ad
Deshabhimani

സമൃദ്ധിയിലേക്ക്‌ ചിരിച്ചൊഴുകുന്നു കാനാന്പുഴ

കാനാന്പുഴയിൽ വിളവെടുത്ത നെല്ല്‌ ചാക്കിൽ നിറയ്‌ക്കുന്നു

കാനാന്പുഴയിൽ വിളവെടുത്ത നെല്ല്‌ ചാക്കിൽ നിറയ്‌ക്കുന്നു

avatar
സുപ്രിയ സുധാകർ

Published on Apr 01, 2026, 02:24 AM | 1 min read

കണ്ണൂർ

കാനാന്പുഴയുടെ ഇരുകരകളിലും നെൽകതിർ ചൂടിനിൽക്കുന്ന വയലുകളാണ്‌ പുതിയ കാഴ്‌ച. ജലസമൃദ്ധിയിൽ കരകളിൽ ചീരയും കുന്പളവും മത്തനും കയ്‌പയും വെണ്ടയും അങ്ങിനെ പലതരം പച്ചക്കറികൾ തിടംവച്ച്‌ വളരുന്നതും കാണാം. കാനാന്പുഴയെ അതിന്റെ പ്ര‍ൗഢിയോടെ വീണ്ടെടുത്തതോടെ ഒരു ദേശം പാടെ മാറിയതിന്റെ ചിത്രമാണിത്‌. വികസനമെന്നാൽ നിർമിതികൾ മാത്രമല്ലെന്നും നീരൊഴുക്കിനെ കാത്തുവയ്‌ക്കുന്നതുപോലുള്ള വിപുലമായ ദ‍ൗത്യങ്ങളുള്ള ചിലതുകൂടിയാണെന്നും ഇ‍ൗ മാതൃക കാട്ടിത്തരുന്നു. കാനാന്പുഴയോരത്തെ വയലുകളിൽ വിളഞ്ഞ നെല്ല്‌ ‘കാനാന്പുഴ റൈസ്‌’ എന്ന പേരിൽ വിപണിയിലെത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ 2016ൽ നടന്ന ‘കണ്ണൂർ കാലത്തിനൊപ്പം’ സെമിനാറിലാണ്‌ കാനാന്പുഴയെ വീണ്ടെടുക്കാനുള്ള ചർച്ച ആരംഭിച്ചത്‌. 73.75കോടിയുടെ മാസ്‌റ്റർപ്ലാൻ ഒരുങ്ങി. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്ന്‌ ആരംഭിച്ച്‌ അറബിക്കടലിൽ ചേരുന്ന പുഴയ്‌ക്ക്‌ പത്ത്‌ കിലോമീറ്ററാണ്‌ നീളം. നാടൊന്നാകെ അണിനിരന്ന ശുചീകരണ യജ്ഞത്തിലും പുഴയറിയാൻ യാത്രയിലും ഇരുകരയിലെയും കർഷകരും രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തകരും കൈകോർത്തു. ഇരുഭാഗത്തും സംരക്ഷണഭിത്തി കെട്ടി. വയലുകളിലേക്ക്‌ കൃഷിക്കായി വെള്ളം എത്തിക്കാൻ ചീപ്പുകൾ സ്ഥാപിച്ചു. ഇരുകരകളും കല്ലുപാകിയ നടപ്പാതയും സൗരോർജ വിളക്കും സ്ഥാപിച്ചു. പ്രദേശികമായി നാല്‌ നീർത്തട സമിതികളും സൂക്ഷ്‌മതല നീർത്തട സമിതികളും ഉണ്ടായി. കാനാമ്പുഴതീരത്തെ പത്തുകുളങ്ങൾ ശുചീകരിച്ചു. തരിശായിക്കിടന്ന ഏക്കറുകണക്കിന്‌ പാടത്ത്‌ കൃഷിയിറക്കി. ഹരിതകേരളം മിഷൻ, നബാർഡ്‌, ജലവിഭവവകുപ്പ്‌, അമൃത്‌ എന്നിവയെല്ലാം കാനാമ്പുഴ പുനരുജ്ജീവനത്തിന്റെ ഭാഗമായി. ജലസേചന വകുപ്പ്‌ 4.40 കോടി രൂപയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപയും ചെലവഴിച്ചു. നബാർഡിന്റെ 1.80 കോടി രൂപയുടെ മണ്ണ്‌ ജലസംരക്ഷണ പ്രവൃത്തികളും പൂർത്തിയായി. എട്ടുകോടിയുടെ പ്രവർത്തനങ്ങൾ ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കി. നാലുകോടി രൂപയുടെ രണ്ടാംഘട്ടം ആരംഭിച്ചു. ആദികടലായി ഭാഗത്ത്‌ കാനാമ്പുഴയുടെ വാഹകശേഷി വർധിപ്പിക്കാനും കടൽഭിത്തി ശക്തിപ്പെടുത്താനും ഒരു കോടിയുടെ പദ്ധതിക്കും സർക്കാർ അംഗീകാരം നൽകി. മൈതാനപ്പള്ളി ശ്മശാനം മുതൽ ആദികടലായി അഴിമുഖം വരെയുള്ള പ്രദേശത്തെ 130 മീറ്റർ കടൽഭിത്തിയാണ്‌ ബലപ്പെടുത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home