മട്ടന്നൂരിന്റെ ഹൃദയതാളം

മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ് ഈരായി കൊല്ലിയിൽ വോട്ടർമാരെ കാണുന്നു
ഫാസിൽ ചോല
Published on Apr 01, 2026, 02:19 AM | 2 min read
മട്ടന്നൂർ
റെക്കോഡ് ഭൂരിപക്ഷത്തിന്റെ കരുത്തുള്ള മട്ടന്നൂർ മണ്ഡലം വികസനത്തുടർച്ചയ്ക്കായി പ്രിയസാരഥിയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ദുരന്തമുഖങ്ങളിൽ കൈമെയ് മറന്ന് ജനങ്ങൾക്കൊപ്പംനിന്ന ഡിവൈഎഫ്ഐയുടെ സാരഥി വി കെ സനോജ് സ്വന്തം നാട്ടിൽ ജനവിധി തേടുമ്പോൾ സമാനതകളില്ലാത്ത ആവേശമാണ് പര്യടന കേന്ദ്രങ്ങളിൽ ദൃശ്യമാകുന്നത്. എൽഡിഎഫ് കോട്ടയായ മട്ടന്നൂരിൽ വിജയമുറപ്പിച്ച ആത്മവിശ്വാസത്തോടെ, വികസനനായകരുടെ പിൻഗാമിയായി എത്തുന്ന സനോജിനെ വരവേൽക്കാൻ നാടൊന്നാകെ ഒഴുകിയെത്തുകയാണ്.
ചൊവ്വ രാവിലെ കാഞ്ഞിലേരി അങ്കണവാടിയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാർഥി എത്തുംമുമ്പുതന്നെ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടി. ക്കൊന്നപ്പൂക്കൾ നൽകിയും ഷാൾ അണിയിച്ചും മുത്തുക്കുടയുടെ അകമ്പടിയോടെയും ചെണ്ടമേളത്തോടെയുമാണ് ജനങ്ങൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. പട്ടാരി എ കെ ജി വായനശാല, കുണ്ടേരിപ്പൊയിൽ, കപ്പറ്റപ്പൊയിൽ, കരോത്തുവയൽ, നിട്ടാറമ്പ് എന്നിവിടങ്ങളിൽ ജോൺ ബ്രിട്ടാസ് എംപി സംസാരിച്ചു. നിട്ടാറമ്പിൽ വി കെ സനോജിനെ തലപ്പാവ് അണിയിച്ചാണ് അദ്ദേഹം വരവേറ്റത്. സിനിമാതാരം സന്തോഷ് കീഴാറ്റൂർ അരിങ്ങോട്ടുവയൽ, നീട്ടാറമ്പ്, കൂവക്കര സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനത്തിന്റെ ഭാഗമായി.
മുണ്ടക്കൈ- ചൂരൽമല ദുരന്തമുഖത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ഫണ്ട് തട്ടിയെടുത്ത യൂത്ത് കോൺഗ്രസിന്റെ നിലപാടുകളെ സനോജ് പ്രസംഗത്തിൽ വിമർശിച്ചു. നൽകിയ വാഗ്ദാനങ്ങളെല്ലാം എൽഡിഎഫ് സർക്കാർ നിറവേറ്റിയിട്ടുണ്ട്. ആരെയും മാറ്റിനിർത്താതെ നിങ്ങളിലൊരാളായി കൂടെയുണ്ടാകുമെന്ന് സ്ഥാനാർഥി ഉറപ്പുനൽകി.
ഉച്ചയ്ക്ക് ശേഷം ആലച്ചേരി സിറ്റി, ആര്യപറമ്പ്, കണ്ണമ്പള്ളി, നാൽപാടി, ഈരായിക്കൊല്ലി, കൊമ്മേരി, പുന്നപ്പാലം, നെടുംപൊയിൽകാട്, കടക്കോട്, കോളയാട് ടൗൺ, പാടിപറമ്പ്, പൂഴിയോട്, തൊടീക്കളം ഹെൽത്ത് സെന്റർ, മൊടോളി, വട്ടോളി എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണത്തിനുശേഷം പര്യടനം എരട്ടകുളങ്ങരയിൽ സമാപിച്ചു.
ഈരായിക്കൊല്ലിയിൽ വേക്കളം എയുപിഎസ് പെരുംതോടിയിലെ വിദ്യാർഥി എൻ കെ ദ്രുപത് താൻ വരച്ച സനോജിന്റെ ചിത്രം സ്ഥാനാർഥിക്ക് കൈമാറി.
എൽഡിഎഫ് നേതാക്കളായ എം രതീഷ്, മഹേഷ് കക്കത്ത്, സി വി എം വിജയൻ, അണിയേരി അച്യുതൻ, സിദ്ദീഖ് മണ്ണൂർ, മണാട്ട് കുമാരൻ, ഷാജി കരിപ്പായി, ഗോപി കാഞ്ഞിലേരി, മുണ്ടാണി പുരുഷോത്തമൻ, ഡി മുനീർ, കെ ടി ജോസ്, അനിൽകുമാർ ആലത്തുപറമ്പ്, പി റഷീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.










0 comments