ad
Deshabhimani

ചതിരൂർ, പരിപ്പുതോട് മേഖലയിൽ വീണ്ടും കാട്ടാന

പരിപ്പുതോട് മേഖലയിൽ ഇറങ്ങിയ മൊട്ടുകൊമ്പൻ ആനയെ വനപാലകർ  കാട്ടിലേക്ക് തുരത്തുന്നു

പരിപ്പുതോട് മേഖലയിൽ ഇറങ്ങിയ മൊട്ടുകൊമ്പൻ ആനയെ വനപാലകർ കാട്ടിലേക്ക് തുരത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 02:26 AM | 2 min read

കീഴ്പ്പള്ളി

കീഴ്പ്പള്ളി ചതിരൂർ, പരിപ്പുതോട്, പറമ്പത്തെകണ്ടി മേഖലകളിൽ വീണ്ടും കാട്ടാനയെത്തി. ചതിരൂർ നീയലായിൽ ബുധൻ രാത്രി പത്തോടെയാണ്‌ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങിയത്‌. കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കൂട്ടത്തെ കാട്ടിലേക്ക്‌ തുരത്തി. ഇതിനിടെ ചുണ്ടംതടത്തിൽ ബിനോയിയുടെ അരയേക്കർ സ്ഥലത്തെ പുൽക്കൃഷി കാട്ടാനകൾ നശിപ്പിച്ചു. വ്യാഴം പുലർച്ചെയോടെ പരിപ്പ്തോട് മേഖലയിൽ റബർ തോട്ടത്തിൽ വീണ്ടും കാട്ടാനയെത്തി. ടാപ്പിങ് തൊഴിലാളികളാണ് ആനയെ കണ്ടത്. ആറളം ഫാം മേഖലയിലെ അപകടകാരിയായ ‘മൊട്ടുകൊമ്പ’നാണ് പരിപ്പ്തോട്ടിലെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. വനപാലകർ ആനയെ കാട്ടിലേക്ക് തുരത്തി. തുടർച്ചയായി രണ്ട്‌ ദിവസം കാട്ടാനകൾ ഇറങ്ങിയതിനാൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. രണ്ട് ദിവസം മുമ്പ് ചതിരൂർ നീയലായിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അന്ന് കാട്ടാനയുടെ മുന്നിൽപ്പെട്ട ഒരു വീട്ടമ്മ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആറളം പറമ്പത്തെകണ്ടിയിലും രണ്ട് ദിവസമായി കാട്ടാനയുടെ ആക്രമണം തുടരുകയാണ്. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന ആനകളാണ് ഇവിടേക്ക്‌ എത്തുന്നതെന്ന്‌ നാട്ടുകാർ പറഞ്ഞു. ഒന്നര കിലോമീറ്റർ ഭാഗം വഴിയാണ്‌ ആനകൾ അന്പലക്കണ്ടിയിലേക്ക്‌ ഇറങ്ങുന്നത്‌. ഇ‍ൗ പ്രദേശത്ത്‌ സോളാർ വേലി നിർമിക്കണമെന്ന ആവശ്യം നടപ്പായില്ല. പരിപ്പ്തോട് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി മരങ്ങൾ തള്ളിയിട്ട് തകർത്താണ് ആനകൾ ജനവാസമേഖലയിലേക്ക്‌ കടക്കുന്നത്‌. വാളത്തോട്ടിൽ വീണ്ടും കാട്ടാന അയ്യൻകുന്ന് വാളത്തോടിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി ഇതേ മേഖലയിൽ കൃഷി നശിപ്പിച്ചിരുന്നു. വാളത്തോട് പുഷ്പഗിരി– - രാജഗിരി റോഡ് മേഖലയിലെ സദാനന്ദൻ കടുപ്പിൽ, പുൽപ്പറമ്പിൽ ടോമി, മുരുകവിലാസം സുബ്രഹ്മണ്യൻ, വാക്കാത്തുരുത്തേൽ ഷാന്റി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുന്പും ഇതേ ഭാഗങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നു. ആറളം വന്യജീവി സങ്കേതത്തിൽനിന്നും കടന്നുവരുന്ന ആനകളെ പ്രതിരോധിക്കാൻ സ്ഥിരം സോളാർ വേലികളോ പ്രതിരോധ സംവിധാനമോ ഇല്ല. വന്യജീവി സങ്കേതം അതിർത്തിയിലെ ഒന്നര കിലോമീറ്റർ ദൂരമാണ്‌ ആനത്താര പോലെയാവുന്നത്‌. വനം വകുപ്പും നാട്ടുകാരും ചേർന്ന്‌ ഇവിടെ സോളാർ തൂക്ക് വേലി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. വനം വകുപ്പിന്റെ കൈയിലുള്ള ഉപകരണങ്ങൾ കൊണ്ട്‌ താൽക്കാലിക വേലി സ്ഥാപിക്കാനും ആവശ്യമായ മറ്റ് സാമഗ്രികൾ പഞ്ചായത്ത് വാങ്ങിനൽകാനും തീരുമാനിച്ചതാണ്‌. എന്നാൽ, വേലി നിർമാണത്തിൽ പുരോഗതിയുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home