ad
Deshabhimani

മാഹിയിൽ ആർഎസ്‌എസ്‌ സദാചാര ഗുണ്ടായിസം

സഹോദരങ്ങൾക്ക് ക്രൂരമർദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2025, 02:00 AM | 1 min read

മയ്യഴി

ഇ‍ൗസ്‌റ്റ്‌ പള്ളൂരിൽ സദാചാര ഗുണ്ടകളുടെ മർദനത്തിനിരയായതായി സഹോദരങ്ങളുടെ പരാതി. തിങ്കൾ രാത്രി ഒമ്പതരയോടെ പള്ളൂർ മണൽ കുന്നുമ്മൽ സർവീസ് റോഡിന് സമീപത്താണ് സംഭവം. സംസാരിച്ചു നിൽക്കുകയായിരുന്ന സഹോദരങ്ങളെ ആർഎസ്എസ്സുകാരന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ​കൊയിലാണ്ടി എടക്കുളം സ്വദേശിനി തൂവയിൽ സി ധന്യയും ആച്ചുകുളങ്ങര രാഹുൽ നിവാസിൽ ടി തീർത്ഥയും പള്ളൂർ പൊലീസിൽ പരാതി നൽകി. രണ്ട്‌ ദിവസം സ്‌റ്റേഷനിൽ കയറി ഇറങ്ങിയിട്ടും പരാതി സ്വീകരിച്ചുള്ള രശീത്‌ നൽകിയില്ല. പരാതി പിൻവലിപ്പിക്കാനും കേസ്‌ ഒത്തുതീർക്കാനും പൊലീസ്‌ ഇടപെട്ടതായുള്ള വിവരവും പുറത്തുവന്നു. ധന്യയും അമ്മയുടെ സഹോദരന്റെ മകൻ ആച്ചുകുളങ്ങര രാഹുൽ നിവാസിൽ ടി രാഹുലും സംസാരിച്ചു നിൽക്കുമ്പോൾ കണ്ടാലറിയുന്ന ആറുപേർ ചേർന്ന് തടഞ്ഞുവച്ചതായും കാട്ടിലെ പുഷ്പൻ മർദിച്ചതായും പരാതിയിൽ പറയുന്നു. ​മർദനം ചോദ്യംചെയ്ത ഇളയ സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. 'എന്തായിവിടെ' എന്ന് ആക്രോശിച്ച്‌ പുഷ്പൻ ആദ്യം രാഹുലിനെ അടിച്ചു. അനിയനാണെന്നുപറഞ്ഞ് തടയാൻ ശ്രമിച്ചപ്പോൾ ധന്യയെയും ഇയാൾ ക്രൂരമായി മർദിച്ചു. ഇതിനിടെ രാഹുലിന്റെ ഇളയ സഹോദരി തീർത്ഥ ഓട്ടോയിൽ സ്ഥലത്തെത്തി മർദനം ചോദ്യംചെയ്തതോടെ അവർക്കുനേരെയും ആക്രമണമുണ്ടായി. മർദനമേറ്റ സഹോദരങ്ങൾ ഓട്ടോയിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ഓട്ടോ എടുക്കാൻ വിടാതെ ഭീഷണി തുടർന്നു. റോഡില‍ൂടെപോയ വാഹനങ്ങൾ നിർത്തി ആളുകൾ കാര്യമന്വേഷിച്ചപ്പോൾ അക്രമികൾ അവരെയും വിരട്ടിവിട്ടു. വിവരമറിഞ്ഞ്‌ പള്ളൂർ പൊലീസ് സ്ഥലത്തെത്തിയാണ്‌ സഹോദരങ്ങളെ പള്ളൂർ ഗവ. ആശുപത്രിയിൽ എത്തിച്ചത്‌. ചികിത്സ നൽകിയശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കണ്ടാലറിയുന്ന ആറുപേർക്കെതിരെയാണ് ധന്യയും തീർത്ഥയും പരാതി നൽകിയത്. എന്നാൽ സംഭവം നടന്ന് രണ്ടുദിവസമായിട്ടും കേസെടുത്തിട്ടില്ലെന്ന് സഹോദരങ്ങൾ പറയുന്നു. ഇ‍ൗസ്‌റ്റ്‌പള്ളൂരിലെ ആർഎസ്‌എസ്‌ നേതാവും മാമൻ വാസു വധക്കേസ്‌ പ്രതിയുമാണ്‌ മർദനത്തിന്‌ നേതൃത്വം നൽകിയ കാട്ടിൽ പുഷ്‌പൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home