ad
Deshabhimani

ചക്കഫാമുമായി കതിരൂർ ബാങ്ക്‌

ചക്കക്കും ഇനി നല്ലകാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി ദിനേശൻ

Published on Feb 23, 2026, 02:30 AM | 2 min read

തലശേരി

മൂല്യവർധിത ഉൽപന്നങ്ങളായി തീൻമേശയിലെത്തിക്കാൻ ചക്ക ഫാമുമായി കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌. ‘കതിർ അരി’ പോലെ കതിരൂർ ബ്രാൻഡിലുള്ള ചക്ക ഉൽപന്നങ്ങളും വൈകാതെ വിപണിയിലെത്തും. കുണ്ടൂർ മലയുടെ താഴ്‌വാരത്തിൽ രണ്ട്‌ ഏക്കർ നാൽപത്‌ സെന്റ്‌ സ്ഥലത്ത്‌ ആരംഭിക്കുന്ന ചക്ക ഫാം 26ന്‌ പകൽ നാലിന്‌ സഹകരണ രജിസ്‌ട്രാർ ഡോ. ഡി സജിത്ത്‌ ബാബു ഉദ്‌ഘാടനം ചെയ്യും. വിയറ്റ്‌നാം സൂപ്പർ ഏർളി, കന്പോഡിയൻ ഓറഞ്ച്‌ ജാക്ക്‌, തേൻവരിക്ക എന്നീ ഇനങ്ങളുടെ 400 തൈകളാണ്‌ ഒരേക്കർ ഇരുപത്‌ സെന്റ്‌ സ്ഥലത്ത്‌ ആദ്യഘട്ടത്തിൽ നടുന്നത്‌. സഹകരണ വകുപ്പിന്റെകൂടി പിന്തുണയോടെയാണ്‌ ചക്ക കൃഷിയിലേക്ക്‌ കതിരൂർ ബാങ്ക്‌ ചുവടുവയ്‌ക്കുന്നത്‌. ഹോർട്ടികൾച്ചർ ഹബ് എന്ന സർക്കാർ കാഴ്‌ചപ്പാടിന്റെകൂടി ഭാഗമായാണ്‌ ഫാം തുടങ്ങുന്നത്‌. ഫാമിൽനിന്നും നാട്ടുകാരിൽനിന്നും ശേഖരിക്കുന്ന ചക്ക സൂക്ഷിക്കാൻ പ്രത്യേക കോൾഡ്‌ സ്‌റ്റോറേജും ബാങ്ക്‌ സജ്ജമാക്കും. വേനലെന്നോ മഴയെന്നോ ഭേദമില്ലാതെ ഏത്‌ സമയത്തും ചക്ക ആവശ്യക്കാർക്ക്‌ എത്തിക്കാൻ ഇതിലൂടെ സാധിക്കും. ചക്ക കേക്കും ചക്ക ഐസ്‌ക്രീമും ഉൾപ്പെടെ 21 ഉൽപന്നങ്ങൾ ചക്ക ഉപയോഗിച്ച്‌ നിർമിക്കാനാവും. ​വിദേശവിപണിയിലേക്കും പറന്പിലും വഴിവയ്‌ക്കിലും വീണ്‌ നശിക്കുന്ന ചക്കക്കും നല്ലകാലം വരികയാണ്‌. നാടൻചക്കകളും ഇനി കതിരൂർ ബാങ്ക്‌ സംഭരിക്കും. ചക്കയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ വിദേശവിപണി സാധ്യത തേടിയതായി കതിരൂർ ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ പറഞ്ഞു. ബാങ്ക്‌ ഡയറക്ടർ അനീഷ്‌കുമാർ, പി രാമചന്ദ്രൻ (കൺവീനർ) എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ്‌ ചക്ക ഫാമിന്‌ മേൽനോട്ടം വഹിക്കുക. അതിമധുരം നിറഞ്ഞ ചക്കപ്പഴം വൈകാതെ ഉപഭോക്താക്കളെ തേടിയെത്തും. ചക്കകട്‌ലറ്റ്‌, ചക്ക പായസം, ചക്ക അട, ചക്ക ഉപ്പേരി, ചക്ക വരട്ടിയത്‌ തുടങ്ങിയവ കതിരൂർ ബാങ്ക്‌ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്‌. ചക്കപ്പുഴുക്കും കഞ്ഞിയും സ്ഥിരമായി ലഭിക്കുന്ന ഹബ്ബായി വൈകാതെ കതിരൂർ ബാങ്ക്‌ പരിസരം മാറും. ​സൂപ്പർ ഫ്രൂട്ട്‌ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സന്പുഷ്‌ടമാണ്‌ ചക്ക. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും രക്തസമ്മർദം നിയന്ത്രിക്കാനും ചക്ക സഹായിക്കും. കീടനാശിനി പ്രയോഗമില്ലാത്ത അപൂർവ ഫലവർഗങ്ങളിലൊന്നാണ്‌ ചക്ക. സംസ്ഥാനത്ത്‌ പ്രതിവർഷം 32 കോടി ചക്ക ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും 30 ശതമാനവും നശിക്കുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home