ad
Deshabhimani

പന്തുരുളുന്നു, ആരാധക ഹൃദയങ്ങളിലേക്ക്‌ ബോൾ... ഗോൾ...

പായത്ത്‌ സ്ഥാപിച്ച റൊണാൾഡോയുടെ കട്ട‍ൗട്ട്‌

പായത്ത്‌ സ്ഥാപിച്ച റൊണാൾഡോയുടെ കട്ട‍ൗട്ട്‌

avatar
സ്വന്തം ലേഖകൻ

Published on Jun 03, 2026, 02:34 AM | 2 min read

കണ്ണൂർ

കാൽപന്തുകളിയുടെ വശ്യ സ‍ൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്‌ച കാണാൻ ലോകത്തിന്റെയാകെ കണ്ണും കാതും തുറന്നുവച്ചുള്ള കാത്തിരിപ്പിന്‌ ഇതാ വിരമമാകുന്നു. വർണ, വർഗ, ലിംഗ, ഭാഷ, വൻകര വ്യത്യാസമില്ലാതെ ലോകത്തിലെ സോക്കർ ആരാധകരുടെ കണ്ണ്‌ ഒരു പന്തിലേക്ക്‌ കേന്ദ്രീകരിക്കും. ഫുട്‌ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിന്‌ പന്തുരുളാൻ ഇനി എട്ടുനാൾ. നാല്‌ വർഷംമുന്പ്‌ ഖത്തറിൽ ലയണൽ മെസിയുടെ അർജന്റീന കപ്പുയർത്തിയ നിമിഷംതൊട്ട്‌ കാത്തിരിപ്പിലായിരുന്നു ലോകം. വീണ്ടും മിന്നൽ ഗോളുകളും മഴവിൽ കിക്കുകളും മനംനിറയ്‌ക്കാനെത്തും. പരുന്ത്‌ ഇരയെ റാഞ്ചിയെടുക്കുന്നതുപോലെ പന്ത്‌ കാലിൽ കൊരുത്തെടുത്ത്‌ മുന്നിലുള്ള ഗോൾവല ലക്ഷ്യമാക്കി ഇഷ്ടതാരങ്ങൾ കുതിക്കുന്പോൾ ലോകമെന്പാടുമുള്ള ആരാധകർ ആർപ്പുവിളി ഉയർത്തും. ചടുലമായ ഒരു നീക്കം അതുമതി ആരാധകർ പൊട്ടിത്തെറിക്കാൻ. സോക്കറിന്റെ മാസ്‌മരിക ലഹരിയിലേക്ക്‌ അമരാൻ. പന്തിന്റെ ആ ചലനങ്ങളിലാകും ഇനി ഭൂമിയുടെയാകെ കണ്ണുകൾ. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ്‌ അണിനിരക്കുന്നത്‌. 11 മുതൽ തുടങ്ങുന്ന പോരാട്ടം ജൂലൈ 19വരെ 39 ദിവസം നീളും. ആകെ 104 മത്സരങ്ങൾ. 48 ടീമുകളും ഒരുങ്ങി. മെക്‌സിക്കോയിലെ ബനോർറ്റെ സ്‌റ്റേഡിയത്തിൽ 11ന്‌ ഇന്ത്യൻ സമയം അർധരാത്രി 12.30ന്‌ പന്തുരുളും. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്‌ ആദ്യ കളി. ജില്ലയിൽ വായനശാലകളിൽ, ക്ലബ്ബുകളിൽ, എല്ലാ പൊതുവിടങ്ങളിലും ബിഗ്‌സ്‌ക്രീനിലും ടിവിയിലും കാൽപന്തിന്റെ ആരവങ്ങളാണിനി. വടക്കൻ മണ്ണിനും സോക്കർ ഭ്രാന്ത്‌ അത്രമേൽ ഹരമാണ്‌. കണ്ണൂരിന്റെ ലോകകപ്പ്‌ വിശേഷങ്ങൾ ഇന്നുമുതൽ വായിക്കാം.


