തോരാമഴയ്‌ക്കൊപ്പം കാട്ടാനയും
ഭീതിയുടെ നിഴലിൽത്തന്നെ

ആറളം
ഇരിട്ടി
നേരം വെളുക്കുവോളം കാട്ടാനകൾ പറമ്പിലും വീട്ടുമുറ്റത്തും. കാട്ടാനകളുടെ സാന്നിധ്യത്തിൽ തോരാമഴയിൽ പേടിച്ചരണ്ട് ആറളം ആദിവാസി മേഖല. ബുധൻ രാത്രിമുതൽ വ്യാഴം വെളുക്കുവോളം ബ്ലോക്ക് പത്തിലാണ് കാട്ടാനകൾ ആദിവാസി കുടുംബങ്ങളെ വിറപ്പിച്ചത്. പ്ലോട്ട് 787 നാരായണന്റെ പറമ്പിലെ തെങ്ങുകൾ ഒടിച്ച് പുലർച്ചെ അഞ്ചരയോടെ തെങ്ങിൻ കൂമ്പുകളും തിരിയോലകളും മുഴുവൻ തിന്നശേഷമാണ് ആനകൾ കൃഷിയിടംവിട്ടത്. ആനതുരത്തലുമായി വനം വകുപ്പ് വീണ്ടും ആദിവാസി പുനരധിവാസ മേഖലയിലെ ഏതാനും കാട്ടാനകളെ വ്യാഴാഴ്‌ച വനപാലകരും ആർആർടി സംഘവും ചേർന്ന് കാട്ടിലേക്ക് കയറ്റി. കൊട്ടിയൂർ റെയിഞ്ച് ഓഫീസർ നിതിൻരാജ്, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘം ആന തുരത്തലിന് നേതൃത്വംനൽകി. ബ്ലോക്ക് ഒമ്പത് എംആർഎസ് ഭാഗത്തെ വട്ടക്കാട്ടിൽ തമ്പടിച്ച രണ്ട് കൊമ്പന്മാരെ തുരത്തി. പ്രതികൂല കാലാവസ്ഥയിൽ തുരത്തൽ ആദ്യഘട്ടത്തിൽ വിഫലമായി. ദൗത്യം തുടർന്നു. ബ്ലോക്ക് പത്ത് കോട്ടപ്പാറ ജലനിധി ടാങ്കിനടുത്ത് നിലയുറപ്പിച്ച നാല് കാട്ടാനകളെ തുരത്തൽസംഘം വനത്തിലേക്ക് കയറ്റി. ഇരിട്ടി, കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആർആർടി വിഭാഗം ജീവനക്കാരും ആറളം വന്യജീവി സങ്കേതം നരിക്കടവ്, പരിപ്പുതോട് സെക്ഷൻ വനപാലകരും വ്യാഴാഴ്‌ചത്തെ ദൗത്യത്തിൽ അണിനിരന്നു.










0 comments