ആരോഗ്യരംഗത്ത് കുതിക്കാൻ മട്ടന്നൂർ

പടിയൂർ -കല്ല്യാട് പഞ്ചായത്തിൽ ഉദ്ഘാടനത്തിന് സജ്ജമാകുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം
മട്ടന്നൂർ സുരേന്ദ്രൻ
Published on Feb 04, 2026, 02:00 AM | 2 min read
മട്ടന്നൂർ
ആരോഗ്യരംഗത്ത് കുതിപ്പിന്റെ പാതയിലാണ് മട്ടന്നൂർ. 10 വർഷമായി ഈ രംഗത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലെ ആരോഗ്യമേഖലയ്‌ക്ക് മുതൽക്കൂട്ടാണ്. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം പൂർത്തിയാകുന്നു. പടിയൂർ -കല്ല്യാട് പഞ്ചായത്തിൽ 311 ഏക്കറിലായി 300 കോടി രൂപ ചെലവിലാണ് ഇതൊരുങ്ങുന്നത്. 59.93 കോടി രൂപ ചെലവിൽ 100 കിടക്കകളുള്ള ആശുപത്രി, മാനുസ്ക്രിപ്റ്റ് സ്റ്റഡി സെന്റർ, ആയുർവേദ ഔഷധ നഴ്‌സറി, ജൈവമതിൽ എന്നിവയുടെ ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയായി. 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ മട്ടന്നൂരിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ ഖ്യാതി ആരോഗ്യരംഗത്ത് രാജ്യത്തിനകത്തും പുറത്തും പടരും. ആയുർവേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം, റിസർച്ച് സെന്റർ, 100 കിടക്കകളുള്ള ആശുപത്രി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞർക്കുള്ള ക്വാർട്ടേഴ്‌സ്, ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കമുള്ള ഹൗസിങ് സംവിധാനം എന്നിവ ഗവേഷണകേന്ദ്രത്തിൽ ഉണ്ടാകും. ഹെർബൽ ഗാർഡനടക്കം കേരളീയ ശിൽപ്പശൈലിയിൽ പ്രകൃതി സൗഹൃദമായാണ് ഗവേഷണകേന്ദ്രം നിർമിക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായതിനാൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും. കേരളത്തിന്റെ ആയുർവേദ പാരമ്പര്യം, അമൂല്യമായ ഔഷധ സസ്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്ത് പ്രതികൾ, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്വങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഇടമായും ഗവേഷണകേന്ദ്രം ഉപയോഗപ്പെടുത്താനാവും.
മട്ടന്നൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആദ്യഘട്ടം പൂർത്തിയാകുന്നു
മട്ടന്നൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു. ആദ്യ കരാറുകാരൻ പണി നിർത്തിവച്ചതിനെ തുടർന്ന് നിർമാണ പ്രവർത്തനം ഏറെക്കാലം നടന്നിരുന്നില്ല. കെ കെ ശൈലജ എംഎൽഎ ആവശ്യപ്പെട്ടത് പ്രകാരം ആദ്യ കരാറുകാരനെ കെഎസ്ഇബി ഒഴിവാക്കി പുതിയയാൾക്ക് നിർമാണച്ചുമതല നൽകി. ആദ്യഘട്ടത്തിൽ ഒന്നും രണ്ടും നിലകളിൽ ഒപി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമാവുക. 2026 ഡിസംബർ അവസാനത്തോടെ ആശുപത്രി നിർമാണം പൂർത്തിയാക്കും. ഇരിട്ടി റോഡിൽ 99.91 കോടി രൂപ ചെലവിൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ 100 കിടക്കകളുമുള്ള നാലുനില കെട്ടിടം, താഴെ പാർക്കിങ് സൗകര്യം, ലബോറട്ടറി, ഒപി ബ്ലോക്ക്, എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് തുടങ്ങിയവയൊരുക്കും. ഇവിടേക്കെത്താൻ താഴെനിന്ന് ബ്രിഡ്‌ജ് നിർമിക്കും. മോർച്ചറിയും സജ്ജമാക്കും.










0 comments