കായികക്കുതിപ്പിൽ കല്യാശേരി

സി പ്രകാശൻ
Published on Feb 03, 2026, 12:35 AM | 1 min read
കല്യാശേരി
ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ മുതൽക്കൂട്ട്. കായികക്ഷമതയിലൂടെ ആരോഗ്യവും സുരക്ഷിതവുമാകുമെന്ന യാഥാർഥ്യത്തെ സമൂഹത്തിനാകെ ബോധ്യപ്പെടുത്തുകയാണ് സംസ്ഥാനത്തെ കായികമേഖല. ഗുണനിലവാരമുള്ള ഗ്രൗണ്ടുകളുടെ അപര്യാപ്തയായിരുന്നു നേരത്തെയുണ്ടായിരുന്നു വെല്ലുവിളി. ഇന്ന് ചരിത്രംമാറി. ഒപ്പം കളിക്കളങ്ങളുടെ രൂപവും ഭാവവും. കായിക സ്വപ്നങ്ങളെ യാഥാർഥ്യത്തിലേക്ക് നയിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാർ സൃഷ്ടിച്ചു. ഗ്രാമീണതലങ്ങളിലുൾപ്പടെ ആധുനിക സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കുകളും യാഥാർഥ്യമായി. കാൽപ്പന്തുകളിയടക്കമുള്ള കായിക ഇനങ്ങളെ വിശാല തലങ്ങളിലേക്കെത്തിക്കാൻ വഴിയൊരുക്കിയ ഒട്ടനവധി പദ്ധതികൾ നാടാകെ തലയെടുപ്പോടെയുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് കോടി ചെലവഴിച്ച് സിന്തറ്റിക് ട്രാക്കും ഗ്യാലറി കെട്ടിടവും ഒരുക്കി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കല്യാശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ. എച്ച്‌എസ്‌എസ് ഗ്രൗണ്ടിൽ മൂന്ന് കോടി രൂപ ചെലവിലുള്ള അത്യാധുനിക മൾട്ടി പർപ്പസ് സിന്തറ്റിക് ടർഫ് കോർട്ട് പണിതു. ഇവിടെ എൻസിസി, എസ്‌പിസി, സ്കൗട്സ് വിദ്യാർഥികൾക്ക് പരേഡ് നടത്താനുള്ള സൗകര്യവുമുണ്ട് പവിലിയൻ, വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയും സജ്ജം. കുഞ്ഞിമംഗലത്തും സ്‌റ്റേഡിയം ഒരുക്കി. നെരുവമ്പ്രം ടെക്നിക്കൽ സ്കൂളിലും സ്റ്റേഡിയം ഒരുങ്ങുകയാണ്. മാടായി പാളയം ഗ്രൗണ്ട്, ചെറുകുന്ന് ബോയ്സ് ഹൈസ്കൂൾ, കടന്നപ്പള്ളി പാണപ്പുഴയിലെ പറവൂർ, പട്ടുവം, മാട്ടൂൽ, ഇരിണാവ്, കടന്നപ്പള്ളി പടിഞ്ഞാറെക്കര, തുമ്പോട്ട, എന്നിവിടങ്ങളിലൊക്കെ കായിക മികവിലേക്ക് നയിക്കാൻ കളിക്കളങ്ങളുണ്ട്. 19 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. മാട്ടൂൽ, കടന്നപ്പള്ളി പാണപ്പുഴയിലെ ആലക്കാട്, കല്യാശേരി, ചെറുതാഴം രാമപുരം എന്നിവിടങ്ങളിൽ ഓപ്പൺ ജിംനേഷ്യവും ഒരുക്കും. ഗ്രാമീണ മേഖലയിലെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളങ്ങൾ നിർമിക്കുന്ന പദ്ധതി അക്ഷരാർഥത്തിൽ കല്യാശേരി മണ്ഡലം ഏറ്റെടുത്തു. ഗ്രാമീണ കായികതാരങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനും കായികക്ഷമത വർധിപ്പിക്കാനും സാധിക്കുന്നതിനാൽ പദ്ധതി ഏറെ സ്വീകാര്യതനേടിയെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു










0 comments