അംഗജന് പല്ലും ആയുധം

കൂത്തുപറമ്പ് കൈകൊണ്ടല്ല, കല്ലുകൊണ്ടുമല്ല, പല്ലുകൊണ്ടാണ് അംഗജൻ തേങ്ങ പൊളിക്കുന്നത്. കണ്ണൂർ നിടുമ്പൊയിലെ എടയാറിൽനിന്നുള്ള കാഴ്ച കണ്ടുനിന്നവരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ചുണ്ടിനും പല്ലിനും ഒരു പോറൽ പോലുമേൽക്കാതെ നിമിഷനേരംകൊണ്ട് തേങ്ങ അടർത്തിയെടുക്കുന്ന കഴിവ് തരംഗമായി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കോയ്യാറ്റിൽ കപ്പണച്ചാലിൽ അഭിഷ നിവാസിൽ അംഗജന്റെ വിനോദങ്ങൾ വറൈറ്റിയാണ്. പല്ലുകൊണ്ട് തേങ്ങ പൊതിക്കുന്നതിനൊപ്പം ഉള്ളംകൈയിൽ മുട്ടവച്ച് കുപ്പിഗ്ലാസ് ഉപയോഗിച്ച് മുട്ടയും ഗ്ലാസും പൊട്ടാതെ തേങ്ങ ഉടക്കാനും ഇൗ അറുപത്തിമൂന്നുകാരൻ മിടുക്കനാണ്. തേങ്ങയ്ക്കുപുറമെ ചിരട്ടയും പല്ലുകൊണ്ട് കടിച്ച് പൊടിയാക്കാനുള്ള പരീക്ഷണവും നടത്തി വിജയിച്ചു. 22-ാം വയസിലാണ് പല്ലുകൊണ്ട് തേങ്ങപൊതിക്കുന്ന പരീക്ഷണത്തിന് തുടക്കമിട്ടത്. 41 വർഷംമുമ്പ് ടിവിയിൽ കണ്ട ദൃശ്യമാണ് പ്രചോദനം. ആദ്യകാലത്ത് ഒരു തേങ്ങ പൊതിക്കാൻ ഒന്നര ആഴ്ച വേണ്ടിവന്നു. വായയിൽ ചകിരിയുരഞ്ഞ് മുറിവുകളുണ്ടായി. ഇപ്പോൾ ഒരു മിനിറ്റുകൊണ്ട് മൂന്ന് തേങ്ങ പൊതിക്കും. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളുംനേടി. ഗിന്നസ് റെക്കോഡിനുള്ള പരിശീലനത്തിലാണിപ്പോൾ. പല്ലിന്റെ സംരക്ഷണത്തിന് സ്വന്തമായി നിർമിച്ച പൽപ്പൊടിയുണ്ട്. അരമിനിറ്റ് മാത്രമാണ് പല്ലുതേക്കാനെടുക്കുന്ന സമയം. കട്ടിയുള്ള ടൂത്ത്‌ബ്രഷ് ആറുദിവസത്തിൽ കൂടുതൽ ഉപയോഗിക്കാറില്ല. ഇപ്പോൾ യന്ത്രം ഉപയോഗിച്ച് കാടുവെട്ട് തൊഴിൽചെയ്യുന്ന അംഗജന്റെ തൊഴിൽരീതിയും വ്യത്യസ്തമാണ്. അംഗജൻ പിറകോട്ട് നീങ്ങിയാണ് കാട് വെട്ടുക. ഭാര്യ വിശാലാക്ഷിയും മക്കളായ അഭിലാഷും അഭിഷയും അടങ്ങുന്നതാണ് കുടുംബം.








0 comments