വികസനത്തിന്റെ വക്കത്ത് ചെളിയുടെ അടയാളം

മാങ്ങാട് ദേശീയപാതയോരത്ത് വീടുകൾക്ക് മുന്നിൽ ചെളിവെള്ളം നിറഞ്ഞ നിലയിൽ

സ്വന്തം ലേഖകൻ
Published on Jun 10, 2026, 02:29 AM | 1 min read
കല്യാശേരി
മഴ പെയ്യുമ്പോൾ സാധാരണക്കാർക്ക് കുളിർമയാണെങ്കിൽ, മാങ്ങാട്ട് ദേശീയപാതയോരത്ത് താമസിക്കുന്നവർക്ക് അത് കണ്ണീർക്കാഴ്ചയാവുകയാണ്. മഴവെള്ളം റോഡിലെ മണ്ണുമായി കലർന്ന് പാതയോരങ്ങളിലെ വീടുകളിലേക്ക് ഒഴുകിയെത്തുകയാണ്. ജനലുകളും വാതിലുകളും അടച്ചിട്ടാലും ചെളിവെള്ളത്തിന്റെ ദുരിതത്തിൽനിന്ന് ഇവർക്ക് രക്ഷയില്ല. നിർമാണത്തിലെ അപാകം പ്രദേശവാസികളുടെ സ്വസ്ഥതയാണ് ഇല്ലാതാക്കിയത്. മാങ്ങാട് കള്ളുഷാപ്പിന് സമീപത്തെയും എരിഞ്ഞിക്കീൽ അണ്ടർപാസിന് പടിഞ്ഞാറെ വീടുകളിലും വയലുകളിലുമാണ് ചെളിവെള്ളം കയറുന്നത്. അണ്ടർ പാസുകളിലും വെള്ളക്കെട്ടും ചെളിയും നിറഞ്ഞു. ദേശീയപാത സർവീസ് റോഡിന്റെ ഭാഗത്ത് മാങ്ങാട് എരിഞ്ഞിക്കീൽ അടിപ്പാതയ്ക്കുസമീപത്തുകൂടെ ഒരുകിലോമീറ്ററോളം ദൂരെനിന്നും ഹൈവേയിലൂടെയും ഉപ റോഡിലൂടെയും ഒഴുകിവരുന്ന വെള്ളവും ഇവിടെ കൾവർട്ടിലേക്കാണ് ഇരച്ചെത്തുന്നത്. മുൻ വർഷങ്ങളിൽ ചെറുതും വലുതുമായ ഓവുചാലുകളിലൂടെ ഒഴുകിയിരുന്ന വെള്ളം ഓവുചാലുകൾ ഇല്ലാത്തതിനാൽ കുത്തിയൊഴുകുകയാണ്. തോടുകൾ കവിഞ്ഞൊഴുകുന്നതും സമീപത്തെ വീടുകൾക്ക് ഭീഷണിയാണ്. വീട്ടുപറമ്പിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കിണറ്റിലെ വെള്ളവും മലിനമാകും. വെള്ളമൊഴുകുന്ന പാതയുടെ അരികിലുള്ള വൈദ്യുതിത്തൂണുകളും അപകടഭീഷണിയുയർത്തുന്നു. അണ്ടർ പാസിന് സമീപത്തെ കോൺക്രീറ്റ് റോഡിലും ചെളി കെട്ടികിടക്കുന്നു. കഴിഞ്ഞ വർഷം ഉൾപ്പെടെ കൃഷിയിറക്കിയ വയലുകളാണ് ചെളിനിറഞ്ഞ് ഉപയോഗശൂന്യമായത്. ആലിങ്കിൽ തറവാട്ടുവളപ്പും പച്ച ഭാസ്‌കരൻ, സി വി പത്മിനി എന്നിവരുടെ വീടും പരിസരവും വെള്ളക്കെട്ടിലാണ്. ദേശീയപാത നിർമാണം തുടങ്ങിയ നാൾതൊട്ട് തുടങ്ങിയ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. മാങ്ങാട് കണിയറ തോട്ടിലേക്ക് വെള്ളം ഒഴുകാൻ സൗകര്യമൊരുക്കിയാൽ പ്രശ്നം പരിഹരിക്കാനാകും.










0 comments