ad
Deshabhimani

കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പ്രശ്‌നമല്ല തെരുവുകച്ചവടക്കാരെ 
ഒഴിപ്പിക്കും: കോർപറേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2026, 03:00 AM | 1 min read

കണ്ണൂർ ജീർണിച്ച്‌ പഴകി വീഴാറായ കെട്ടിടങ്ങൾക്കുനേരെ കണ്ണടച്ച കോർപറേഷൻ, പാവപ്പെട്ട തെരുവുകച്ചവടക്കാരെ ലക്ഷ്യമിട്ട്‌ വീണ്ടും. എന്തുവില കൊടുത്തും തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നത്‌ ക‍ൗൺസിൽ തീരുമാനമാണെന്നും അതിന്‌ എതിര്‌ നിൽക്കുന്നത്‌ ഇരട്ടത്താപ്പാണെന്നും മേയർ പി ഇന്ദിര ക‍ൗൺസിൽ യോഗത്തിൽ ആവർത്തിച്ചു. വ്യാഴാഴ്‌ച ചേർന്ന ക‍ൗൺസിൽ യോഗത്തിലാണ്‌ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളും തെരുവുകച്ചവടവും പെട്ടിക്കടകളും ചൂടുള്ള വിഷയമായത്‌. അനധികൃത കച്ചവടങ്ങൾക്ക്‌ ആരും കൂട്ടു നിൽക്കുന്നില്ലെന്നും എന്നാൽ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ മാനുഷിക പരിഗണന കാണിക്കണമെന്നും എൽഡിഎഫ്‌ ക‍ൗൺസിലർ വി കെ പ്രകാശിനി ആവശ്യപ്പെട്ടു. വൻകിട ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിനും നേരെ കണ്ണടയ്‌ക്കുന്നവർ കുടുംബം പുലർത്താൻ തട്ടുകട നടത്തുന്നവരെ പുനരധിവാസമൊരുക്കാതെ ബലമായി ഒഴിപ്പിക്കുന്നത്‌ ശരിയല്ല. കാലവർഷമായതിനാൽ പുനരധിവാസം സാധ്യമല്ല എന്നു പറയുന്നത്‌ നീതികേടാണ്‌. അപകട സാധ്യതപോലും പരിശോധിക്കാതെ നഗരത്തിൽ എത്രയോ കാലാവധി കഴിഞ്ഞ കെട്ടിടങ്ങൾക്ക്‌ ലൈസൻസ്‌ പുതുക്കി നൽകിയിട്ടുണ്ട്‌. അത്തരത്തിലൊരുകെട്ടിടമാണ്‌ ഏതാനും ദിവസംമുന്പ്‌ തകർന്നുവീണത്‌. ഇത്തരം കാര്യങ്ങൾ പരിശോധിക്കാതെ തെരുവോര കച്ചവടക്കാരെയും തട്ടുകടക്കാരെയും ഒഴിപ്പിക്കാൻ ധൃതികാണിക്കുന്നതിനെയാണ്‌ വിമർശിക്കുന്നതെന്നും അവർ പറഞ്ഞു. നഗരത്തിലെ അനധികൃത തട്ടുകടകൾഎന്തുവിലകൊടുത്തും 24മണിക്കൂറിനകം ഒഴിപ്പിക്കുമെന്നും ഇവയിൽ പലതും മേൽവാടകയ്‌ക്ക്‌ നൽകുന്നതാണെന്നും മേയർ പറഞ്ഞു. ഒരു കുടുംബം നിത്യവൃത്തിയ്‌ക്ക്‌ വേണ്ടി നടത്തുന്ന കടകളാണെങ്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തും. അല്ലാത്തവയെല്ലാം ഒഴിപ്പിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മേയർ അറിയിച്ചു. കോർപറേഷൻ ഉടമസ്ഥതയിലുള്ള ഗസ്‌റ്റ്‌ ഹ‍ൗസിനോട്‌ ചേർന്നുള്ള മദർ ആൻഡ്‌ ചൈൽഡ്‌ ആശുപത്രി കെട്ടിടവും പുഴാതി ഗവ. വെൽഫെയർ എൽപി സ്‌കൂൾ പഴയ കെട്ടിടവും കക്കാട്ടെ സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സിലെ പഴകിയ നാലു ക്വാർട്ടേഴ്‌സുകളും പൊളിക്കാനും ക‍ൗൺസിലിൽ തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home