യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാനമാണ് പ്രധാനം; ഇറാൻ

Image credit : South china Morning Post
ബീജിംഗ് : പശ്ചിമേഷ്യയിൽ അമേരിക്ക നിരന്തരം പ്രകോപനങ്ങൾ തുടരുമ്പോഴും സമാധാനത്തിന് മുൻഗണന നൽകി ഇറാൻ. അമേരിക്കയുമായി സംഘർഷം തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അരാഗ്ചി ഇറാന്റെ സമാധാന നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കടന്നാക്രമണം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു അരാഗ്ചിയുടെ ചൈന സന്ദർശനം. നയതന്ത്ര തലത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ഇറാൻ എക്കാലത്തും മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. യെമനിലെ ഹൂതികളുടെ മുന്നേറ്റവും ചെങ്കടലിലേയും ഹോർമുസിലെയും ചരക്ക് ഗതാഗത പ്രതിസന്ധിയും ഇരു രാജ്യങ്ങളും വിലയിരുത്തി. അമേരിക്കയുടെ ഏകപക്ഷീയമായ കടന്നുകയറ്റവും ഉപരോധവും ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിച്ച സാഹചര്യത്തിലാണ് സമാധാനം മുൻനിർത്തിയുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറായത്.
2024ന് ശേഷം അഞ്ചാം തവണയാണ് അരാഗ്ചി ചൈനയിലെത്തുന്നത്. അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ തുടരുന്ന കടന്നാക്രമണത്തിനെതിരെ നിലകൊള്ളുമെന്നും ചൈന അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇറാന്റെ നിയമപരവും പരമാധികാരപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ ചൈന മുൻപന്തിയിലുണ്ടാകുമെന്ന് വാങ് യി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിക്ക് ഉറപ്പു നൽകി.
അമേരിക്കയുടെ ഉപരോധങ്ങളെയും ഭീഷണികളെയും മറികടന്ന് സാമ്പത്തിക-ഊർജ മേഖലകളിൽ തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്കിടെയുള്ള അനൗപചാരിക കൂടിക്കാഴ്കൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തിയത്. പശ്ചിമേഷ്യയിൽ തുടരുന്ന സാമ്രാജ്യത്വ കടന്നാക്രണങ്ങൾക്കെതിരെ ഇറാന് ചൈന പിന്തുണയേകുന്നത് പുതിയ നയന്ത്ര നീക്കങ്ങളിലേക്കാണ് വഴിതുറക്കുന്നത്.









0 comments