ഇൗ കത്ത് ഞങ്ങൾക്ക് ‘മുഖ്യം’

ലക്ഷ്‌മിനന്ദ മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തുമായി
സ്വന്തംലേഖിക
Published on Mar 26, 2026, 02:24 AM | 1 min read
കണ്ണൂർ
‘‘ശരിക്കും ഹാപ്പി...! കേരളത്തിന്റെ മുഖ്യമന്ത്രി ഞങ്ങടെ എംഎൽഎയാണെന്ന് പറയുന്നതുതന്നെ അഭിമാനമാണ്. പിന്നെ എന്റെ പേരിൽ അദ്ദേഹം എഴുതിയ കത്ത് കിട്ടിയാൽ പറയണോ....’’–മുഖ്യമന്ത്രിയുടെ കത്ത് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ലക്ഷ്‌മിനന്ദ. പിണറായി ഡോക്ടർമുക്ക് ചിത്തിരയിൽ ലക്ഷ്‌മിനന്ദയ്‌ക്ക് മാത്രമല്ല, ധർമടം മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് കിട്ടിയിട്ടുണ്ട്. ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ അദ്ദേഹം വോട്ടഭ്യർഥിച്ചാണ് വോട്ടർമാർക്ക് കത്ത് എഴുതിയത്. ‘‘പ്രിയപ്പെട്ട ലക്ഷ്‌മിനന്ദ വി.... എന്ന് തുടങ്ങുന്ന കത്ത് പലതവണ വായിച്ചു. സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ലോകം മൊത്തം ആദരിക്കുന്ന ഭരണാധികാരിയാണ് അദ്ദേഹം. 10 വർഷംകൊണ്ട് കേരളത്തിനുണ്ടായ മാറ്റം എല്ലാവർക്കുമറിയാം. അദ്ദേഹം ജയിക്കും. കേരളത്തെ വീണ്ടും നയിക്കും ’’– ലക്ഷ്‌മിനന്ദ പറഞ്ഞു. എല്ലാ വോട്ടർമാർക്കും സ്വന്തം പേരിൽ സ്ഥാനാർഥിയുടെ കത്ത് കിട്ടുന്നുവെന്ന അപൂർവതയാണ് ധർമടം മണ്ഡലത്തിലെ പ്രചാരണത്തിന്റെ സവിശേഷത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിന് നന്ദി പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. മണ്ഡലത്തിലെ വികസനവും ഭാവി പരിപാടികളെക്കുറിച്ചും കത്തിലുണ്ട്. വോട്ടറുടെ പേര് വിളിച്ചുതുടങ്ങുന്ന കത്തിന്റെ അവസാനം വോട്ടറുടെ പേരും വീട്ടുനന്പറും വോട്ടർപട്ടികയിലെ നന്പറും ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കത്ത് വോട്ടർമാരിലെത്തിക്കാൻ ആവേശപൂർവം ഇറങ്ങിയിരിക്കുകയാണ് മണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകർ.









0 comments