ad
Deshabhimani

കുന്നംകുളത്ത് അദാനി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച; തീ പടർന്നത് പരിഭ്രാന്തി പരത്തി

SAVE 5.
വെബ് ഡെസ്ക്

Published on Sep 16, 2026, 06:14 PM | 1 min read

കുന്നംകുളം: കുന്നംകുളം യേശുദാസ് റോഡിൽ വ്യാപാരി ഭവന് സമീപം അദാനി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. ഗ്യാസിന് തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ബുധൻ പകൽ 2:30 നാണ് സംഭവം. ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ പാർക്കിലെ ഡ്രൈവർമാർ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും പൈപ്പ് ലൈനിൽ തീ പടർന്നിരുന്നു. ഉടൻതന്നെ സംഘം തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.


അഗ്നിരക്ഷാസേനാ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.വിവരമറിയിച്ചതിനെ തുടർന്ന് അദാനി ഗ്യാസ് പൈപ്പ് ലൈൻ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച സ്ഥിരീകരിച്ചു. ചോർച്ച അടച്ചതിനുശേഷം കുഴിയെടുത്ത് പൈപ്പ് മൂടി. വേണ്ടത്ര ശ്രദ്ധയില്ലാതെ സ്ഥാപിച്ചതിനാൽ പൈപ്പ് ലൈൻ റോഡിന് മുകളിലാണ് കിടന്നിരുന്നത്. ഇത് മറ്റേതെങ്കിലും വസ്തുവിൽ ഉരസിയാകാം പൈപ്പ് ലൈനിൽ ചോർച്ച സംഭവിച്ചതെന്നാണ് നിഗമനം. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.


അടുത്തിടെ കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിലയിൽ നിരവധി സ്ഥലങ്ങളിൽ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച സംഭവിച്ചിരുന്നു. അടുത്തിടെ കുറുക്കൻപാറയിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

ബന്ധപ്പെട്ട അധികൃതർ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home