മലയോരത്ത് വീശുന്നു
മാറ്റത്തിന്റെ കാറ്റ്

ഇരിക്കൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മാത്യു കുന്നപ്പള്ളിയെ ഉത്തൂരിൽ സ്വീകരിക്കുന്നു
ഫാസിൽ ചോല
Published on Apr 03, 2026, 02:30 AM | 1 min read
നടുവിൽ
പതിറ്റാണ്ടുകളായി കാത്തിരുന്ന വികസനം ഇക്കുറി മലയോര മണ്ണിലേക്ക് വന്നെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇരിക്കൂർ. മാറ്റമില്ലാത്ത വികസനമുരടിപ്പിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് പുരോഗതിയുടെ പുതുപാത തേടുകയാണ് മലയോരജനത. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മാത്യു കുന്നപ്പള്ളി ഓരോ സ്വീകരണകേന്ദ്രത്തിലും എത്തുമ്പോൾ അത് വെറുമൊരു തെരഞ്ഞെടുപ്പ് പര്യടനത്തിനപ്പുറം നാടിന്റെ വികാരമായി മാറുകയാണ്. പ്രിയ സ്ഥാനാർഥിയെ ഒന്നു കാണാൻ കടുത്ത ചൂട് വകവയ്‌ക്കാതെ അമ്മമാരും കുഞ്ഞുങ്ങളും യുവതീയുവാക്കളുമെല്ലാം സ്വീകരണകേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്നു. സ്ഥാനാർഥിയുടെ വരവറിയിച്ച് മുണ്ടാനൂരിലെ സിയൂസ് നാസിക് ഡോൾ സംഘം കൊട്ടിക്കയറിയതോടെ എല്ലാവരും ആവേശത്തിലായി. മണ്ഡലത്തിലെ വികസനമുരടിപ്പിന് അന്ത്യംകുറിക്കണമെന്ന പ്രഖ്യാപനവുമായി എത്തുന്ന സാരഥിയെ രണ്ടില ചിഹ്നം പതിപ്പിച്ച ഷാളുകൾ അണിയിച്ചാണ് ജനം നെഞ്ചേറ്റുന്നത്. സ്വീകരണകേന്ദ്രങ്ങളിൽ മുതിർന്നവരുടെ കൈപിടിച്ചും കുട്ടികളോട് കുശലം ചോദിച്ചും മാത്യു വക്കീൽ വോട്ടർമാരുടെ ഹൃദയം കവരുകയാണ്. കാലങ്ങളായി യുഡിഎഫ് കൈയടക്കിവച്ചിരിക്കുന്ന മണ്ഡലത്തിലെ വികസനമുരടിപ്പും, സർക്കാരും ജോൺ ബ്രിട്ടാസ് എംപിയും കൊണ്ടുവരുന്ന പദ്ധതികൾ സ്വന്തം പേരിൽ മാറ്റിയെഴുതുന്ന എംഎൽഎയുടെ ഇരട്ടത്താപ്പും വോട്ടർമാർക്ക് മുന്നിൽ അദ്ദേഹം തുറന്നുകാട്ടി. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ലെന്നും അത് പാലിക്കാനുള്ളതാണെന്നും ഓർമിപ്പിച്ച് രണ്ടില ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചു. വ്യാഴം പകൽ രണ്ടിന് വിളക്കന്നൂരിൽനിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കുണ്ടുകണ്ടം, ഉത്തൂർ, പള്ളിത്തട്ട്, ദേവസ്വംകാട്, കനകക്കുന്ന്, കരുവഞ്ചാൽ, പാലുംചിത്ത എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂളാമ്പിയിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ എം കരുണാകരൻ, സജി കുറ്റ്യാനിമറ്റം, ജോയി കൊന്നക്കൽ, സാജൻ കെ ജോസഫ്, കെ ടി സുരേഷ് കുമാർ, സാജു ജോസഫ്, പി സന്ദീപ്, കെ എൻ ചന്ദ്രൻ, രാമൻ നാരായണൻ, ജെയിംസ് മൈക്കിൾ, ഋഷികേശ് ബാബു, കെ സഹീർ, അമൽ കെ ജോയി, സി ജെ ജോൺ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.










0 comments