കോടിയേരി സ്വർണക്കപ്പ് ഫുട്‌ബോളിന് ആവേശത്തുടക്കം

കോടിയേരി സ്വർണക്കപ്പ് ഫുട്ബോൾ എരഞ്ഞോളി കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്റ്റേഡിയത്തിൽ ഐ എം വിജയൻ പന്തുതട്ടി ഉദ്ഘാടനം ചെയ്യുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ സമീപം
തലശേരി
കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക സ്വർണക്കപ്പിനുള്ള രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്റിന് എരഞ്ഞോളിയിൽ ആവേശകരമായ തുടക്കം. ഫുട്‌ബോൾ താരം ഐ എം വിജയൻ പന്തുതട്ടി ഉദ്ഘാടനം ചെയ്‌തതോടെയാണ് മൂന്നാഴ്‌ച നീളുന്ന ടൂർണമെന്റ് തുടങ്ങിയത്. വടക്കൻ കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ കണ്ണും മനസും ഇനി കുണ്ടാഞ്ചേരി കുഞ്ഞിരാമൻ സ്‌മാരക സ്‌റ്റേഡിയത്തിലേക്ക്. ഉദ്‌ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ, റബ്കോ ചെയർമാൻ കാരായി രാജൻ എന്നിവർ പങ്കെടുത്തു. സ്വർണക്കപ്പ് ഐ എം വിജയന് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കൈമാറി. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എം സുമേഷ്, കെ എ ഹമീദ് എന്നിവർ പതാക ഉയർത്തി. ഉദ്ഘാടകന് എ കെ രമ്യ ഉപഹാരം നൽകി. വിപിൻ പറമ്പൻ സ്വാഗതവും എം പി നിഷിമ നന്ദിയും പറഞ്ഞു. എരഞ്ഞോളി സ്പോർട്സ് അക്കാദമിയുടെ നേത്വത്തിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സിനിമാ താരം അനശ്വര പൊന്നമ്പത്തിന്റെ നൃത്തത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. എണ്ണായിരം പേർക്കിരിക്കാവുന്ന ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. 22 വരെ നീളുന്ന ടൂർണമെന്റിൽ വിദേശ കളിക്കാരടക്കമുള്ള 20 ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് സ്വർണക്കപ്പിനൊപ്പം ഒരുലക്ഷം രൂപ ക്യാഷ് പ്രൈസും റണ്ണേഴ്‌സിന് കുണ്ടാഞ്ചേരി കുഞ്ഞിരാമൻമാസ്റ്റർ സ്‌മാരക ട്രോഫിയും അരലക്ഷം രൂപയും സമ്മാനിക്കും. സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്‌എഫ്‌എ) അംഗീകാരത്തോടെയുള്ള സംസ്ഥാനത്തെ പ്രധാന ടൂർണമെന്റുകളിലൊന്നാണിത്. ദിവസവും രാത്രി 7 ന് മത്സരം ആരംഭിക്കും.










0 comments