മൂന്നുദിന പണിമുടക്ക് ഇന്ന് മുതൽ
കറുപ്പണിഞ്ഞ് ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം

ബാങ്ക് ജീവനക്കാർ കറുത്ത വസ്ത്രം ധരിച്ച് ഞായറാഴ്‌ച ജോലിക്കെത്തി പ്രതിഷേധിച്ചപ്പോൾ
കണ്ണൂർ
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൊളിക്കാൻ പ്രഖ്യാപിച്ച ഞായറാഴ്‌ച പ്രവൃത്തി ദിനത്തിൽ കറുപ്പണിഞ്ഞ് പ്രതിഷേധം. ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ ജീവനക്കാർ തിങ്കൾ മുതൽ മൂന്നുദിവസം പണിമുടക്കുകയാണ്. പണിമുടക്കിനെ നേരിടാൻ കേന്ദ്ര സർക്കാർ ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയതോടെയാണ് ജീവനക്കാർ കറുത്ത വസ്ത്രവും ബാഡ്‌ജും ധരിച്ച് ജോലിക്കെത്തിയത്. ഞായറാഴ്ച ജോലിക്കെത്തിയവർക്ക് അർഹമായ നഷ്ടപരിഹാരവും ഓവർടൈം വേതനവും നൽകും. ജില്ലയിലെ ബാങ്കുകളെല്ലാം തുറന്നു പ്രവർത്തിച്ച് സർക്കാർ തീരുമാനത്തോട് സഹകരിച്ചെങ്കിലും കറുത്ത വസ്ത്രവും ബാഡ്‌ജും ധരിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രവൃത്തിദിനം അഞ്ചാക്കണമെന്നത് 12 വർഷമായുള്ള ആവശ്യമാണ്. 2015ലെ ഉഭയകക്ഷി കരാറിലും തുടർകരാറുകളിലും ഇത് അംഗീകരിച്ചതാണെങ്കിലും കേന്ദ്രസർക്കാർ നടപ്പാക്കിയില്ല. ദിവസം 40 മിനിറ്റ് പ്രവൃത്തിസമയം വർധിപ്പിക്കാമെന്ന് യൂണിയനുകൾ സമ്മതിച്ചിട്ടും സർക്കാർ അനുകൂല നിലപാടെടുത്തില്ല.
ജീവനക്കാരുടെ മഹാധർണ ഇന്ന്
ത്രിദിന ബാങ്ക് പണിമുടക്കിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിസരത്ത് ബാങ്ക് ജീവനക്കാർ മഹാധർണ സംഘടിപ്പിക്കും. രാവിലെ 9.30ന് കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ സംഘടനാ നേതാക്കൾ സംസാരിക്കും.








0 comments