കൂത്തുപറന്പ് ചുവന്നുതന്നെ

കൂത്തുപറന്പ്
പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളുംകൊണ്ട് ചുവന്ന കൂത്തുപറന്പിന്റെ മണ്ണും മനസും ഇടതുപക്ഷത്താണെന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ജനവിധി. വയനാട് ചുരമിറങ്ങിയെത്തിയ യുഡിഎഫ് സ്ഥാനാർഥിക്ക് കൂത്തുപറന്പ് ജനത വോട്ടെടുപ്പിലൂടെ ശക്തമായ മറുപടി നൽകി. അട്ടിമറി ജയമെന്ന യുഡിഎഫിന്റെ അതിമോഹത്തിനാണ് പ്രബുദ്ധരായ വോട്ടർമാർ തിരിച്ചടി നൽകിയത്. ആർജെഡിയിലെ പി കെ പ്രവീൺ 1286 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൂത്തുപറന്പിൽ വിജയക്കൊടി പാറിച്ചത്. മുസ്ലിംലീഗിലെ ജയന്തിരാജനെയാണ് തോൽപ്പിച്ചത്. കൂത്തുപറന്പ്, പാനൂർ നഗരസഭകളും കോട്ടയം, പാട്യം, മൊകേരി, കുന്നോത്ത്‌പറന്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളും ഉൾപ്പെട്ട മണ്ഡലത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് എൽഡിഎഫ് വിജയം ആവർത്തിച്ചത്. 2021ൽ കെ പി മോഹനൻ 9541 വോട്ടിനാണ് മുസ്ലിംലീഗിലെ പൊട്ടൻകണ്ടി അബ്ദുള്ളയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10,788 വോട്ടിന് യുഡിഎഫ് ലീഡ് നേടിയ മണ്ഡലത്തിലാണ് എൽഡിഎഫിന്റെ അഭിമാനകരമായ തിരിച്ചുവരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടും വർധിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറന്പ് മണ്ഡലത്തിൽ എൽഡിഎഫിന് 61,705 വോട്ടായിരുന്നു. യുഡിഎഫിന് 72,493 വോട്ടും ബിജെപിക്ക് 20,881 വോട്ടും. നിയമസഭയിൽ എൽഡിഎഫ് വോട്ട് 70,448 ആയി വർധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8743 വോട്ടിന്റെ വർധന. യുഡിഎഫിന് 69,162 വോട്ടായി കുറഞ്ഞു.
ആർജെഡിയുടെ ഏക സീറ്റ് കൂത്തുപറന്പിൽ
കൂത്തുപറന്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) വിജയക്കൊടി പാറിച്ചത് കൂത്തുപറന്പിൽ. കൂത്തുപറന്പ്, പാനൂർ നഗരസഭകളും കോട്ടയം, പാട്യം, മൊകേരി, കുന്നോത്തുപറന്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം. എൽഡിഎഫ് 70,448 വോട്ടും യുഡിഎഫ് 69,162 വോട്ടും നേടി. ബിജെപിയിലെ അഡ്വ. ഷിജിലാലിന് 22,195 വോട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ലീഡ് മറികടന്ന് കൂടുതൽ വോട്ടോടെയാണ് എൽഡിഎഫ് മണ്ഡലം പിടിച്ചത്. മുൻമന്ത്രി പി ആർ കുറുപ്പിന്റെ ചെറുമകനായ പി കെ പ്രവീൺ രാഷ്‌ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഗീതാഞ്ജലി പ്രവീൺ. മകൾ: അനഘ പ്രവീൺ (കംപ്യൂട്ടർ എൻജിനിയർ ബംഗളൂരു).
ഒത്തൊരുമയുടെ വിജയം: പി കെ പ്രവീൺ
പാനൂർ മണ്ഡലം സാക്ഷ്യംവഹിച്ച വികസന മുന്നേറ്റത്തിന്റെയും എൽഡിഎ-ഫ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളുടെയും ഫലമാണ് കൂത്തുപറമ്പിലുണ്ടായ വിജയമെന്ന് പി കെ പ്രവീൺ പറഞ്ഞു. മണ്ഡലത്തിൽ തിളക്കമാർന്ന വിജയം നേടാൻ സഹായിച്ച വോട്ടർമാരെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. നാടിന്റെ വികസനത്തിനും പുരോഗതിക്കും വരുംനാളുകളിൽ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുതരുന്നു.










0 comments