ഇനി മത്സ്യവിത്ത് കിട്ടും നമ്മുടെ നാട്ടിലും

സി പ്രകാശൻ
Published on Feb 02, 2026, 03:00 AM | 1 min read
മാട്ടൂൽ
കടലിലെ മത്സ്യസമ്പത്ത് അതിവേഗം കുറഞ്ഞുവരുന്നത് സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഉപജീവനത്തിനും വലിയ ഭീഷണിയാകുന്ന സാഹചര്യത്തെ മറികടക്കാനുള്ള സാധ്യതയാണ് പുതിയങ്ങാടി കടപ്പുറത്ത് തെളിയുന്നത്. കല്ലുമ്മക്കായയുടെയും കുഞ്ഞുമത്സ്യങ്ങളുടെ നാശവും മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇൗ സാഹചര്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാനത്തെ ആദ്യ കല്ലുമ്മക്കായ -കടൽ മത്സ്യ വിത്തുൽപാദന ഹാച്ചറി പുതിയങ്ങാടിയിൽ ഒരുക്കിയത്. സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പടെയുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കല്ലുമ്മക്കായ, കടല്‍മത്സ്യ വിത്തുല്‍പാദനത്തിന് വഴിയൊരുക്കിയ പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ മത്സ്യസമ്പത്തിൽ ഗണ്യമായ വർധനയുണ്ടാക്കാൻ കഴിയും. പ്രതിവര്‍ഷം 50 ലക്ഷം കടല്‍മത്സ്യക്കുഞ്ഞുങ്ങളെയും 50 ലക്ഷം കല്ലുമ്മക്കായ വിത്തും ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കല്ലുമ്മക്കായ വിത്തുല്‍പ്പാദനത്തിനാവശ്യമായ മോഡുലാര്‍ ഹാച്ചറി സൗകര്യങ്ങളും, കടല്‍മത്സ്യങ്ങളുടെ വിത്തുല്‍പ്പാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, ആല്‍ഗല്‍ കള്‍ച്ചര്‍ യൂണിറ്റ്, പൊരുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിനും വിത്തുല്‍പ്പാദനത്തിനും ആവശ്യമായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ലാര്‍വല്‍ റയറിങ് ടാങ്കുകള്‍, ലബോറട്ടറി സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ ചെലവിലാണ് മത്സ്യവിത്തുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നത്. വിത്തുല്‍പാദനത്തിനും റെയറിങ്ങിനുമായി 1208.6 ചതുരശ്ര മീറ്ററില്‍ ഹാച്ചറി കെട്ടിടം, 133 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ് സംവിധാനം, 30 ടണ്‍ കപ്പാസിറ്റിയുള്ള എഫ്ആര്‍പി ടാങ്ക്, മത്സ്യ വിത്തുല്‍പാദനകേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബ്ലോവറുകള്‍, ഓസണേറ്റര്‍, റാപ്പിഡ് സാന്റ് ഫില്‍ട്ടറുകള്‍, സ്ലോ സാന്റ് ഫില്‍ട്ടറുകള്‍ എന്നിവയുണ്ട്. കല്ലുമ്മക്കായ കൃഷി കൂടുതലുള്ള മലബാര്‍ മേഖലയില്‍ ഹാച്ചറി ആരംഭിക്കുന്നതോടെ ഈ രംഗത്ത് വലിയ മുന്നേറ്റമാകും ഗുണമേന്മയുള്ള മത്സ്യവിത്ത് ലഭ്യമാകുന്നില്ലെന്ന മത്സ്യക്കര്‍ഷകരുടെ പ്രധാന പ്രശ്‌നത്തിനും ഇതോടെ പരിഹാരമാകും. മത്സ്യവിത്തിന്റെ ഏറിയ പങ്കും ഇതരസംസ്ഥാനങ്ങളില്‍നിന്നോ അല്ലെങ്കില്‍ ജലാശയങ്ങളില്‍നിന്ന് നേരിട്ടോ ആണ് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. കേന്ദ്രം ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു.










0 comments