മാറ്റത്തിന്റെ വഴിയിൽ പേരാവൂർ

എൻ കെ സുജിലേഷ്
Published on Mar 12, 2026, 02:30 AM | 2 min read
കണ്ണൂർ
പേരാവൂർ ഒരു സൂചനയാണ്. ജനപ്രതിനിധിയെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്നതിന്റെ സൂചന. കുത്തനെ താഴോട്ടിറങ്ങുകയാണ് പേരാവൂർ മണ്ഡലത്തിൽ യുഡിഎഫിന്റെയും സണ്ണി ജോസഫ് എംഎൽഎയുടെയും ഗ്രാഫ്. യുഡിഎഫിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഏറെ ഒലിച്ചുപോയെന്ന് തെളിയിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. എൽഡിഎഫ് സർക്കാരിന്റെ വികസന, -ക്ഷേമ പ്രവർത്തനങ്ങൾ അനുഭവിക്കുന്ന ജനതയ്‌ക്കുമുന്നിൽ എല്ലാത്തിനെയും മുടക്കുന്ന മുന്നണി സംവിധാനത്തിന്റെ നേതൃത്വത്തിലാണ് പേരാവൂരിലെ ജനപ്രതിനിധി ഉണ്ടായിരുന്നത്. രാഷ്‌ട്രീയത്തിനപ്പുറം കേരളം കൈകോർത്ത സന്ദർഭങ്ങളിലെല്ലാം പേരാവൂരിന്റെ എംഎൽഎ പുറംതിരിഞ്ഞുനടന്നു. സർവ മേഖലകളെയും സ്‌പർശിച്ച് കേരളം വികസനക്കുതിപ്പ് നടത്തിയപ്പോൾ പദ്ധതികളൊന്നും സമർപ്പിക്കാതെ മാറിനടന്ന് ജനപ്രതിനിധി രാഷ്‌ട്രീയം കളിച്ചു. 1977ൽ നിലവിൽവന്ന പേരാവൂരിന് എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി സ്വീകരിച്ച ചരിത്രമുണ്ട്. ആദ്യ അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർവിജയം കരസ്ഥമാക്കിയ കെ പി നൂറുദ്ദീൻ രണ്ടുതവണയും ജയിച്ചത് ഇടതുപക്ഷത്തിനൊപ്പംനിന്നാണ്. പിന്നീട് യുഡിഎഫിലായ നൂറുദ്ദീനെ 1996ൽ എൽഡിഎഫിലെ കെ ടി കുഞ്ഞഹമ്മദ് പരാജയപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ പ്രൊഫ. എ ഡി മുസ്തഫയിലൂടെ യുഡിഎഫ് പേരാവൂർ പിടിച്ചെങ്കിലും 2006ൽ എൽഡിഎഫിനുവേണ്ടി കെ കെ ശൈലജ തിരിച്ചുപിടിച്ചു. 2011ലും 2016ലും സണ്ണി ജോസഫിലൂടെ വീണ്ടും യുഡിഎഫിന്റെ കൈയിലെത്തി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും യുഡിഎഫിന് ആശാവഹമായ നിലയല്ല . 2016ലെ തെരഞ്ഞെടുപ്പിൽ 7,989 വോട്ടിന് വിജയിച്ച സണ്ണി ജോസഫിന് 2021ൽ ഭൂരിപക്ഷം 3,172 ആയി കുറഞ്ഞു. 2016ൽ 65,659 വോട്ട് നേടിയ യുഡിഎഫിന് 2021ൽ 1,047 വോട്ടാണ് വർധിച്ചത്. എൽഡിഎഫിലെ ബിനോയ് കുര്യന് 2016ൽ 57,670 വോട്ടാണ് ലഭിച്ചത്. 2021ൽ കെ വി സക്കീർ ഹുസൈന് 5,864 വോട്ട് വർധിച്ച് 63,534 ൽ എത്തി. യുഡിഎഫ് വോട്ടുവിഹിതം 48.10 ശതമാനത്തിൽനിന്ന് 46.93 ലേക്കാണ് ഇടിഞ്ഞത്. ആറളം, അയ്യങ്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ എട്ടു പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേർന്നതാണ് മണ്ഡലം. പായം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും എൽഡിഎഫ് ഭരണത്തിലാണ്. വന്യമൃഗശല്യമടക്കമുള്ള വിഷയത്തിൽ ജനങ്ങൾക്കുപകാരപ്പെടുന്ന നിലയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും മറ്റും എംഎൽഎ ശ്രമിച്ചില്ലെന്നതാണ് യുഡിഎഫ് നേരിടുന്ന പ്രധാന വിമർശനം. ജില്ലാ പഞ്ചായത്തും സർക്കാരും തദ്ദേശസ്ഥാപനങ്ങളും കൃത്യമായ ഇടപെടൽ നടത്തിയെന്നതും ജനങ്ങളുടെ അന-ുഭവസാക്ഷ്യം. തദ്ദേശസ്ഥാപനങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുപോകാനോ മലയോര ജനതയുടെ പ്രശ്‌നങ്ങളിൽ ഇടപെടാനോ ജനപ്രതിനിധിക്ക് കഴിഞ്ഞില്ലെന്നത് തുറന്നുകാണിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ജനങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണിച്ച സൂചനകൾ ഇക്കുറി എൽഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ആകെ വോട്ടർമാർ: 1,80,685 സ്ത്രീകൾ: 91766 പുരുഷന്മാർ: 88,918 ട്രാൻസ് ജൻഡർ: 1










0 comments