ad
Deshabhimani

നമ്മുടെ തഹ്‌സിനെ ഇനി ലോകം കാണും

തഹ്‌സിൻ മുഹമ്മദ്‌
വെബ് ഡെസ്ക്

Published on Jun 03, 2026, 02:36 AM | 1 min read

കണ്ണൂർ

പച്ചപ്പുൽ മൈതാനത്ത്‌ ബൂട്ടണിഞ്ഞിറങ്ങുന്ന ഏതൊരു ഫുട്‌ബോളറുടെയും ഏറ്റവും വലിയ സ്വപ്‌നം എന്തായിരിക്കും? ലോകകപ്പിന്റെ വേദിയിൽ സ്വന്തം രാജ്യത്തിന്റെയോ അല്ലെങ്കിൽ മറ്റൊരു അന്താരാഷ്‌ട്ര ടീമിന്റെയോ ജേഴ്‌സിയണിഞ്ഞ്‌ കളിക്കുക എന്നത്‌. വിരലിലെണ്ണാവുന്നവർക്ക്‌ മാത്രം കഴിയുന്ന ആ സ്വപ്‌നമാണ്‌ ഒരു കണ്ണൂർക്കാരൻ സാക്ഷാൽക്കരിച്ചിരിക്കുന്നത്‌. ലോകകപ്പ്‌ ഫുട്‌ബോളിൽ പന്തുതട്ടാനൊരുങ്ങുന്ന ആദ്യ മലയാളി എന്ന സുവർണനേട്ടത്തിലാണ്‌ വളപട്ടണം തങ്ങൾവയലിലെ തഹ്‌സിൻ മുഹമ്മദ്‌. ഖത്തർ ദേശീയ ടീമിന്റെ കുപ്പായത്തിലാണ്‌ പത്തൊന്പതുകാരൻ ചരിത്രം രചിക്കാനൊരുങ്ങുന്നത്‌. തലശേരി ചിറക്കര ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ്‌ തഹ്‌സിൻ. ഉപ്പയും ഉമ്മയുമെല്ലാം ഖത്തറിലായതുകൊണ്ട്‌ തഹ്‌സിൻ ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. എങ്കിലും നാട്ടിലെത്തുമ്പോൾ കൂട്ടുകാരെയും കൂട്ടി കളിക്കിറങ്ങാൻ അവൻ മറക്കാറില്ല. നാലുവർഷം മുമ്പ്‌ നാട്ടിലെത്തിയപ്പോഴും തങ്ങൾവയൽ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയിരുന്നു. അന്ന്‌ അവന്റെ കളി കണ്ടവരെല്ലാം ഉറപ്പിച്ചു‍ തഹ്‌സിൻ ഫുട്‌ബോളിന്റെ ഭാവി വാഗ്‌ദാനമാണെന്ന്‌. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത്‌ ടീമിന്റെ താരമായിരുന്നു തഹ്‌സിന്റെ ഉപ്പ ജംഷീദ്‌. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്ത്‌ പരിക്കുകാരണം ജംഷീദിന്‌ കളിജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. കണ്ണീരോടെ മൈതാനമൊഴിഞ്ഞ ജംഷീദിന്റെ സ്വപ്‌നമാണ്‌ മകനിലൂടെ പൂവണിഞ്ഞത്‌. വിദേശ ടീമിന്റെ ജേഴ്‌സിയിലാണെങ്കിലും ലോകകപ്പിൽ പന്തുരുളുമ്പോൾ ആ പന്തിനൊപ്പം കുതിക്കാൻ തങ്ങളിലൊരുവനുണ്ടെന്ന അഭിമാനത്തിലാണ്‌ തഹ്‌സിന്റെ ബന്ധുക്കളും നാട്ടുകാരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home