ആരാധകർ പായും പായം

മനോഹരൻ കൈതപ്രം

ഇരിട്ടി

ലോകകപ്പ്‌ ഫുട്‌ബോളിന്റെ കൊടിപ്പടങ്ങൾ ഉയർത്തി പന്തുരുളുന്നതും കാത്തിരിപ്പാണ്‌ പായത്തെ സോക്കർ ആരാധകർ. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ ടീമുകളുടെയും ടീം നായകരുടെയും കൂറ്റൻ ബോർഡുകൾ പായം പരിസരത്താകെ നിരന്നു. കട്ട‍ൗട്ടുകളും പായം ഗ്രാമത്തിന്റെ ഫുട്‌ബോൾ ജ്വരം പ്രകടിപ്പിച്ച്‌ ഉയർന്നു. ഇതര ടീമുകളുടെ ആരാധകരും തങ്ങളുടെ ടീമുകളുടെയും ക്യാപ്‌റ്റന്മാരുടെയും പ്രചാരണം ഉയർത്താനുള്ള നീക്കങ്ങളിൽ സജീവം. ആഫ്രിക്കൻ താരം താലിബയും നൈജീരിയൻ കളിക്കാരൻ സോസോ, സെനഗൽ താരം ബല്ലാക്ക്‌ തുടങ്ങിയവർക്കെല്ലാം ആരാധകരുണ്ട്‌ കോളിക്കടവിലും പായത്തും. 30 വർഷമായി മുടങ്ങാതെ നടത്തുന്ന കോളിക്കടവ്‌ ഇ കെ നായനാർ അഖിലേന്ത്യാ സെവൻസ്‌ ടൂർണമെന്റ്‌ സംഘാടനത്തിലും കളി കാണാൻ ഇരച്ചെത്തുന്ന നൂറ്‌ കണക്കിന്‌ കാണികളുടെ മനസ്സിലും കാൽപ്പന്ത്‌ കളിയുടെ ഇന്ദ്രജാലമുണ്ട്‌. കഴിഞ്ഞ ഖത്തർ ലോകകപ്പ്‌ ഘട്ടത്തിൽ കോളിക്കടവും പരിസരങ്ങളും എംബാപ്പെയും റൊണാൾഡോയും മെസ്സിയും അടക്കമുള്ള ലോക ഫുട്‌ബോൾ താരങ്ങളുടെ കൂറ്റൻ കട്ട‍ൗട്ടുകൾ ഉയർത്തിയാണ്‌ ലോകകപ്പ്‌ കണ്ടത്‌. ഇവിടത്തുകാർ പല ടീമുകളായിരുന്നു. പല ടീമുകളുടെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തനങ്ങളിലൂടെ സ്വന്തം നാട്ടിൽ ബ്രസീലും അർജന്റീനയും പോർച്ചുഗലുമായി പരകായപ്രവേശം ചെയ്ത്‌ പരസ്പരം വാതുവച്ചു. പോരടിച്ചു. പന്തിന്‌ പിറകെ പായുന്ന ലോക കളിക്കാർക്കൊപ്പം കുതിച്ചും കിതച്ചും ഇ‍ൗ നാട്ടിൻപുറത്തവർ ഒച്ചവച്ചതെല്ലാം ഒരു പന്തിന്റെ പേരിലായിരുന്നു. ഇത്തവണയും ബ്രസിലും അർജന്റീനയും ലോക താരങ്ങളും കോളിക്കടവിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്‌. വരും ദിവസങ്ങളിൽ റോഡരികിൽ കട്ട‍ൗട്ടുകളും ലോകകപ്പ്‌ ടീമുകളുടെ പതാകകളും ലോകകപ്പിന്റെ കളിമുദ്രയും നിറഞ്ഞ ബോർഡുകൾ ഇടംപിടിക്കും. ലോകകപ്പിന്‌ മുന്നോടിയായി ഇരിട്ടിയിൽ വിളംബര റാലി നടത്തുമെന്ന്‌ സെവൻസ്‌ ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം സുമേഷ്‌ പറഞ്ഞു. കളി കാണാൻ പൊതു ഇടങ്ങളിൽ കൂറ്റൻ സ്‌ക്രീനുകൾ, കളിക്കളത്തിലെ ആവേശം നാട്ടിലുണർത്താൻ ബാൻഡ്‌ മേളങ്ങൾ എന്നിവയടക്കം ഒരുക്കാനുള്ള നീക്കത്തിലാണ്‌ കാൽപ്പന്ത്‌ കളി ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home