ഹൃദ്യം... ഇൗ ചേർത്തുനിർത്തൽ

അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷ് ബാലൻകിണറിൽ നൽകിയ സ്വീകരണത്തിൽ വോട്ടർമാർക്കിടയിൽ ഫോട്ടോ: പി ദിലീപ്കുമാർ
സുപ്രിയ സുധാകർ
Published on Mar 27, 2026, 02:30 AM | 1 min read
കണ്ണൂർ
ചുരുക്കം വാക്കുകളിൽ നാടിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് കെ വി സുമേഷ് പറയുന്പോൾ മനസിൽ തൊട്ടറിയുന്നുണ്ടായിരുന്നു അവിടെ കൂടിയവർക്കെല്ലാം. കഴിഞ്ഞ അഞ്ചുവർഷം തങ്ങളിലൊരാളായി കൂടെനിന്നയാളെന്നതിനപ്പുറം കൂടപ്പിറപ്പിനോടുള്ള സ്‌നേഹവാത്സല്യങ്ങൾ ചൊരിയാൻ അവർക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. പ്രായഭേദമന്യേയുള്ള ചേർത്തുപിടിക്കലുകളാണ് അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥിപര്യടനത്തെ ഹൃദ്യമാക്കുന്നത്. നാടിന്റെ വികസനത്തിന് നാട്ടുകാർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച കെ വി സുമേഷ് അഭിമാനത്തോടെ വീണ്ടും അഴീക്കോട് മണ്ഡലത്തിൽ വോട്ടഭ്യർഥിക്കുന്പോൾ സ്‌നേഹത്തോടെ ചുറ്റും കൂടുന്നവർ നിരവധി. അനൗൺസ്‌മെന്റ് വാഹനം കടന്നുപോകുന്ന വഴിയോരങ്ങളിൽ വിജയാശംസകൾ നേരാൻ അവർ ആവേശത്തോടെയെത്തുന്നു. അഴീക്കോട് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ പദ്ധതികളോരോന്നും അക്കമിട്ടുനിരത്തി ചുരുക്കം വാക്കുകളിൽ വോട്ടഭ്യർഥിച്ചാണ് സ്വീകരണകേന്ദ്രങ്ങളോരാന്നും പിന്നിടുന്നത്. ആദ്യദിനം പാപ്പിനിശേരി, ചിറക്കൽ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. കരിക്കൻകുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് പര്യടനം ഉദ്ഘാടനംചെയ്തത്. ടി വി രാജേഷ്, എം പ്രകാശൻ, കെ നാരായണൻ, കെ വി രമേശൻ, ചന്ദ്രൻ, ടിവി ഗംഗാധരൻ, സുനിൽ കുമാർ, കാനായി സതീശൻ തുടങ്ങിയവരുമുണ്ടായിരുന്നു. നാസിക് ബാൻഡിന്റെ ചടുലമായ താളത്തിലുള്ള മേളവും വിവിധ വർണത്തിലുള്ള മുത്തുക്കുടയും ചൂടി ഓരോ സ്വീകരണകേന്ദ്രത്തിലും കത്തുന്ന വെയിലിനെ കൂസാതെ നിരവധിപേർ ഒഴുകിയെത്തി. പൂക്കുടകൾ നൽകി കുട്ടികളും സ്‌ത്രീകളും സ്വീകരിച്ചു. പടക്കംപൊട്ടിച്ചും ബലൂണുകൾ പറത്തിയും നാടിന്റെ ഉത്സവമാക്കി സ‍്വീകരണങ്ങളെ. സംസ്ഥാനത്തെ രണ്ടാമത്തെ തുറമുഖം അഴീക്കലിൽ വരുന്നതും ചാൽ ബീച്ചിന്റെ ബ്ലൂഫ്ലാഗ് പദ്ധതിയും പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രത്തിന്റെ വികസനവും പാപ്പിനിശേരിയുടെ ഗതിവേഗം മാറ്റാനായി ഉയരുന്ന നാലു പാലങ്ങളെക്കുറിച്ചുമെല്ലാം കെ വി സുമേഷ് ജനങ്ങളുമായി സംവദിച്ചു. പുതിയകാവ്, ബപ്പിക്കാൻ തോടുമുതൽ പുതിയകുളം സാംസ്‌കാരിക നിലയത്തിന്റെ പരിസരംവരെയും പര്യടനം നടത്തി. ഉച്ചയ്‌ക്കു ശേഷം കീച്ചേരി ടൗണിൽനിന്ന് ആരംഭിച്ച പര്യടനം അലവിലിലാണ് സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നിസാർ വായിപ്പറമ്പ്, കെ ലത, കെ പി അശോകൻ, ഇ രഘുനാഥ്, നസ്റീന, എൽ വി മുഹമ്മദ്, കെ രാജേഷ്, സി പി സുകേഷ് തുടങ്ങിയവർ സംസാരിച്ചു.











0 comments