പയ്യന്നൂരിന്റെ മെറി മഷ്‌റൂം

പയ്യന്നൂർ കോളേജ് ബോട്ടണി വകുപ്പിന്റെ മെറി മഷ്‌റൂം വിളവെടുക്കുന്ന വിദ്യാർഥികൾ
കെ വി ശ്രുതി
Published on Aug 12, 2026, 02:10 AM | 1 min read
കണ്ണൂർ
പയ്യന്നൂർ കോളേജിലെ ബോട്ടണി വിദ്യാർഥികൾക്ക് കൂൺകൃഷി പഠനവിഷയം മാത്രമല്ല, പ്രായോഗിക പാഠംകൂടിയാണ്. കോളേജിൽത്തന്നെ ഫാമൊരുക്കി ജൈവകൂണുകൾ ഉൽപ്പാദിപ്പിച്ച് ‘മെറി മഷ്‌റൂം’ ബ്രാൻഡിൽ വിപണിയിലെത്തിക്കുകയാണ് ഇവർ. 2021ൽ ആരംഭിച്ച മെറി മഷ്‌റൂം കൂൺ മാത്രമല്ല മൂല്യവർധിത ഉൽപ്പന്നങ്ങളായ അച്ചാർ, ചമ്മന്തിപ്പൊടി, പായസം എന്നിവയായും വിപണിയിലെത്തിക്കുന്നുണ്ട്. കൂൺ ഉൽപ്പാദനം പഠിക്കാൻ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചപ്പോഴാണ് ബോട്ടണി വകുപ്പ് മേധാവിയായ ഡോ. പി സി ദീപമോൾക്ക് കോളേജിൽ കൂൺകൃഷിയെന്ന ആശയമുണ്ടായത്. പ്രിൻസിപ്പൽ വി എം സന്തോഷും സഹപ്രവർത്തകരും മാനേജ്‌മെന്റും വിദ്യാർഥികളും പൂർവവിദ്യാർഥികളും കൂടെ കൂടിയതോടെ കൂൺകൃഷി ആഘോഷമായി. പിലിക്കോട് കാർഷിക കോളേജിൽ ആദ്യപരിശീലനം. ആദ്യകാലത്ത് വീടുകളിൽനടത്തിയ കൃഷി 2025ൽ ക്യാന്പസിലേക്ക് മാറ്റി. ഇടവേള സമയത്താണ് വിദ്യാർഥികളുടെ പ്രവർത്തനങ്ങളെല്ലാം. സഹായിയായി ഒരു ജീവനക്കാരനുമുണ്ട്. 100 ബെഡിലായി നടത്തിയ കൃഷിയിൽ ദിവസവും 50–80 പാക്കറ്റ് വിൽപ്പനക്ക് ലഭിച്ചു. സർക്കാർ ഓഫീസുകളിലും കോടതികളിലും ജൈവോൽപ്പന്നങ്ങൾ വിൽക്കുന്ന കടയിലും സൂപ്പർ മാർക്കറ്റുകളിലും സ്‌കൂളുകളിലും കോളേജുകളിലുമൊക്കെയായിരുന്നു വിൽപ്പന. ആവശ്യക്കാരേറിയതോടെ ഉൽപ്പാദനം വർധിപ്പിക്കാൻ ക്യാന്പസിലെ പഴയ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് കെട്ടിടം ഫാമാക്കി. ഇതിൽ ഒരു റൂം ടിഷ്യൂകൾച്ചർ ലാബൊരുക്കുന്നതിനാണ്. ഇപ്പോൾ 600 ബെഡുണ്ട്. 1000 ആക്കാനാണ് ശ്രമം. റബർവുഡ്ഡിന്റെ പെല്ലറ്റ് ബ്ലോക്കുകൾ തിളച്ചവെള്ളത്തിൽ 12 മണിക്കൂറോളം കുതിർത്തിവച്ചാണ് ബെഡുകൾ ഒരുക്കുന്നത്. ഇവയിൽ പാകുന്ന കൂൺ വിത്തുകൾ 23 ദിവസത്തിൽ വിൽപ്പനയ്‌ക്ക് തയ്യാറാകും. കൂണുകളുടെ വിൽപ്പനയ്‌ക്ക് 15 പേരുള്ള മാർക്കറ്റിങ് ടീമുണ്ട്. ഇടവേളകളിലും അവധിദിവസങ്ങളിലുമാണ് വിൽപ്പന. 100 ഗ്രാമിന്റെ പാക്കറ്റിന് 60 രൂപയാണ്. 15 രൂപ വിദ്യാർഥികൾക്കാണ്. ടുവീലർ യാത്രക്കായി ഇന്ധനച്ചിലവുംനൽകും. ജൂലൈയിലാണ് ഇൗ വർഷത്തെ വിപണനം ആരംഭിച്ചത്. ഇതുവരെ 70,000 രൂപ വരുമാനം ലഭിച്ചു. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് കോളേജിൽ ഫാം സൗകര്യമൊരുക്കിയത്. ഭാവിയിൽ ഇവിടം റിസർച്ച് സെന്ററാക്കി മാറ്റുകയാണ് ലക്ഷ്യം.










0 comments