ഇന്ന് പരിസ്ഥിതി ദിനം
കാവിനകത്താണ് കന്മദം

പെരളത്തെ റിട്ട. കൃഷി അസിസ്റ്റന്റ് എ വി നാരായണൻ സ്വന്തമായി ഒരുക്കിയെടുത്ത കാവിനകത്ത്

പ്രകാശൻ പയ്യന്നൂർ
Published on Jun 05, 2026, 02:35 AM | 1 min read
പയ്യന്നൂർ
കരിവെള്ളൂർ– പെരളം പഞ്ചായത്തിലെ പെരളത്ത് സ്വന്തം വീട്ടുപറന്പിനെ മനോഹരമായ കാവാക്കി സംരക്ഷിക്കുകയാണ് റിട്ട. കൃഷി അസിസ്റ്റന്റ് എ വി നാരായണൻ. റോഡിൽനിന്ന് പറന്പിലേക്ക് പ്രവേശിച്ചാൽ കിളികളുടെ കളകളാരവങ്ങളും മരങ്ങളിൽ തട്ടി കാറ്റിന്റെ സംഗീതവും ആസ്വദിക്കാം. ഇതിനു നടുവിലാണ് കന്മദം എന്ന് പേരിട്ടിരിക്കുന്ന വീട്. കൃഷിക്കായി ജീവിതം സമർപ്പിച്ച നാരായണന്റെ ജീവിതം പ്രകൃതി പാഠപുസ്തകമാണ്. ജൈവ വേലികൊണ്ടാണ് അതിർത്തി സംരക്ഷിച്ചിരിക്കുന്നത്. 60 സെന്റ് സ്ഥലത്ത് അത്യപൂർവങ്ങളായ ഒൗഷധ സസ്യങ്ങളുടെ വിപുലമായ ശേഖരമുണ്ട്. ലക്ഷ്മിതരു, ഉറുതൂക്കി, വിഷകണ്ഠൻ, അസ്ഥിപാല, നീല ഇഞ്ചി, ഇൻസുലിൻ ചെടി, രക്തചന്ദനം, സ്വർണചെന്പകം, മുള്ളാത്ത, കിരിയാൽ, അശോകം, ഓരില, മൂവില, ആനത്തകര, തീവാഴ, നോനി പഴം തുടങ്ങി 130 ഓളം ഒൗഷധ സസ്യങ്ങളാണുള്ളത്. ഓരോന്നിനും പേരെഴുതി വെച്ചിട്ടുണ്ട്. കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക്, കുടുംപുളി, മഞ്ഞൾ, ഇഞ്ചി, പ്ലാവ് തുടങ്ങി നിരവധിയായ ഫല വൃക്ഷത്തൈകളും പച്ചക്കറികളും ഇവിടെയുണ്ട്. വെണ്ണീർ കന്പോസ്റ്റ്, ജൈവ മിശ്രിതം എന്നിവ സ്വന്തമായി ഉണ്ടാക്കിയാണ് ഉപയോഗം. നിരവധി സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും മറ്റുമായി ഒട്ടേറെ ആളുകൾ കാവ് കാണാനും പ്രകൃതിയെ അറിയാനും ഇവിടെ എത്താറുണ്ട്. ചെടികളെ കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു കൊടുക്കുകയും കൃഷി അറിവുകൾ പങ്കുവെക്കുകയും സഹായങ്ങളും ഉപദേശങ്ങളും നൽകി വരുകയും ചെയ്യാറുണ്ട്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ ഗ്രാമീണ കർഷക ഗവേഷണ അവാർഡ്, ഭാരതീയ ഒൗഷധ പരിപാലന സമിയുടെഹംസ തയ്യിൽ മെമ്മോറിയൽ പുരസ്കാരം, സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര അവാർഡ്, പ്രകൃതി മിത്ര അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ഭാര്യ പുഷ്പവല്ലിയും മക്കളായ വിനീഷും വിജേഷും പൂർണ പിന്തുണയും സഹായങ്ങളുമായി കൂടെയുണ്ട്.










0 comments