ജനങ്ങളാണ് സാക്ഷ്യം
തുടരും

ധർമടം മണ്ഡലത്തിലെ പൊട്ടൻപാറയിൽ എൽഡിഎഫ് വികസന സംവാദ സംഗമത്തിനെത്തിയ വയോധികയോട് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖിക
Published on Feb 21, 2026, 02:00 AM | 2 min read
പിണറായി
വികസന സംവാദ സംഗമ സദസ്സുകളിൽ തടിച്ചുകൂടുന്ന ജനങ്ങളാണ് സാക്ഷ്യം. എൽഡിഎഫ് സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ചവേണമെന്ന ആഹ്വാനമായി മാറിയിട്ടുണ്ട് സംഗമവേദികൾ. നവകേരളം എന്നത് സ്വപ്‌നമല്ല യാഥാർഥ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. മൂന്നു ദിവസമായി ധർമടം മണ്ഡലത്തിൽ നടന്ന വികസന സംവാദ സംഗമങ്ങൾ സമാപിച്ചു. ആയിരങ്ങളോട് സംവദിച്ചാണ് ‘ജനങ്ങൾക്കൊപ്പം വികസനവഴിയിൽ’ എന്ന സന്ദേശമുയർത്തിയുള്ള വികസന സംവാദസംഗമം മണ്ഡലത്തിൽ പതിനേഴിടത്ത് നടന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സംഗമത്തിനെത്തി. നിരാശയിലാണ്ട ജനതയെ പ്രതീക്ഷയുടെ പൊൻകിരണം പടർത്തി മുന്നോട്ടുനയിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസിതരാജ്യങ്ങൾക്ക് സമാനമായ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തി. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ജീവിതം തകർത്തെറിയാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ ഐക്യത്തോടെനിന്നാണ് അഭിമാനപൂർവം അതിജീവിച്ചത്. കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. പ്രതിസന്ധി ഘട്ടത്തിൽ ആശ്രയമാകേണ്ട കേന്ദ്രസർക്കാർ അർഹമായ ഫണ്ടുപോലും അനുവദിക്കാതെ പകയോടെയാണ് പെരുമാറിയത്. സഹായം നൽകാൻ തയ്യാറായ വിദേശരാഷ്‌ട്രങ്ങളിൽനിന്നുപോലും അത് സ്വീകരിക്കാ കേന്ദ്രം സമ്മതിച്ചില്ല. അനുവദനീയമായ നികുതിവരുമാനം പോലും സംസ്ഥാനത്തിന് നിഷേധിക്കുന്നു. കടമെടുക്കാനുള്ള പരിധിയും കുറയ്‌ക്കുന്നു. കിഫ്‌ബിയുടെ കടംപോലും സംസ്ഥാനപരിധിയിൽ ഉൾപ്പെടുത്തി സാന്പത്തികമായി പ്രയാസപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ കടം വികസനപദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. അതിൽനിന്നുള്ള വരുമാനത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാകും. പ്രകടനപത്രികയിൽ പറഞ്ഞ വാഗ്‌ദാനങ്ങളെല്ലാം പൂർത്തിയാക്കിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. ഓരോ വർഷം കഴിയുന്പോഴും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ സമക്ഷത്തിൽ വയ്‌ക്കുന്നു. ഇത് ജനാധിപത്യരാജ്യത്ത് ആദ്യത്തെ സംഭവമാണ്. ജനങ്ങൾ തൊട്ടറിഞ്ഞ വികസനാനുഭവത്തിലാണ് എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി–ആർഎസ്‌എസ് നേതൃത്വത്തിനെ ഇൗ നാടും ജനങ്ങളും അംഗീകരിക്കുന്നില്ല. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. വർഗീയതയെ ശക്തമായി എതിർക്കുന്ന കേരളം വർഗീയശക്തികളെ മാറ്റിനിർത്തി. പല വേഷത്തിൽ ജനങ്ങളെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഏത് വേഷത്തിൽ മാരീചന്മാർ എത്തിയാലും ജനങ്ങൾ അകറ്റിനിർത്തുകയാണ്. ഇതിലുള്ള പകയാണ് കേരളത്തോട് തീർക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ നേതാവ് സി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ, ടി പ്രകാശൻ, ടി ഭാസ്‌കരൻ, വി സി വാമനൻ, ടി കെ എ ഖാദർ, എം ജയപ്രകാശ്, പി പി അബ്‌ദുൾ നാസർ എന്നിവർ പങ്കെടുത്തു. പാറപ്രത്ത് എം മഹേഷ് അധ്യക്ഷനായി. കെ പ്രസാദൻ സ്വാഗതം പറഞ്ഞു. പിണറായിയിൽ എ പ്രഭാകരൻ അധ്യക്ഷനായി. സി നന്ദനൻ സ്വാഗതം പറഞ്ഞു. പെനാങ്കിമെട്ടയിൽ കോങ്കി രവീന്ദ്രൻ അധ്യക്ഷനായി. സി പ്രദീപൻ സ്വാഗതം പറഞ്ഞു. പൊട്ടൻപാറയിൽ എ പി മോഹനൻ അധ്യക്ഷനായി. കുറ്റ്യൻ രാജൻ സ്വാഗതം പറഞ്ഞു. വേങ്ങാട് മെട്ടയിൽ കെ പത്മനാഭൻ അധ്യക്ഷനായി. പി പവിത്രൻ സ്വാഗതം പറഞ്ഞു.










0 comments