അത് ബോംബല്ല എം സാൻഡ് നിറച്ച ഐസ്ക്രീം ബോൾ

പൊയിലൂരിൽനിന്ന് കണ്ടെത്തിയ വ്യാജ ഐസ്ക്രീം ബോംബുകൾ

സ്വന്തം ലേഖകൻ
Published on Apr 27, 2026, 02:36 AM | 1 min read
പാനൂർ
പൊയിലൂരിൽനിന്ന് കണ്ടെത്തിയത് ബോംബല്ല. ഐസ്‌ക്രീം ബോളുകളിൽ എം സാൻഡ് നിറച്ചും ചകിരി കൂട്ടിക്കെട്ടിയും കാഴ്‌ചയിൽ ബോംബാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ആരോ നടത്തിയ നാടകം. ബോംബ് കണ്ടെത്തിയെന്ന പ്രചാരണത്തിന് പിന്നാലെ പൊലീസും ബോംബ് സ്ക്വാഡുമെത്തി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിവായത്. പൊയിലൂർ തേനങ്ങാടി പീടികയ്‌ക്ക് സമീപം മത്തത്ത് അഹമ്മദിന്റെ പറമ്പിലെ ഷെഡിൽ സൂക്ഷിച്ച നിലയിലായിരുന്ന ഇവ. ദിവസങ്ങൾക്കുമുമ്പ് സമീപ പ്രദേശത്തുനിന്ന് ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെ ബോംബുകൾ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ഭീതിയിലായി. കൂത്തുപറമ്പ് എസിപി സിബിടോം, കൊളവല്ലൂർ സബ് ഇൻസ്പെക്ടർ ടി കെ അഖിൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡിനോടൊപ്പം സ്ഥലത്തെത്തി. മാസങ്ങൾക്കുമുമ്പ് മൊകേരി മാക്കൂൽ പീടികയിലും സമാന രീതിയിലുള്ള കബളിപ്പിക്കൽ നടന്നിരുന്നു. സാമൂഹ്യ ദ്രോഹികളുടെ ഇത്തരം ചെയ്തികളെ പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തി ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഐ എം പൊയിലൂർ ലോക്കൽ സെക്രട്ടറി വി എം ചന്ദ്രൻ ആവശ്യപ്പെട്ടു










0 comments