും കലവും ചുരുൾപ്പായയുമെല്ലാം അടങ്ങുന്ന ഭാണ്ഡം തലയിൽ ചുമന്നുനീങ്ങുന്ന അമ്മമാർ, കൈയിൽ കിട്ടിയതെല്ലാം പുറത്തു തൂക്കിയ ബാഗിലാക്കി അലയുന്ന യുവാക്കൾ....
 ഇന്ത്യയുടെ മഹാനഗരങ്ങളിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കുന്ന പാവപ്പെട്ട മനുഷ്യരാണവർ. അന്നന്ന് പണിയെടുത്ത് കിട്ടുന്ന കൂലികൊണ്ട് അന്നം തേടുന്ന അതിഥിത്തൊഴിലാളികൾ. ഒരു തുള്ളി വെള്ളംപോലും കുടിക്കാനില്ലാതെ തളർന്ന്, മടുത്തുനിൽക്കുന്ന അവരുടെ അവസ്ഥ ഏതൊരു മനുഷ്യസ്നേഹിയുടെയും കണ്ണ്‌ നനയിക്കുന്നതായി. വിശന്നുപൊരിഞ്ഞ് പലരും കരയുന്നത് കാണാമായിരുന്നു. 1947ലെ വിഭജനകാലത്തെ അഭയാർഥി പ്രവാഹം ഓർമപ്പെടുത്തിയ ദിനങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിതന്നെ ഇതിന്‌ സാക്ഷിയായി.

മാർച്ച് 24ന് രാത്രി എട്ടിന് പ്രധാനമന്ത്രി മൂന്നാഴ്ചത്തെ ദേശവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 130 കോടിയിലേറെ ജനങ്ങൾക്ക് അതിനൊരുങ്ങാൻ ലഭിച്ചത് വെറും നാല്‌ മണിക്കൂർ. അന്ന് അർധരാത്രിമുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിലായതോടെ ട്രെയിൻ സർവീസുകൾ നിലച്ചു, വാഹന ഗതാഗതം സ്തംഭിച്ചു, അന്തർ സംസ്ഥാന സർവീസുകൾ നിർത്തി. മുന്നൊരുക്കമില്ലാത്ത ലോക്ക്ഡൗൺ  ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയത് രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ നിന്നെത്തി നഗരങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെയാണ്. അവർക്ക് ഭക്ഷണമില്ല, മരുന്നില്ല, പണമില്ല, കൈകഴുകാൻ പോയിട്ട് കുടിക്കാൻപോലും വെള്ളമില്ല. ലക്ഷക്കണക്കിന് തൊഴിലാളികൾ പെരുവഴിയിൽ
നെട്ടോട്ടമോടുന്ന സാഹചര്യം.

കേരളത്തിലൊഴികെ ഒരിടത്തും ഈ തൊഴിലാളികൾക്കായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒരു നടപടിയുമെടുത്തില്ല. എന്ത്‌ ദുരിതമായാലും എങ്ങനെയും നാട്ടിലും വീട്ടിലുമെത്താൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എല്ലാവരും എവിടെയാണോ അവിടെത്തന്നെ നിലകൊള്ളാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. അപ്പോൾ, അതിനുള്ള സൗകര്യമൊരുക്കേണ്ടതല്ലേ. കേരളത്തിൽ മാത്രമാണ് ആ സൗകര്യം ഉറപ്പാക്കിയത്.ഡൽഹി, ഹരിയാന, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നഗരങ്ങളിൽ എത്രയോ ലക്ഷം അതിഥിത്തൊഴിലാളികളുണ്ട്. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ നിന്നെത്തിയവർ. ലോക്ക്ഡൗണോടെ ഇവർക്ക് വീട്ടിലേക്ക് നടക്കുകയല്ലാതെ മറ്റ്‌ വഴിയില്ലെന്നായി. മധ്യപ്രദേശിലെ ജബുവ ജില്ലയിലെ  മുപ്പതിനായിരത്തോളം ആദിവാസി തൊഴിലാളികൾ 450 കിലോമീറ്ററിലേറെ നടന്നാണ് അവരുടെ  ഗ്രാമത്തിലെത്തിയത്. 
ഒടുവിൽ, ഇത്തരം തൊഴിലാളികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയത് ശനിയാഴ്ച ഉച്ചയോടെമാത്രം. അപ്പോഴേക്കും പലയിടത്തും നഗരങ്ങൾ തൊഴിലാളികളുടെ സമുദ്രമായി. അത്രയേറെ തിക്കും തിരക്കും. സാമൂഹ്യഅകലം എന്ന ലക്ഷ്യംതന്നെ പാളിപ്പോയ സ്ഥിതി. ആർക്കും മാസ്കും മറ്റുമില്ല. ഡൽഹി–-യുപി അതിർത്തിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ എത്തിയത് ആയിരക്കണക്കിന് തൊഴിലാളികൾ. കിലോമീറ്ററുകൾ കൂട്ടമായി നടന്നെത്തുകയായിരുന്നു അവർ.  എങ്ങനെയും ബസിൽ കയറിപ്പറ്റാൻ അവരുടെ പെടാപ്പാട് സാമൂഹ്യ അകലമൊന്നും ഉറപ്പാക്കുന്നതല്ലല്ലോ. മഹാരാഷ്ട്രയിലും തെലങ്കാനയിലും കൂട്ടപ്പലായനത്തിനിടയിലേക്ക് വാഹനമിടിച്ചുകയറി 11 പേരുടെ ജീവൻ നഷ്ടപ്പെട്ടത് മറ്റൊരു ദുരന്തം.

എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യമുണ്ടായി? ജനുവരി 21ന് ചൈനയിൽ കോവിഡ്–-19 പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. ജനുവരി പത്തിനുതന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുമുണ്ടായി. യൂറോപ്പ്‌ പകർച്ചവ്യാധിയുടെ കേന്ദ്രമായി മാറിയതായി മാർച്ച് 13ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതെല്ലാം ഗൗരവമായി കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര സർക്കാരിന് കഴിയുമായിരുന്നു.മാർച്ച് 22ന് രാജ്യവ്യാപക ജനത കർഫ്യു നടത്താൻ 19ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതോടെ മാത്രമാണ് ഇന്ത്യാ ഗവൺമെന്റ്‌ ഗൗരവമായ നടപടികളിലേക്ക് വരുന്നത്. എന്നിട്ടും 24 വരെ പാർലമെന്റ്‌ സമ്മേളനം തുടർന്നു. കൊറോണക്കാലത്തുതന്നെ കൂറുമാറ്റത്തിലൂടെ  മധ്യപ്രദേശിൽ ബിജെപിയുടെ  ഗവൺമെന്റും  അധികാരത്തിലേറി. ഈ ദിവസങ്ങളിലൊന്നും രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് വലിയ തയ്യാറെടുപ്പ് നടത്തിയതായി  തോന്നുന്നില്ല. 2016 നവംമ്പർ എട്ടിന്  നോട്ട്നിരോധം പ്രഖ്യാപിച്ചതുപോലെയായി ലോക്ക്ഡൗൺ പ്രഖ്യാപനവും. അതുകൊണ്ടുതന്നെ, വൻനഗരങ്ങളിലെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തൊഴിലാളികളുടെ കണ്ണീരിന് ഉത്തരവാദി കേന്ദ്ര സർക്കാർതന്നെ.

 കൂടുതൽ ജനസാന്ദ്രതയുള്ള  രാജ്യമായ ഇന്ത്യയിൽ കൊറോണയുടെ സമൂഹ വ്യാപനമുണ്ടായാൽ അത് വലിയ ദുരന്തമാകും.  വൈറസിന്റെ  വ്യാപനം തടയാൻ എല്ലാവരും വീട്ടിലിരിക്കേണ്ടതും സാമൂഹ്യഅകലം പാലിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് ലോക്ക്ഡൗൺ അനിവാര്യവുമാണ്. പക്ഷേ, നേരത്തെ ആസൂത്രണം ചെയ്യേണ്ടിയിരുന്നു. ആ പോരായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവുമടക്കം എല്ലാ സൗകര്യവും ഒരുക്കി കേരളം സ്വീകരിച്ചത്  മാതൃകാപരമായ മുൻകരുതൽ നടപടിയാണ്. ജോലിയില്ലാതായതിന്റെ പേരിൽ ആരെയും ഇറക്കിവിടരുതെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇവിടെ സുരക്ഷിതത്വമൊരുക്കി. ഇതുപോലെ, എല്ലാ മനുഷ്യരുടെയും ജീവൻ രക്ഷിക്കാൻ, സാമൂഹ്യജീവിതം തകരാതിരിക്കാൻ ആത്മാർഥമായ ശ്രമം കേന്ദ്ര സർക്കാരിന്റെയും മറ്റ്‌ സംസ്ഥാന സർക്കാരുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top