ad
Deshabhimani

ചാലക്കുന്നുകാർ ചോദിക്കുന്നു ഈ ദുരിതം എന്നു തീരും?

ദേശീയപാത 66ൽ ചാല അമ്പലത്തിനുസമീപം ഓവുചാലിനുവേണ്ടി കുഴിച്ച കുഴിയിൽ മഴവെള്ളംനിറഞ്ഞ നിലയിൽ

ദേശീയപാത 66ൽ ചാല അമ്പലത്തിനുസമീപം ഓവുചാലിനുവേണ്ടി കുഴിച്ച കുഴിയിൽ മഴവെള്ളംനിറഞ്ഞ നിലയിൽ

avatar
സ്വന്തം ലേഖകൻ

Published on May 13, 2026, 02:33 AM | 2 min read

ചാല

വേനൽമഴ കനത്തതോടെ ദുരിതത്തിലായ ഒരു കൂട്ടം കുടുംബങ്ങളുണ്ട് ചാലയിൽ. ചാലക്കുന്നിൽനിന്ന് ഒഴുകി വരുന്ന മഴവെള്ളം നേരെ എത്തുന്നത് ഇവരുടെ വീട്ടുമുറ്റത്തേക്കാണ്. വീട്ടുമുറ്റത്തും പറമ്പിലും ചെളിയും വെള്ളവും നിറഞ്ഞ് ഇവരാകെ ബുദ്ധിമുട്ടിലാണ്. സ്വന്തം വാഹനം പോലും വീട്ടുമുറ്റത്ത് കയറ്റിയിടാനാകാതെ മറ്റിടങ്ങളിൽ പാർക്ക് ചെയ്യേണ്ടുന്ന അവസ്ഥയിലാണ് പലരും. ദേശീയപാതയ്ക്ക് ഇരുവശവുമുള്ള സർവീസ് റോഡുകൾക്കരികിൽ നിർമിക്കുന്ന ഓവുചാലുകളുടെ നിർമാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നതാണ് ദുരിതത്തിന് കാരണം. കഴിഞ്ഞ ഡിസംബറിൽ പ്രവൃത്തി തുടങ്ങുന്ന സമയത്ത് ഫെബ്രുവരിയിൽ പണിപൂർത്തിയാകുമെന്ന് ഉറപ്പു നൽകിയതായി ചാല അമ്പലത്തിന് സമീപത്തെ താമസക്കാരനായ ഇന്ദീവരത്തിൽ വലിയവീട്ടിൽ പ്രകാശൻ പറഞ്ഞു. എന്നാൽ, പ്രവൃത്തി ഇനിയും എങ്ങുമെത്തിയില്ല. വേനൽക്കാലത്ത് റോഡ് പ്രവൃത്തിക്കിടെ ഉയർന്ന മണ്ണും പൊടിയും കൊണ്ട് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് പ്രകാശൻ ചികിത്സ തേടിയിരുന്നു. റോഡിൽനിന്നും താഴ്ന്നുകിടക്കുന്ന സ്ഥലമായതിനാൽ ചെളിവെള്ളം കുത്തിയൊലിച്ചെത്തി കിണറ്റിലെ വെള്ളം ഉപയോഗിക്കാനാവാത്ത വിധം മലിനമാണെന്ന് പ്രകാശന്റെ ഭാര്യാ സഹോദരനും അയൽപക്കക്കാരനുമായ ഗോകുലം വീട്ടിൽ പി വി ഗണേഷ്‌കുമാർ പറഞ്ഞു. കേവലം മുപ്പതുമീറ്റർ മാത്രമാണ് ഓവുചാലിന്റെ പ്രവൃത്തി ഇനി ശേഷിക്കുന്നത്. ഇത് അടിയന്തരമായി പൂർത്തിയാക്കി മഴവെള്ളം ഒഴുകിപ്പോകുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. ഓവുചാലുകൾക്കായി എടുത്ത കുഴികളിൽ മഴവെള്ളം നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. രാത്രിയിൽ ഈ ഭാഗത്തെ വെളിച്ചക്കുറവ് കാരണം കുഴികൾ ശ്രദ്ധയിൽപെടാത്ത അവസ്ഥയുമുണ്ട്‌. മുന്നറിയിപ്പ് ബോർഡുകളോ വാണിങ്‌ ടേപ്പുകളോ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. കരാർ കമ്പനിക്കാരോട് പലതവണ പരാതി പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.


ചാല ഭാഗത്ത്‌ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

കണ്ണൂർ

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കണ്ണൂർ– ചാല– തലശേരി റൂട്ടിലെ ചാല ഭാഗത്ത് ബുധൻ മുതൽ താൽക്കാലിക ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തുനിന്ന് ചാല വഴി കൂത്തുപറമ്പിലേക്ക് പോകേണ്ട വാഹനങ്ങൾ ചാല സ്റ്റേഷൻ സ്റ്റോപ്പിൽനിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിച്ച് ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്തുനിന്ന് വീണ്ടും കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് ഇറങ്ങി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകണം. തലശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ ആശുപത്രി പരിസരത്തുനിന്ന് നേരെ ദേശീയപാത വഴി തന്നെ പോകണം. കൂത്തുപറമ്പ് ഭാഗത്തുനിന്ന് ചാല വഴി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചാല ബൈപാസ് ജങ്‌ഷനിൽനിന്ന് മിംസ് ആശുപത്രി ഭാഗത്തേക്ക് സർവീസ് റോഡ് വഴി ചെന്ന് അവിടെനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച് ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയ്ക്ക് മുകളിലൂടെ ചാല സ്റ്റേഷൻ സ്റ്റോപ് ഭാഗത്തേക്ക് പോകണം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home