എടയന്നൂർ വാഹനാപകടം
അമ്മയ്‌ക്കും മക്കൾക്കും നാടിന്റെ കണ്ണീർപ്പൂക്കൾ

നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്ത് നിവേദിതയ്ക്കും മക്കൾക്കും കെ കെ ശൈലജ എംഎൽഎ അന്തിമോപചാരമർപ്പിക്കുന്നു
മട്ടന്നൂർ
എടയന്നൂരിലെ വാഹനാപകടത്തിൽ മരിച്ച നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ്, മക്കളായ ഋഗ്വേദ് (11), സാത്വിക് (9) എന്നിവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്‌ച ഉച്ചയോടെ നെല്ലൂന്നിയിൽ എത്തിച്ചപ്പോഴേക്കും ജനം ഒഴുകിയെത്തി. നിവേദിതയുടെ ഭർത്താവ് കെ പി രഘുനാഥ് ഖത്തറിൽനിന്നും ബംഗളൂരുവിൽ പഠിക്കുന്ന മൂത്തമകൻ വൈഷ്ണവും ചൊവ്വാഴ്ച രാത്രിയോടെതന്നെയെത്തിയിരുന്നു. നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്താണ് മൃതദേഹങ്ങൾ ആദ്യം പൊതുദർശനത്തിനുവച്ചത്. ഇവിടെ നിരവധിപേർ ആദരാഞ്ജലിയർപ്പിക്കാനെത്തി. മട്ടന്നൂർ ശങ്കരവിദ്യപീഠം സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രിയ വിദ്യാർഥികൾക്ക് കണ്ണീർപ്പൂക്കളർപ്പിച്ചു. വായനശാല പരിസരത്തെ പൊതുദർശനത്തിനുശേഷം നിവേദിതയുടെ വീടായ ലോട്ടസ് ഗാർഡനിലും നെല്ലൂന്നിയിലെ സഹോദരി ഗൗരിയുടെ വീട്ടിലുംവച്ചശേഷമാണ് തില്ലങ്കേരി ശാന്തികവാടത്തിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയത്. സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ എംഎൽഎ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി വി ശശീന്ദ്രൻ, എം വി സരള, മട്ടന്നൂർ ഏരിയാ സെക്രട്ടറി എം രതീഷ്, സുരേഷ് മാവില, കെ പി രമേശൻ, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, വത്സൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, ഇ പി ഷംസുദ്ദീൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ചൊവ്വാഴ്ച രണ്ടരയോടെ കുറ്റ്യാട്ടൂരിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സ്‌കൂട്ടറിൽ മടങ്ങുംവഴി എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിനുസമീപത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിവേദിതയും ഇളയമകൻ സാത്വികും തൽക്ഷണവും ഋഗ്വേദ് ചൊവ്വാഴ്ച രാത്രിയോടെയുമാണ് മരിച്ചത്.










0 comments