ad
Deshabhimani

മട്ടന്നൂർ ഇക്കുറിയും റെക്കോഡാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സുപ്രിയ സുധാകർ

Published on Mar 14, 2026, 02:30 AM | 2 min read

കണ്ണൂർ

ആയുർവേദ ഗവേഷണ രംഗത്തെ സ്വപ്‌നപദ്ധതിയായ കല്യാട്‌ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണകേന്ദ്രം, കായിക സ്വപ്‌നങ്ങൾക്ക്‌ ചിറകുവിരിക്കാൻ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ഇടംപിടിച്ച കിൻഫ്ര പാർക്ക്‌ തുടങ്ങി മട്ടന്നൂർ മണ്ഡലത്തിന്റെ വികസനത്താളുകളിൽ കുറിച്ചിട്ട പദ്ധതികൾ അനേകം. പുതുതായി നിർമിച്ച റോഡുകളും പാലങ്ങളും ആരോഗ്യ–വിദ്യാഭ്യാസ മേഖലയിലെ പശ്‌ചാത്തല സ‍ൗകര്യങ്ങളും മണ്ഡലത്തിന്റെ വികസനവേഗം ഉറപ്പാക്കി. മണ്ഡലത്തിന്റെ എല്ലാ മേഖലയിലും വികസനമെത്തിച്ച എൽഡിഎഫിനെ ജനം ഹൃദയത്തോട്‌ ചേർക്കുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പണി പൂർത്തിയാകാത്ത കണ്ണൂർ വിമാനത്താവളത്തിലേക്ക്‌ പരീക്ഷണവിമാനമിറക്കി ഉദ്‌ഘാടനം നടത്തിയത്‌ നാടിനെയാകെ നാണക്കേടിലാക്കിയിരുന്നു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ്‌ വിമാനത്താവളത്തിന്റെ അടിസ്ഥാനസ‍ൗകര്യം ഒരുക്കിയത്‌. ഇപ്പോൾ റൺവേ 4,000 മീറ്ററിലേക്ക്‌ ഉയർത്താനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌. പോയിന്റ്‌ ഓഫ്‌ കോൾ പദവി നൽകാതെ കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിനിടയിലും ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലാണ്‌ കണ്ണൂർ വിമാനത്താവളം. ​ കിഫ്​ബിയിൽനിന്ന്‌ അനുവദിച്ച 23 കോടി രൂപ ചെലവിലാണ്​ മട്ടന്നൂർ സ്​പോർട്​സ്​ കോംപ്ലക്‌സ്‌​ ഉയരുന്നത്‌. കിൻഫ്ര വ്യവസായ പാർക്കിൽ വ്യവസായം തുടങ്ങാൻ 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നടത്തിയ ഹൈദരാബാദിലെ ഗോൾഡ്സിക്ക കമ്പനിയെത്തുന്നു. സംസ്ഥാനത്തെതന്നെ പ്രധാന വ്യവസായകേന്ദ്രമായി മട്ടന്നൂർ വികസിക്കുകയാണ്‌. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫിന്‌ മട്ടന്നൂരിൽ എതിരാളികൾ വിഷയമേയല്ല. ഭാഷാ സംസ്ഥാനങ്ങൾ നിലവിൽ വന്നതിനെതുടർന്ന്‌ 1956ലെ മണ്ഡല നിർണയത്തിലാണ്‌ മട്ടന്നൂർ നിയമസഭാമണ്ഡലം രൂപംകൊണ്ടത്‌. 1957ലെയും 60ലെയും തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ്‌ നേതാവ്‌ എൻ ഇ ബാലറാം നിയമസഭയിലെത്തി. കമ്യൂണിസ്‌റ്റുവിരുദ്ധരെല്ലാം ഒന്നിച്ച 1960ലെ തെരഞ്ഞെടുപ്പിൽ അവിഭക്ത കണ്ണൂർ ജില്ലയിൽനിന്ന്‌ ജയിച്ചുകയറിയ രണ്ട്‌ കമ്യൂണിസ്‌റ്റ്‌ നേതാക്കളിലൊരാളാണ്‌ ബാലറാം. ഇരിക്കൂറിൽനിന്ന്‌ ടി സി നാരായണൻ നന്പ്യാരായിരുന്നു മറ്റൊരാൾ. 1965ലെ മണ്ഡലം പുനഃസംഘടനയോടെ ഇല്ലാതായ മട്ടന്നൂർ 2011ലാണ്‌ പുനരുജ്ജീവിക്കുന്നത്‌. ചിറ്റാരിപ്പറന്പ്‌, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, തില്ലങ്കേരി, കോളയാട്‌, പടിയൂർ–കല്യാട്‌ എന്നീ എട്ട്‌ പഞ്ചായത്തുകളും മട്ടന്നൂർ നഗരസഭയും ചേർന്നതാണ്‌ മട്ടന്നൂർ മണ്ഡലം. എല്ലായിടത്തും എൽഡിഎഫ്‌ ഭരണം. മണ്ഡലം പുനഃസംഘടനയ്‌ക്കുശേഷം 2011ലെ തെരഞ്ഞെടുപ്പിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ വിജയിച്ചു. 2016ലും ഇ പി ജയരാജൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2021ൽ ആർഎസ്‌പിയിലെ ഇല്ലിക്കൽ അഗസ്‌തിയെ തോൽപ്പിച്ച്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎയായി. 2016ൽ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. 2021ൽ ഭൂരിപക്ഷം 60,963ലേക്ക്‌ ഉയർത്തി. പത്തുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിലെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ എൽഡിഎഫിനെ വീണ്ടും റെക്കോഡ്‌ ഭൂരിപക്ഷത്തിലെത്തിക്കുമെന്ന്‌ ഉറപ്പ്‌.

ആകെ വോട്ടർമാർ– 2,00,304. പുരുഷന്മാർ– 96,686 സ്‌ത്രീകൾ– 1,03,618



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home