ad
Deshabhimani

വഴി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2025, 03:00 AM | 1 min read

കണ്ണൂർ

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിന് പിറകുവശം വഴി കൈയേറി കെകെ ബിൽഡേഴ്സ് നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായി. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ ഒരുമാസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് ഉറപ്പുനൽകിയത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെകെ ബിൽഡേഴ്സിന്റെ കൈയേറ്റമുണ്ടായത്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവായിരുന്നു. എന്നാൽ, കോർപ്പറേഷൻ അധികൃതർ ഇതുവരെ പൊളിച്ചുനീക്കിയില്ല. കെട്ടിടമുള്ളതിനാൽ വർഷങ്ങളായി പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. പ്രദേശത്തെ 50 കുടുംബങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി ജില്ലാ ആശുപത്രി, അഞ്ചുകണ്ടി ഭാഗങ്ങളിലേക്ക് പോകേണ്ടവരും സഞ്ചാരയോഗ്യമല്ലാത്ത പട്ടാളത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തൂടെയാണ് യാത്ര ചെയ്യുന്നത്. കെട്ടിടത്തിന്റെ ഇരുഭാഗങ്ങളിലും കോൺക്രീറ്റ് സ്ലാബ് പണിത് ഈ വഴി സഞ്ചാരയോഗ്യമാക്കിയിരുന്നു. വഴി ഉണ്ടെങ്കിലും കെട്ടിടം മധ്യത്തിലുള്ളതിനാൽ ആളുകൾക്ക് ഇതിലൂടെ കടന്നുപോകാനാകുന്നില്ല. കോർപ്പറേഷൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ചൊവ്വാഴ്ച പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചത്. നഗ്നമായ കൈയേറ്റമാണിവിടെ ഉണ്ടായതെന്നും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു. സ്ഥലത്തെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് നാട്ടുകാരുമായി സംസാരിച്ചു. തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പനുമായും ചർച്ച നടത്തി. ഒരുമാസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുനീക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ടി വി രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഏരിയാ കമ്മിറ്റി അം​ഗം ഒ കെ വിനീഷ്, കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ വി ദിനേശൻ എന്നിവരും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home