ജെൻസി ‘തെരുവിൽ’ പ്രതിഷേധവും പൂക്കിവൈബ്

കണ്ണൂർ
ഒരു സംഭവം നടന്നാൽ അതിനെതിരെ പ്രതിഷേധിക്കാൻ ജെൻസികൾക്ക് നഗരത്തിലെ തെരുവുകൾ വേണമെന്നില്ല. അവർ കൊടികളും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്നില്ലെന്നേയുള്ളൂ, പക്ഷേ, ലോകത്തിന്റെ തെരുവിൽ അവർ സജീവമാണ്. ഗെയിം കളിച്ചും ചിത്രങ്ങൾ വരച്ചും ട്രോളുകൾ മെനഞ്ഞുമൊക്കെ അനീതിക്കെതിരെ പ്രതിഷേധിക്കുകയാണ് പുതിയ കാലത്തെ സമര യൗവനം. സമൂഹമാധ്യമങ്ങളാണിന്ന് പ്രതിഷേധങ്ങളുടെ അരങ്ങായ ‘തെരുവു’കളെന്നുമാത്രം. അങ്ങനെ പുതിയകാലത്ത് പ്രതിഷേധങ്ങളും സമരങ്ങളും വേറിട്ടതാകുകയാണ്. കേരളത്തിൽ അധികാരമേറ്റ പൂക്കി മുഖ്യമന്ത്രിയുടെയും യുഡിഎഫ് സർക്കാരിന്റെയും തെറ്റായ നയങ്ങൾക്കെതിരെ ജെൻസികളുടെ ന്യൂജൻ പ്രതിഷേധങ്ങൾ അത്രയും മൂർച്ചയുള്ളതായിരുന്നു. കാട്ടുതീപോലെയാണ് സമൂഹമാധ്യമങ്ങളിൽ അവർ പടർന്നുപിടിക്കുന്നത്. വൈദ്യുതി നിയന്ത്രണത്തിനെതിരെ മൊബൈൽ ഗെയിം പുറത്തിറക്കിയായിരുന്നു പ്രതിഷേധം. പവർകട്ട് സമയത്ത് ഇരുട്ടിൽ ശല്യമാകുന്ന കൊതുകുകളെ സ്‌ക്രീനിൽ തട്ടി വീഴ്‌ത്തുന്നതായിരുന്നു ഗെയിം. ഓരോ കൊതുകിനെ വീഴ്‌ത്തുമ്പോഴും പോയിന്റ് ലഭിക്കും. പ്രതിഷേധത്തെ വിനോദമാക്കി മാറ്റിയുള്ള ഈ ഡിജിറ്റൽ സമരം സമൂഹമാധ്യമത്തിൽ വൈറലായി. കൂടാതെ പൂക്കി വിശറി വിതരണം ചെയ്‌തും പവർകട്ട് സമയം പ്രവചിക്കുന്നവർക്ക് ബിരിയാണി നൽകിയുമൊക്കെ പ്രതിഷേധങ്ങൾ വ്യത്യസ്‌തമായി. പവർകട്ടിനെക്കുറിച്ച് കുട്ടി കലാകാരി വൃദ്ധി വിശാലിന്റെ ട്രോളും ഹിറ്റായി. മുഖ്യമന്ത്രിയുടെ വിമാനയാത്രകളുടെ അജ്ഞാത സ്‌പോൺസർമാരെ വെളിപ്പെടുത്തുക എന്ന രാഷ്ട്രീയ സന്ദേശവുമായി ‘അജ്ഞാത സ്‌പോൺസറുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലായിരുന്നു വ്യത്യസ്തമായ മറ്റൊരു പ്രതിഷേധം. പൂക്കി സ്‌പോൺസർ ഇൻ എന്ന ലിങ്കിൽ കയറി സ്‌പോൺസറുടെ ചിത്രം വരയക്കാം. ആയിരങ്ങളാണ് ചിത്രം വരച്ച് പ്രതിഷേധത്തിന്റെ ഭാഗമായത്. ക്യാന്പസുകളിൽ പേപ്പറുപയോഗിച്ച് വിമാനങ്ങളുണ്ടാക്കിയും ജെൻസീകൾ പ്രതിഷേധ സ്വരമുയർത്തി. അനീതിക്കെതിരെയുള്ള സമരത്തിന്റെ അവതരണ രീതി മാറുന്പോൾ അതിവേഗം ഇൗ പ്രതിഷേധങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുകയും ശ്രദ്ധ നേടുകയും ചെയ്യുന്നു. ജെൻസികൾ പ്രതിഷേധങ്ങളെയും വൈബാക്കുകയാണ്.








0 comments