Deshabhimani

രണ്ടിൽ രണ്ടും എൽഡിഎഫ്‌

മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ ഡിവിഷനിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എ കെ സുരേഷ് കുമാറിനെ ആനയിച്ച് മട്ടന്നൂരിൽ നടത്തിയ ആഹ്ലാദ പ്രകടനം
വെബ് ഡെസ്ക്

Published on Sep 30, 2026, 02:00 AM | 2 min read

കണ്ണൂർ

യുഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം നടന്ന ജില്ലയിലെ ആദ്യ ജനവിധിയിൽ രണ്ടിൽ രണ്ടും നേടി എൽഡിഎഫ്‌. മട്ടന്നൂരിലെ ഉരുവച്ചാൽ ഡിവിഷൻ നിലനിർത്തിയപ്പോൾ പെരളശേരി പഞ്ചായത്തിലെ ബാവോഡ്‌ ഇ‍ൗസ്‌റ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. രണ്ടിടത്തും വോട്ടും ഭൂരിപക്ഷവും എൽഡിഎഫ്‌ ഉയർത്തി. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷനിൽ സിപിഐ എമ്മിലെ എ കെ സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 269 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ എൽഡിഎഫിനുണ്ടായിരുന്നത്‌. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർഥിയായി ലത്തീഫ്‌ പഴശ്ശിയും (മുസ്ലിം ലീഗ്‌) ബിജെപി സ്ഥാനാർഥിയായി കെ മോഹനനും മത്സരിച്ചു. സിപിഐ എം പഴശ്ശി സൗത്ത്​ ലോക്കൽ സെക്രട്ടറിയും മട്ടന്നൂർ ഏരിയാ കമ്മിറ്റിയംഗവുമാണ്​ എ കെ സുരേഷ് കുമാർ. 2017ൽ ദേവർകാട്​ ഡിവിഷൻ ക‍ൗൺസിലറായിരുന്നു. 2016ൽ കോടഞ്ചേരി ഡിവിൻ ഉപതെരഞ്ഞെടുപ്പിലും ജയിച്ച്‌ ക‍ൗൺസിലറായി. എ കെ സുരേഷ് കുമാറിനെ ആനയിച്ച് നേതാക്കളും പ്രവർത്തകരും മട്ടന്നൂരിൽ ആഹ്ലാദ പ്രകടനം നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, എം വി സരള, ഏരിയാ സെക്രട്ടറി എം രതീഷ്, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കെ ഭാസ്കരൻ, എം രാജൻ, മണാട്ട് കുമാരൻ, സി സജീവൻ, വി പി ഇസ്മായിൽ, പി ശ്രീനാഥ്, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സി രജനി, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി മുഹമ്മദ് സിറാജ്, സരീഷ് പൂമരം തുടങ്ങിയവർ നേതൃത്വം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ കെ കെ ശൈലജ, വി കെ സനോജ് എംഎൽഎ, പി പുരുഷോത്തമൻ, കെ പി രമേശൻ, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രതീഷ് സ്വാഗതം പറഞ്ഞു. തുടർന്ന്‌ ഉരുവച്ചാലിലേക്ക് എ കെ സുരേഷ് കുമാറിനെ ആനയിച്ച്‌ വൈകിട്ട് പൊതുയോഗവും നടത്തി. ​പെരളശേരി പഞ്ചായത്തിലെ ബാവോഡ്‌ ഇ‍ൗസ്‌റ്റിൽ യുഡിഎ-ഫിന്റെ എല്ലാത്തരം നുണപ്രചാരണങ്ങളെയും അതിജീവിച്ചാണ്‌ എൽഡിഎഫ്‌ ജയം. കഴിഞ്ഞ തവണ 13 വോട്ടിന് കൈവിട്ടുപോയ വാർഡിൽ ഇക്കുറി 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ കെ വി രതീശൻ ജയിച്ചു കയറി. രണ്ട് ബൂത്തുകളിലായി 1393 വോട്ടർമാരിൽ 1191 പേർ വോട്ട് രേഖപ്പെടുത്തി. ഒന്നാം ബൂത്തിൽ എൽഡിഎഫിന് 66 വോട്ടിന്റെ ലീഡ് ലഭിച്ചു. രണ്ടാം ബൂത്തിൽ ഒരുവോട്ട്‌ യുഡിഎഫിനാണ്‌ ലീഡ്‌. കഴിഞ്ഞ തവണ ജയിച്ച യുഡിഎഫിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി എം രഞ്ചിഷും ബിജെപി സ്ഥാനാർഥിയായി കെ പി പ്രജിത്തും മത്സരിച്ചു. എൽഡിഎഫ് പ്രവർത്തകർ പെരളശേരിയിലും ബാവോട് ഈസ്റ്റിലും ആഹ്ലാദപ്രകടനം നടത്തി. എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശി എന്നിവർ ചുവപ്പ് ഷാളണിയിച്ചു. പി ശശി, എം കെ മുരളി, പി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home