ആഹ്ലാദത്തേരേറി കനകകീരിടം

കണ്ണൂർ
ആഹ്ലാദം അലയടിച്ച അന്തരീക്ഷത്തിൽ ആവേശത്തേരേറിയെത്തിയ കലാകീരിടത്തിന് കണ്ണൂരിന്റെ മണ്ണിൽ ഉജ്വല വരവേൽപ്പ്. അത്യന്തം വാശിയോടെ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലയുടെ കമലദളങ്ങൾ വിരിയിച്ച് കണ്ണൂരിലെ കലാ കൗമാരം സ്വന്തമാക്കിയ സ്വർണക്കപ്പിനെ ആരവങ്ങളോടെയാണ് ജില്ല സ്വീകരിച്ചത്. ജില്ലാ അതിർത്തിയായ മാഹിപ്പാലം മുതൽ കണ്ണൂർ ടൗൺസ്‌ക്വയർവരെ വാദ്യമേളങ്ങളോടെയും ആർപ്പുവിളികളോടെയും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വരവേറ്റു. മാഹിപ്പാലത്തിൽ ചെണ്ടമേളത്തിന്റെ അകന്പടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റ് ടി ഷബ്‌ന, ഡിഡിഇ ഡി ഷൈനി എന്നിവർ ചേർന്ന് സ്വർണക്കപ്പിന് വീരോചിത സ്വീകരണം നൽകി. വിദ്യാർഥികളും നാട്ടുകാരും സ്വീകരണത്തിനെത്തി. അഞ്ചു ദിവസം പൂരനഗരിയിൽ മിന്നും പ്രകടനം കാഴ്‌ചവച്ച കുട്ടികൾക്കും സ്‌കൂളുകൾക്കും സ്വീകരണസമ്മേളനത്തിൽ അഭിനന്ദനമറിയിച്ചു. പൂരനഗരിയിൽനിന്ന് 1028 പോയിന്റ് നേടിയാണ് ആറാംതവണത്തെ സ്വർണക്കപ്പ് കണ്ണൂർ സ്വന്തമാക്കിയത്. കൗമാര പ്രതിഭകൾ നിറഞ്ഞാടി നേടിയെടുത്ത കനക കീരീടം തുറന്ന ജീപ്പിൽ ആനയിച്ചു. തലശേരി, ധർമടം, മുഴപ്പിലങ്ങാട്, എടക്കാട്, ചാല, താഴെചൊവ്വ, മേലെചൊവ്വ, എന്നിവിടങ്ങളിലെ സ‍്വീകരണത്തിനുശേഷമാണ് കാൾടെക്‌സിൽ എത്തിച്ചേർന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ വി സുമേഷ് എംഎൽഎയും വിദ്യാർഥികളും അധ്യാപകരും ബാൻഡ് മേളത്തിന്റെ അകന്പടിയിൽ കാൽ നടയായി സ്വർണക്കപ്പിനെ അനുഗമിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും സന്തോഷം പങ്കുവച്ചു. വരവേൽപ്പ് ടൗൺസ്‌ക്വയറിൽ സമാപിച്ചു. സ്വീകരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. കെ വി സുമേഷ് എംഎൽഎ, കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌ന, എ പ്രദീപൻ, ലിഷ ദീപക്, സോന ജയറാം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, വിദ്യാകിരണം ജില്ലാ കോ– ഓഡിനേറ്റർ കെ സി സുധീർ, കലോത്സവം ജില്ലാ പ്രോഗ്രാം കൺവീനർ കെ പ്രകാശൻ, എസ്എസ്‌കെ ജില്ലാ കോ –ഓർഡിനേറ്റർ ടി സി വിനോദ് എന്നിവർ സംസാരിച്ചു.










0 comments