30 March Thursday

നയിക്കാൻ ആളില്ലാതെ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022

രാജ്യത്തെ ഏറ്റവും പഴക്കമേറിയ രാഷ്‌ട്രീയ പാർടിയായ കോൺഗ്രസ്‌ അതിനെ നയിക്കാനൊരു നേതാവിനെ തിരയുന്ന അതിദാരുണമായ അവസ്ഥാവിശേഷം നേരിടുകയാണ്‌. ബിജെപിയുടെ  കൂടാരം പൂകാൻ  ഒരുങ്ങിനിൽക്കുന്നവരെ എങ്ങനെ പിടിച്ചുനിർത്തണമെന്ന കാര്യത്തിൽ ഒരു  ധാരണയുമില്ല. പ്രവർത്തകസമിതി അംഗങ്ങൾ പോലും ബിജെപിയിൽ എത്തുന്നത്‌ വാർത്തയല്ലാതാകുന്ന ഒരുകാലത്താണ്‌ പ്രസിഡന്റാകാൻ ആളില്ലാത്ത  പ്രതിസന്ധി.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ തകർച്ചയെത്തുടർന്നാണ്‌ മകൻ രാഹുലിൽനിന്ന്‌ സോണിയ അധ്യക്ഷപദം ഏറ്റെടുക്കുന്നത്‌. കേസുകളും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലുമെല്ലാം രോഗബാധിതയായ സോണിയ ഗാന്ധിയെ വല്ലാതെ അവശയാക്കിയിട്ടുണ്ട്‌. ആരോഗ്യ കാരണങ്ങളാൽ അധ്യക്ഷപദത്തിൽ തുടരാനാകില്ലെന്ന്‌ അവർ വ്യക്തമാക്കിക്കഴിഞ്ഞു;  പ്രസിഡന്റാകാൻ താനില്ലെന്ന്‌ രാഹുലും. സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിൽ  പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മാർഗംകൂടി പറഞ്ഞുതരണമെന്ന്‌ രാഹുലിനോട്‌  അഭ്യർഥിച്ചിരിക്കുകയാണ്‌  നേതാക്കൾ.

2019ലെ തിരിച്ചടിയേക്കാൾ ദയനീയമാകും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ. ഒരുകാലത്ത്‌ നാനൂറിലേറെ ലോക്‌സഭാ സീറ്റിൽ ജയിച്ചിരുന്ന കോൺഗ്രസിന്‌  2019ൽ 53 സീറ്റിലാണ്‌ ജയിക്കാനായത്‌. ബിജെപിക്ക്‌ എതിരെയുള്ള മതനിരപേക്ഷ സഖ്യത്തെ നയിക്കാൻ ആ പാർടിക്കാകില്ലെന്ന്‌ പലതവണ തെളിയിക്കപ്പെട്ടതാണ്‌. മാത്രവുമല്ല, യുപിയിലും ബിഹാറിലും മതനിരപേക്ഷ സഖ്യത്തിൽ വിള്ളൽവീഴ്‌ത്താനാണ്‌ കോൺഗ്രസ്‌ ശ്രമിച്ചത്‌.   
പ്രമുഖർ കോൺഗ്രസ്‌ വിടുന്നു, വിടുന്നവർ ബിജെപിയിൽ ചെന്ന്‌ പദവികൾ നേടുന്നു. അവശേഷിക്കുന്നവർ  ഒരു പ്രതീക്ഷയുമില്ലാതെ അസ്വസ്ഥരായി കോൺഗ്രസിൽ തുടരുന്നു. ബിജെപിയിൽനിന്ന്‌ ഒരുവിളി വന്നാൽ ആരും പോകുമെന്ന സ്ഥിതി. അടുത്തകാലത്ത്‌ കോൺഗ്രസ്‌ വിട്ടവരിൽ പ്രമുഖനാണ്‌ കപിൽ സിബൽ. വിമത നേതാക്കളുടെ കൂട്ടായ്‌മയായ ജി 23ലെ പ്രമുഖനായിരുന്ന സിബൽ  സമാജ്‌വാദി പിന്തുണയോടെ രാജ്യസഭയിൽ എത്തി. ഹരിയാനയിൽനിന്നുള്ള പ്രവർത്തകസമിതി അംഗം  കുൽദീപ്‌ ബിഷ്‌ണോയി ബിജെപിയിൽ ചേർന്നു. നിരന്തരമായ തിരിച്ചടികളിൽ ഏറ്റവും പുതിയതാണ്‌ കശ്‌മീരിൽനിന്നുള്ള ഗുലാം നബി ആസാദിന്റെയും ഹിമാചലിൽനിന്നുള്ള ആനന്ദ്‌ ശർമയുടെയും സ്ഥാനമൊഴിയൽ.  ജമ്മു കശ്‌മീരിലെ കോൺഗ്രസ്‌ തെരഞ്ഞെടുപ്പുപ്രചാരണ കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന്‌ ഗുലാം നബി രാജിവച്ചതിനു പിന്നാലെയാണ്‌ ഹിമാചൽ പ്രദേശ്‌ കോൺഗ്രസ്‌ സ്റ്റിയറിങ്‌ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന്‌ മുതിർന്ന നേതാവായ ആനന്ദ്‌ ശർമ രാജിവച്ചത്‌. കുറച്ചുകാലമായി കോൺഗ്രസ്‌ സംഘടനയിൽ സമൂലമായ പരിഷ്‌കരണം ആവശ്യപ്പെടുകയാണ്‌ ജി 23 കൂട്ടായ്‌മയിലെ നേതാക്കൾ. ഇവരുടെ  നിരന്തരമായ ആവശ്യങ്ങളോട്‌ സോണിയയും രാഹുലും എഐസിസിയിലെ അവരുടെ കൂട്ടാളികളും പുറംതിരിഞ്ഞുനിൽക്കുന്നതിന്റെ പരിണതികൂടിയാണ്‌ സിബൽ, ആസാദ്‌, ശർമ എന്നിവരുടെ പുതിയ നീക്കങ്ങൾ.

