11 December Wednesday

അക്ഷരം മ്യൂസിയം അർഥപൂർണമായ ചുവടുവയ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024


സാംസ്കാരിക മൗലികവാദത്തിന് ഭാഷയെയും ആയുധമാക്കുന്ന കാലത്ത് ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യത്തെയും അതിന്റെ തനിമയെയും അടയാളപ്പെടുത്തുന്ന അക്ഷരം മ്യൂസിയം  പ്രസക്തമാണെന്നു മാത്രമല്ല അനിവാര്യവുമാണ്. ആദ്യമായി  മലയാള പുസ്തകം അച്ചടിച്ച,  രാജ്യത്തെ ആദ്യത്തെ സാക്ഷരനഗരമായ  കോട്ടയത്ത് സഹകരണവകുപ്പും സാഹിത്യ പ്രവർത്തക സഹകരണസംഘവും ചേർന്ന് സ്ഥാപിച്ച അക്ഷരം മ്യൂസിയം രാജ്യത്തെ ആദ്യത്തെ ഭാഷാ, സാഹിത്യ, സാംസ്കാരിക മ്യൂസിയമാണെന്നതിൽ സാംസ്കാരിക സമന്വയത്തിന്റെ നാടായ കേരളത്തിന് അഭിമാനിക്കാം.

നാലു ഘട്ടങ്ങളിലായി പൂർത്തിയാകുന്ന വിപുലമായ മ്യൂസിയം പദ്ധതിയുടെ ആദ്യഘട്ടത്തിൽ  ഭാഷയുടെ ഉൽപ്പത്തിമുതൽ മലയാളഭാഷയുടെ വികാസപരിണാമങ്ങൾവരെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് സാധാരണക്കാർക്കുമുതൽ ഗവേഷകർക്കുവരെ പ്രയോജനപ്രദമാകുംവിധമാണ്. ഏതു ജിജ്ഞാസുവിന്റെയും ചോദ്യത്തിനുത്തരമായാണ് മ്യൂസിയത്തിന്റെ ഒന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും അക്ഷരലിപികളായും വികസിക്കുന്ന അത്രയൊന്നും പരിചിതമല്ലാത്ത, ഭാഷയുടെ ചരിത്രം വിവരിച്ചിരിക്കുന്നത് ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാനാകും വിധമാണെന്നത് അഭിനന്ദനീയം. വട്ടെഴുത്തിലൂടെയും  കോലെഴുത്തിലൂടെയും മറ്റുമുള്ള  മലയാളലിപിയുടെ പരിണാമചരിത്രം മലയാണ്മയെ അറിയാനാഗ്രഹിക്കുന്നവർക്ക് ഉപകാരമാകും. അക്ഷരങ്ങളുടെ പരിണാമചരിത്രം വീഡിയോകളിലൂടെ വിവരിച്ചിരിക്കുന്നു. അച്ചടിയെക്കുറിച്ചും അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും ആദ്യമായി അച്ചടിമഷി പുരണ്ട മലയാള പുസ്തകങ്ങളെക്കുറിച്ചും മാത്രമല്ല പ്രധാന അച്ചടിശാലകളെക്കുറിച്ചുള്ള വിവരണങ്ങളും, ഡിജിറ്റൽ വായനയിലേക്ക് വഴി മാറുന്ന കാലത്ത് അനിവാര്യ ഓർമപ്പെടുത്തലുകളാകും. കേരളത്തിലെ 36 ഗോത്രഭാഷകൾക്കും ദ്രാവിഡ ഭാഷകൾക്കുമായി ഒരു ഗ്യാലറിതന്നെ മാറ്റിവച്ചത് അവയെക്കുറിച്ചുള്ള പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നെയാണെന്ന് വ്യക്തം.

പ്രസാധകരുടെ ചൂഷണത്തിനിരയായിരുന്ന എഴുത്തുകാരെ അതിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തുതന്നെ ആദ്യമായി എഴുത്തുകാരുടെ സഹകരണസംഘം രൂപംകൊണ്ട കേരളത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ മാറ്റിനിർത്തി സാഹിത്യ ചരിത്രം വിവരിക്കുക സാധ്യമല്ല. എസ്‌പിസിഎസിന്റെയും സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെയും ചരിത്രം വിവരിക്കുന്ന ഗ്യാലറിയിൽ  പ്രമുഖ മലയാള  സാഹിത്യകാരന്മാരുടെ ഇരുന്നൂറിലേറെ കൈയെഴുത്തുപ്രതികളും തൊണ്ണൂറിലേറെ എഴുത്തുകാരുടെ ശബ്ദരേഖകളും ഡിജിറ്റലായി അവതരിപ്പിക്കുന്നു. ആറായിരത്തോളം ലോക ഭാഷകളുടെ പ്രദർശനം മാനവസംസ്കൃതിയുടെ വൈപുല്യവും വൈവിധ്യവും തിരിച്ചറിയാനുള്ള ഉപാധി കൂടിയാണ്.

ലോകഭാഷകളെയും ഇന്ത്യൻ ഭാഷകളെയും അടുത്തറിയാൻ അവസരമൊരുക്കുന്ന രണ്ടാംഘട്ടവും മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ വിവരിക്കുന്ന മൂന്ന്, നാല് ഘട്ടങ്ങളുംകൂടി പൂർത്തിയാകുന്നതോടെ സമഗ്രവൈജ്ഞാനിക കേന്ദ്രമായി അക്ഷരം മ്യൂസിയം മാറും.സാംസ്കാരിക അധിനിവേശം വലതുപക്ഷ വർഗീയ വംശീയ കപടദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന പ്രത്യയശാസ്ത്ര ആയുധങ്ങളിലൊന്നാണ്. മാനസികഅടിമത്തം സൃഷ്ടിക്കാനുദ്ദേശിച്ചുള്ള സാംസ്കാരിക അധിനിവേശത്തിൽ ഭാഷ പ്രധാനഘടകമാണ്. ഇന്ത്യയിൽ ഏകപക്ഷീയമായി ഹിന്ദി അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ  ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തെ ഒറ്റ ഭാഷാനാടായി മാറ്റാനുള്ള നീക്കത്തിനെതിരായ ചെറുത്തുനിൽപ്പാണ് അക്ഷരം മ്യൂസിയമെന്ന,  ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ അതിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രസക്തിയെയാണ് അതിനാൽ  സൂചിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top