കോടിയേരി സ്‌മൃതി ദേശീയ സെമിനാർ 20ന്

തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നാലാമത് ചരമവാർഷികത്തോടനുബന്ധിച്ചുള്ള- ‘കോടിയേരി സ്‌മൃതി’ ദേശീയ സെമിനാർ 20ന് ചൊക്ലിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും തലശേരി താലൂക്ക് ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലയുമാണ് സെമിനാർ സംഘാടകർ.
ഞായർ രാവിലെ 10ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം യു വാസുകി സെമിനാർ ഉദ്‌ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, കോടിയേരി അനുസ്‌മരണ പ്രഭാഷണം നടത്തും. ‘ജന്തർ മന്തറിനുശേഷം മാറുന്ന മാധ്യമങ്ങളും മാറാത്ത അങ്കിൾ മീഡിയകളും’ വിഷയത്തിൽ ദ ടെലഗ്രാഫ് മുൻ പത്രാധിപർ ആർ രാജഗോപാൽ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്‌ണൻ അധ്യക്ഷനാകും.
‘ജെൻസികളുടെ രാഷ്‌ട്രീയം’ വിഷയം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് അവതരിപ്പിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനാകും. അറുനൂറിലധികംപേർ ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തു. സെമിനാർ ദിവസം രാവിലെ 9 മുതൽ തത്സമയ രജിസ്‌ട്രേഷൻ സൗകര്യമുണ്ട്.









0 comments