ബിജെപിയുടെ അമിതാധികാര പ്രവണതയെ എങ്ങനെ ഫലപ്രദമായി കൈകാര്യംചെയ്യുമെന്ന്‌ കോൺഗ്രസിന്‌ അറിയില്ല.  അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ സോണിയയെയും രാഹുലിനെയും വേട്ടയാടിയിട്ടുപോലും ബിജെപിയുടെ ഭീഷണിയെക്കുറിച്ച്‌ സ്വയം ബോധ്യപ്പെടാനോ നേതാക്കളെയും അണികളെയും ബോധ്യപ്പെടുത്താനോ  കോൺഗ്രസിന്‌ കഴിയുന്നില്ല. ബിജെപിയുടെ ബി ടീമാകുകയെന്ന തന്ത്രം പാളിയിട്ടും പാഠംപഠിച്ചിട്ടില്ല. പൂണൂലിട്ട്‌ ബ്രാഹ്മണനായി ചമഞ്ഞ്‌ യുപി തെരഞ്ഞെടുപ്പിലുടനീളം ക്ഷേത്രങ്ങളിൽനിന്ന്‌ ക്ഷേത്രങ്ങളിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.   
സോണിയയും രാഹുലും അല്ലെങ്കിൽ ആരാകും കോൺഗ്രസ്‌ പ്രസിഡന്റ്‌.  നെഹ്‌റു കുടുംബത്തിൽ നിന്നല്ലാതെ ഒരാളെ കണ്ടെത്തിയാൽത്തന്നെ അയാൾക്ക്‌ കോൺഗ്രസിനെ നയിക്കാൻ സാധിക്കുമോ. 1978നു ശേഷമുള്ള  44 വർഷത്തിൽ നെഹ്‌റു കുടുംബത്തിൽനിന്നല്ലാത്ത രണ്ടേ രണ്ടുപേർ മാത്രമാണ്‌ കോൺഗ്രസ്‌ പ്രസിഡന്റായത്‌.  1992 മുതൽ 1998 വരെയുള്ള ഇടവേളയിൽ നരസിംഹ റാവുവും സീതാറാം കേസരിയും. ഇന്ദിര, രാജീവ്‌, സോണിയ, രാഹുൽ എന്നിവരിൽ കറങ്ങിത്തിരിയുകയായിരുന്നു അധ്യക്ഷപദം.  2022ൽ ആര്‌ അധ്യക്ഷസ്ഥാനത്ത്‌ എത്തിയാലും കോൺഗ്രസിന്‌ തിരിച്ചുവരവ്‌ അസാധ്യമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top