ഹൈടെക് കസ്തൂരി മഞ്ഞൾ കൃഷിയുമായി യുവകർഷകർ
മാങ്ങാട്ടിടത്തിന് കസ്‌തൂരി മഞ്ഞളിന്റെ മണവും

പോളി ഹൗസ് കസ്തൂരി മഞ്ഞൾ കൃഷിയുടെ വിത്ത് നടീൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Sep 18, 2025, 02:15 AM | 1 min read
കൂത്തുപറമ്പ്
പോളിഹൗസിൽ കസ്തൂരിമഞ്ഞൾ കൃഷിയിറക്കി മാങ്ങാട്ടിടത്തെ യുവകർഷകർ. സംസ്ഥാനത്ത് ആദ്യമായാണ് പോളി ഹൗസിൽ വിപുലമായി കസ്തൂരിമഞ്ഞൾ കൃഷിയിറക്കുന്നത്. കാർഷിക വികസന– കർഷക ക്ഷേമ വകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായാണ് പോളിഹൗസ് കൃഷി. ആമ്പിലാട് കുന്നത്ത് മഠത്തിൽ വീട്ടിലെ യുവകർഷകരായ സാരംഗ്, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. നാവികസേനയിൽ ഉദ്യോഗസ്ഥനായ സാരംഗ് വിവിധ സംസ്ഥാനങ്ങളിലെത്തി പോളി ഹൗസ് കൃഷിരീതി മനസ്സിലാക്കിയാണ് കൃഷിതുടങ്ങിയത്. 18 ലക്ഷം രൂപ ചെലവിൽ 2400 ഗ്രോ ബാഗിലാണ് വിത്തിട്ടത്. സെൻസർ ഉപയോഗിച്ചാണ് തുള്ളിനനയും വളപ്രയോഗങ്ങളും. സൗന്ദര്യ സംരക്ഷണത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന കസ്തൂരി മഞ്ഞളിന്റെ വിപണന സാധ്യത കണക്കിലെടുത്താണ് വിപുലമായ കൃഷിയിറക്കിയത്. 800 ഗ്രോ ബാഗിൽ കരിമഞ്ഞൾ കൃഷിയും ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ അധ്യക്ഷനായി. പടന്നക്കാട് കാർഷിക കോളേജ് അസി. പ്രൊഫ. ആർ എൽ അനൂപ് മുഖ്യാതിഥിയായി. എം ഷീന, എം വിജേഷ്, കെ പി അബ്ദുൽ ഖാദർ, കെ യശോദ, കൃഷി അസി. ഡയറക്ടർ എ സൗമ്യ, കൃഷി ഓഫീസർ കെ അഖില, കൃഷി അസിസ്റ്റന്റുമാരായ കെ വിജേഷ്, ആർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.










0 comments