ad
Deshabhimani

ക്യാന്പ്‌ ഓഫീസ്‌ – ചുറ്റുമതിൽ നിർമാണത്തിന്‌ 4 കോടി സൂ സഫാരി പാർക്ക് യാഥാർഥ്യത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 30, 2026, 02:15 AM | 1 min read

തളിപ്പറമ്പ്

നാടുകാണിയിലെ നിർദിഷ്ട സൂ സഫാരി പാർക്ക് യാഥാർഥ്യത്തിലേക്ക്‌. പാർക്ക്‌ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ക്യാന്പ്‌ ഓഫീസ്‌ നിർമിക്കാനും ചുറ്റുമതിൽ കെട്ടാനുമായി നാലുകോടി രൂപയാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌ തളിപ്പറമ്പ് കൂർഗ്‌ സംസ്ഥാന പാതയോടുചേർന്ന് പ്ലാന്റേഷൻ കോർപറേഷൻ സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറിയ 252. 8 ഏക്കർ ഭൂമിക്കാണ്‌ ചുറ്റുമതിൽ കെട്ടുക. സംസ്ഥാനപാതയോട്‌ ചേർന്നുള്ള ഭാഗത്താവും ക്യാന്പ്‌ ഓഫീസ്‌ നിർമിക്കുക. കഴിഞ്ഞ ബജറ്റിൽ എം വി ഗോവിന്ദൻ എംഎൽഎ മുഖേന പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജയിംസ് വർഗീസിന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്‌ധ സമിതിയാണ്‌ വിശദപദ്ധതിരേഖ തയ്യാറാക്കുന്നത്‌. പ്രമുഖ സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണൻ, മൃഗശാലവകുപ്പ് ഡയറക്ടർ മഞ്ജുളാദേവി എന്നിവരാണ്‌ സമിതിയിലെ മറ്റംഗങ്ങൾ. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പാർക്കിന്റെ വിശദ പദ്ധതിരേഖ ഉടൻ സർക്കാരിന്‌ സമർപ്പിക്കും. ഉന്നതതല ആലോചനാ യോഗം വെള്ളിയാഴ്‌ച എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ചേരും. സൂ സഫാരി പാർക്കിലേക്ക്‌ മൃഗങ്ങളെയും വിചിത്ര ജീവികളെയും മറ്റ്‌ മൃഗശാലകളിൽനിന്നോ, കൈമാറ്റ സംവിധാനത്തിലൂടെ രാജ്യത്തെ ഇതര മൃഗശാലകളിൽനിന്നോ ആകും എത്തിക്കുക. സ്വാഭാവിക പ്രകൃതിദത്ത പശ്‌ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈരവിഹാരം നടത്താനാകും വിധമാണ്‌ പാർക്കിന്റെ രൂപകൽപന. പാർക്കിലെത്തുന്നവർക്ക്‌ കവചിത വാഹനങ്ങളിലാണ്‌ സഫാരിയൊരുക്കുക. അനുബന്ധമായി ബോട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, ചിത്രമെഴുത്ത്‌ തുടങ്ങിയവയുമുണ്ടാകും. പ്രകൃതി സംരക്ഷിച്ചുള്ള സ്വാഭാവിക വനവൽക്കരണത്തിനാകും പ്രാമുഖ്യം. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home