6 കുഞ്ഞുങ്ങളുമായി തെരുവിലാണ് അന്തിയുറക്കം

പയ്യന്നൂരിലെ തെരുവോരത്ത് കുഞ്ഞിനെ കളിപ്പിക്കുന്ന പഞ്ചമി

പ്രകാശൻ പയ്യന്നൂർ
Published on Jul 31, 2026, 02:00 AM | 1 min read
പയ്യന്നൂർ
ആറ് കുഞ്ഞുങ്ങളുമായി തെരുവിൽ അന്തിയുറങ്ങുന്നൊരു കുടുംബമുണ്ട് പയ്യന്നൂർ നഗരത്തിൽ. കോരിച്ചൊരിയുന്ന മഴയിലും ഉഷ്‌ണം തിളയ്‌ക്കുന്ന രാത്രികളിലും പുതിയ ബസ് സ്റ്റാൻഡിന് സമീപം കുട്ടികളുടെ പാർക്കിനടുത്ത് കടവരാന്തയിൽ തന്പടിച്ച നാടോടി കുടുംബത്തെ കാണാം. സർക്കാർ സംവിധാനങ്ങളുടെ ഒൗദ്യോഗിക രേഖകളിലൊന്നും ഇവരുടെ പേരുകാണില്ല. റേഷൻ കാർഡിലും വോട്ടർ പട്ടികയിലുമൊന്നും ഇടംപിടിക്കാനാവാതെ പോയതാണ് ഇൗ കുടുംബം. ചാവക്കാട് സ്വദേശി ദൊരൈയും ഒറ്റപ്പാലത്തെ പഞ്ചമിയും ഉപജീവനത്തിനായി പയ്യന്നൂരിലെത്തിയിട്ട് എട്ടുവർഷമായി. ആക്രി പെറുക്കിയാണ് ഉപജീവനം. സ്വന്തമായി വീടില്ലാത്തതിനാൽ കടത്തിണ്ണകളിലും പാതയോരങ്ങളിലുമാണ് കുടുംബത്തോടൊപ്പമുള്ള അന്തിയുറക്കം. അഞ്ച് മക്കളാണ് ഇവർക്ക്. അനിയത്തി മരിച്ചതോടെ അവരുടെ മകളെയും ഏറ്റെടുത്തതോടെ കുഞ്ഞുങ്ങൾ ആറായി. അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മനസമാധാനത്തോടെ ഉറങ്ങിയിട്ട് വർഷങ്ങളായെന്ന് ദൊരൈ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവർക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആറുവയസ്സുള്ള മകളെ ഒരാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുഞ്ഞിനെ രക്ഷിച്ചത്. നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ മൂത്ത രണ്ട് പെൺമക്കളെ തലശേരിയിലും മറ്റ് രണ്ടുപേരെ പുഞ്ചക്കാട്ടും ഉള്ള ഹോസ്റ്റലുകളിൽ താമസിപ്പിച്ച് പഠിപ്പിക്കുകയാണിവർ. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾ മാത്രമാണ് ഇപ്പോൾ ഒപ്പമുള്ളത്. ഇരുവരും സമീപത്തെ അങ്കണവാടിയിൽ ചേർന്നിട്ടുണ്ട്. രാവും പകലും കഠിനാധ്വാനം ചെയ്തിട്ടും സുരക്ഷിതമായ കൂരയൊരുക്കാൻ ഇവർക്കായിട്ടില്ല. കുടുംബത്തെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് നഗരസഭാ ചെയർമാൻ സരിൻ ശശി പറഞ്ഞു.










0 comments