ad
Deshabhimani

വീണ്ടും തെരുവുനായ വിളയാട്ടം

അഴീക്കോട് ചാലിൽനിന്ന്   കൈക്ക് തെരുവുനായയുടെ കടിയേറ്റ സിബിയും താലൂക്ക്  ഓഫീസ് പരിസരത്തുനിന്ന് കടിയേറ്റ രാജുവും ആറളത്ത് വളർത്തുനായയുടെ  കടിയേറ്റ  ജോബിയും  ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി ക്യൂ നിൽക്കുന്നു
വെബ് ഡെസ്ക്

Published on Aug 20, 2025, 03:00 AM | 1 min read

കണ്ണൂര്‍

നഗരത്തില്‍ 
13 പേരെ കടിച്ചുകീറി സ്വന്തം ലേഖകന്‍ കണ്ണൂര്‍ കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായയുടെ വിളയാട്ടം. ചൊവ്വാഴ്ച കണ്ണൂര്‍ സബ് ജയില്‍ പരിസരം, കാല്‍ടെക്സ് എന്നിവിടങ്ങളില്‍നിന്നായി 13 പേരെ തെരുവുനായ കടിച്ചുകീറി. താവക്കരയില നിസാര്‍, സുഹൈല്‍, കണ്ണപുരത്തെ പ്രതാപ്, വാരം സ്വദേശി ലത്തീഫ്, മലപ്പുറത്തെ മോഹനന്‍, ബ്ലാത്തൂരിലെ പത്മനാഭന്‍, മാതമംഗലത്തെ സുഹൈല്‍, പാപ്പിനിശേരി സ്വദേശി ഗോപിക, എടച്ചേരി സ്വദേശികളായ പ്രീത, സുധ എന്നിവരടക്കം 14 പേര്‍ക്കാണ് കടിയേറ്റത്. കൂടുതല്‍പേര്‍ക്കും കാലിനാണ് കടിയേറ്റത്. 12.30 മുതല്‍ പകല്‍ രണ്ടുവരെയുള്ള സമയങ്ങളിലാണ് നായയുടെ പരാക്രമം ഉണ്ടായത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പയ്യാമ്പലത്തുവച്ച് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരുമാസം മുമ്പ്‌ സേലം സ്വദേശിയായ ഹരിത്ത് എന്ന വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് പേവിഷബാധ സ്ഥിരീകരിച്ച കുട്ടി കണ്ണൂര്‍‌ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അന്ന് കൊച്ചുകുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ കോര്‍പറേഷന്‍ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പല ഭാഗങ്ങളില്‍നിന്ന് നിരവധിപേരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. എന്നിട്ടും തെരുവുനായ ശല്യത്തിന് അറുതിവരുത്താന്‍ കോര്‍പ്പറേഷന്‍ ഇടപെടല്‍ നടത്താതെ മുഖംതിരിച്ച് നില്‍ക്കുകയാണ്. ജൂണ്‍ 18, 19 തീയതികളില്‍ കണ്ണൂര്‍ പുതിയ ബസ്‌സ്റ്റാന്‍ഡ് എസ്‌ബിഐ പരിസരം, പ്രഭാത് ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്നായി നാൽപതോളം പേര്‍ക്കും മെയ് രണ്ട്, മൂന്നിന്‌ ചാലാട്, പള്ളിക്കുന്ന് ഭാഗങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെട 13 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആഗസ്ത് ഒന്നിന് കൊറ്റാളി ഹെല്‍ത്ത് സെന്റര്‍ പരിസരത്തുനിന്ന് അഞ്ചുപേര്‍ക്കും കടിയേറ്റു. തെരുവുനായ ശല്യം തുടര്‍ക്കഥയാകുമ്പോഴും കോര്‍പ്പറേഷന്‍ തെരുവുനായകളെ പിടികൂടാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home